2012-06-18 20:45:37

മനുഷ്യന്‍റെ വേദനയൊപ്പിയ
യോഗീവര്യന്‍ പാദ്രേ പിയോ


18 ജൂണ്‍ 2012, റോം
പാപത്തിന്‍റെ നുകം തകര്‍ത്ത് ലഘുവും മാധുരവുമായ മറ്റൊരു നുകം നല്കുവാന്‍ ക്രിസ്തുവിനു കഴിയുമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.
ജൂണ്‍ 16-ാം തിയതി റോമിലെ സാന്‍ ജൊവാന്നിയില്‍ വിശുദ്ധ പാദ്രേ പിയോയുടെ നാമകരണത്തിന്‍റെ 10-ാം വാര്‍ഷിക ദിനത്തില്‍ ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. “ക്രിസ്തുവിന്‍റെ കുരിശ്ശിലല്ലാതെ എനിക്ക് മേന്മ ഭവിക്കില്ല,” (ഗലാത്തി. 6, 14) എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് തന്‍റെ ജീവിത കുരിശുകളെല്ലാം സ്നേഹപൂര്‍വ്വം ഉള്‍ക്കൊള്ളുകയും, അവയെല്ലാം വിശുദ്ധിയുടെ ചക്രവാളത്തില്‍ സമര്‍പ്പിക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ ‘പഞ്ചക്ഷത ധാരി’യായിരുന്നു ഫ്രാന്‍സിസ്ക്കന്‍ സന്യാസിയായിരുന്ന പാദ്രെ പിയോ എന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തൊണെ ഉദ്ബോധിപ്പിച്ചു.

അനുദിന ജീവിതത്തില്‍ മനുഷ്യന്‍റെ വേദനയൊപ്പാന്‍ ക്രിസ്തു സ്നേഹവുമായി ഇറങ്ങിയ ഈ യോഗീവര്യന്‍‍, 1887-ല്‍ തെക്കെ ഇറ്റലിയിലെ പിയെത്രിക്ലീനായില്‍ ജനിച്ചു. 1968-ല്‍ റോമിലെ സെഞ്ചൊവാന്നിയില്‍ അന്തരിച്ച പാദ്രെ പിയോയെ 2002-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.









All the contents on this site are copyrighted ©.