2012-06-21 19:48:26

സഭകള്‍ സ്നേഹമാകുന്ന
ദൈവത്തിന്‍റെ പ്രതീകങ്ങള്‍


21 ജൂണ്‍ 2012, വത്തക്കാന്‍
ക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന അവാച്യമായ സ്നേഹത്തിന്‍റെ പ്രതീകമായി സഭാ സമൂഹങ്ങള്‍ ജീവിക്കണമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യ സഭകളുടെ സഹായത്തിനുള്ള സംഘടന roaco-യുടെ ഭാരവാഹികളുമായി ജൂണ്‍ 21-ാം തിയതി രാവിലെ വത്തിക്കാനിലെ ക്ലമെന്‍റൈന്‍ ഹാളില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
സഭയുടെ യഥാര്‍ത്ഥമായ രൂപവും ലക്ഷൃവും ചെറിയ സഭാ സമൂഹങ്ങള്‍ ജനമദ്ധ്യേ ജീവിച്ചുകൊണ്ടാണ്, സ്നേഹമാകുന്ന ദൈവത്തെ ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതെന്ന് ROACO-യുടെ പ്രതിനിധികളെ പാപ്പ ഉദ്ബോധിപ്പിച്ചു. സെപ്റ്റംമ്പറില്‍ ആസന്നമാകുന്ന തന്‍റെ ലെബനോണ്‍ സന്ദര്‍ശന വേളയില്‍, സുവിശേഷവത്ക്കരണത്തിന് നവമായ പ്രത്യാശ നല്കുന്ന മദ്ധ്യപൂര്‍വ്വ ദേശത്തെ മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ പ്രമാണരേഖകള്‍ പ്രകാശനം ചെയ്യുമെന്ന്, പൗരസ്ത്യ സഭകളുടെ പ്രതിനിധികളോട് പാപ്പാ പ്രസ്താവിച്ചു. പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലെയൊനാര്‍ഡോ സാന്ദ്രിയുടെ നേതൃത്വത്തിലാണ് roaco-യുടെ ഭാരവാഹികള്‍ പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.









All the contents on this site are copyrighted ©.