2012-06-21 09:42:34

നൈജീരിയയുടെ സമാധാനത്തിന്
പാപ്പായുടെ അഭ്യര്‍ത്ഥന


20 ജൂണ്‍ 2012, വത്തിക്കാന്‍
നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ വളരെ വേദനയോടെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. നൈജീരിയായില്‍ ക്രൈസ്തവ
സമൂഹങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ മരണമടഞ്ഞവര്‍ക്കും മുറിപ്പെട്ടവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നതൊടൊപ്പം, നിര്‍ദ്ദോഷികളുടെ രക്തച്ചൊരിച്ചിലില്‍നിന്നും എത്രയും വേഗം അധിക്രമികള്‍ പിന്‍വാങ്ങണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. വിദ്വേഷത്തിന്‍റെ പാത വെടിഞ്ഞ് അനുരഞ്ജിതമായ സമൂഹത്തിലൂടെ സമാധാനം വളര്‍ത്താനും, അവരവരുടെ വിശ്വാസം ജീവിക്കാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള സമൂഹം വളര്‍ത്തിയെടുക്കാന്‍ സഹകരിക്കണമെന്നും പാപ്പ എല്ലാ വിഭാഗക്കാരോടും അഭ്യര്‍ത്ഥിച്ചു.

വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ ലിഖിതങ്ങളെ ആധാരമാക്കിയുള്ള പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍, എഫേസിയര്‍ക്കെഴുതിയ ലേഖനത്തിന്‍റെ ആദ്യ ഭാഗത്തുള്ള സ്തുതിപ്പിന്‍റെയും കൃതജ്ഞതയുടെയും പ്രാര്‍ത്ഥനയാണ് തുടന്ന് പാപ്പ തന്‍റെ പ്രതിവാര കൂടിക്കാഴ്ച പ്രഭാഷണത്തില്‍ ചിന്താ വിഷയമാക്കിയത്. ‘തന്‍റെ അഭീഷ്ടമനുസരിച്ച് നമ്മുടെ രക്ഷയ്ക്കായ് ക്രിസ്തുവില്‍ ദൈവം ഒരുക്കിയ നിത്യമായ പദ്ധതിയുടെ രഹസ്യങ്ങള്‍ നമുക്കു വെളിപ്പെടുത്തിത്തന്ന’ പിതാവായ ദൈവത്തെ അപ്പസ്തോലന്‍ പ്രകീര്‍ത്തിക്കുന്നു (എഫേ. 1, 9).

തന്‍റെ മുന്‍പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്ക്കളങ്കരുമായിരിക്കാന്‍ ലോകസ്ഥാപനത്തിനു മുമ്പുതന്നെ, നമ്മെ ക്രിസ്തുവില്‍ അവിടുത്തെ മക്കളും മഹത്തായ പൈതൃകത്തിന്‍റെ അവകാശികളുമായി തിരഞ്ഞെടുത്തിരിക്കുന്നു (എഫേ. 1, 4) എന്നാണ് പൗലോസ് അപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കുരിശില്‍ ചിന്തിയ തിരുരക്തത്താല്‍ കരുണാര്‍ദ്രമായ അവിടുത്തെ സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുത്തുകയും നമ്മുടെ പാപങ്ങല്‍ ക്ഷമിക്കുകയും, നമ്മെ അനുരജ്ഞനപ്പെടുത്തുകയും തന്നിലേയ്ക്കു നമ്മെ അടുപ്പിക്കുകയും ചെയ്തു. മാത്രമല്ല കാലത്തിന്‍റെ തികവില്‍ അവിടുന്നു വാഗ്ദാനംചെയ്ത അന്തിമരക്ഷയുടെ മുദ്ര നമ്മില്‍ പതിപ്പിക്കുകയും, ആ രക്ഷയുടെ ഉറപ്പു നമുക്കു നല്കുകയും ചെയ്തു. ഇന്ന് സഭയിലും നമ്മുടെ ജീവിതത്തിലും ചുരുളഴിയുന്ന രക്ഷാകരപദ്ധതി കാണുന്നതിനും മനസ്സിലാക്കുന്നതിനും പൗലോശ്ലീഹായുടെ ഈ പ്രാര്‍ത്ഥന നമ്മെ ക്ഷണിക്കുകയാണ്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ക്രിസ്തുവില്‍ നമുക്കു ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പിന്‍റെ രഹസ്യത്തെ അംഗീകരിക്കുകയും, അതിന് ദൈവത്തിനു നന്ദിപറയുകയും ചെയ്യാം. നമ്മുടെ ഹൃദയങ്ങളും ജീവിതങ്ങളും രൂപാന്തരപ്പെടുത്താന്‍ കരുത്തുള്ള പരിശുദ്ധ ത്രിത്വത്തിന്‍റെ സന്നിധാനത്തില്‍
ഈ പ്രാര്‍ത്ഥന നമുക്കു സമര്‍പ്പിക്കാം. ഇരുകരങ്ങളുമുയര്‍ത്തി ജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് വേദിയില്‍നിന്നും പാപ്പാ പിന്‍വാങ്ങുമ്പോഴും ജനങ്ങള്‍ ആഹ്ലാദത്തോടെ ആര്‍ത്തിരമ്പി അനുഗ്രഹാശ്ശിസ്സുകള്‍ക്കായി കാത്തുനിന്നു.









All the contents on this site are copyrighted ©.