2012-06-18 20:06:36

ദൈവത്തിന്‍റെ കൃപയാണ്
മനുഷ്യന്‍റെ അദ്ധ്വാനത്തെ വിജയമണിയിക്കുന്നത്


18 ജൂണ്‍ 2012, വത്തിക്കാന്‍
ക്രിസ്തു പറഞ്ഞ രണ്ട് ഉപമകളാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിക്കുന്നത്. ഒന്ന്, ആരും അറിയാതെ മുളപൊട്ടുന്ന വിത്തിന്‍റെ ഉപമയും, രണ്ടാമത്തേത്, കടുകു മണിയുടെ ഉപമയും (മാര്‍ക്ക് 4, 26-34). പ്രകൃതിയും വിത്തും-വിതയുമായും ബന്ധപ്പെട്ട, മനുഷ്യജീവിതത്തിന്‍റെ മേഖലയിലേയ്ക്കു കടന്നുകൊണ്ടാണ് ക്രിസ്തു ദൈവവചനത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും രഹസ്യങ്ങള്‍ പഠിപ്പിച്ചതെന്നും, അങ്ങനെ ക്ലേശിക്കുന്ന ജനതയ്ക്ക് പ്രത്യാശയുടേയും ജീവിത സമര്‍പ്പണത്തിന്‍റേയും വഴികള്‍ ക്രിസ്തു തുറന്നു കൊടുത്തു, എന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്.

വിത്ത് വളരുന്ന പ്രക്രിയയെ വിവരിക്കുന്നതാണ് ആദ്യത്തെ ഉപമ. കൃഷിക്കാരന്‍ ഉറങ്ങിയാലും ഉണര്‍ന്നാലും ഭൂമിയില്‍ വീണ വിത്ത്, അയാല്‍ അറിയാതെ തന്നെ വളര്‍ന്നു വലുതാകുന്നു.
തന്‍റെ അദ്ധ്വാനം പാഴാവില്ല എന്ന ഉറപ്പിലാണ് എപ്പോഴും കര്‍ഷകന്‍ വിത്തു പാകുന്നത്. തന്‍റെ അനുദിന അദ്ധ്വാനത്തില്‍ വിത്തിന്‍റെ ഗുണത്തിലും മണ്ണിന്‍റെ മേന്മയിലും കൃഷിക്കാരന് ഉറച്ച വിശ്വാസമാണ്.
ഈ ഭൂമിയില്‍ എന്നും ഫലദായകമാകുന്ന ദൈവത്തിന്‍റെ സൃഷ്ടിയുടേയും രക്ഷയുടെയും നിഗൂഢമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ക്രിസ്തുവിന്‍റെ ഈ ഉപമകള്‍. ദൈവം സ്രഷ്ടാവാണെങ്കില്‍, പ്രപഞ്ച രഹസ്യങ്ങളെ ധ്യാനിക്കുകയും ദൈവത്തിന്‍റെ സൃഷ്ടിയുടെ മനോഹാരിത ആസ്വദിക്കുകയും, ഭൂമിയുടെ ഫലഭൂയിഷ്ടിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ എളിയ സഹകാരി ആയിരിക്കണം മനുഷ്യന്‍.

സുവിശേഷം വിവരിക്കുന്ന കൊയ്ത്തുകാലം അന്തിമവിധിയെ സൂചിപ്പിക്കുന്നു. ദൈവരാജ്യത്തില്‍ യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന യുഗാന്ത്യത്തിലുള്ള ദൈവത്തിന്‍റെ ഇടപെടലായിരിക്കും അത്. മനുഷ്യന്‍ വിതയ്ക്കുന്നു, എന്നാല്‍ അത് വളരുന്നതും ഫലമണിയുന്നതുമെല്ലാം ദൈവത്തിന്‍റെ പ്രവൃത്തി മൂലമാണ്.
മനുഷ്യന്‍ തന്‍റെ കഴിവിനൊത്ത് പരിശ്രമിക്കേണ്ടതാണ്. എന്നാല്‍ അവസാനം ദൈവത്തിന്‍റെ കൈയ്യിലാണ് വിളവ്, എന്ന തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്, പ്രത്യേകിച്ച് കഷ്ടപ്പാടിന്‍റെ നാളുകളില്‍....
യഥാര്‍ത്ഥത്തില്‍ എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഞാനും ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കേണ്ടവനാണ്, ജീവിക്കേണ്ടവളാണ് എന്നു ചിന്തിച്ച് മനുഷ്യന്‍ കഠിനാദ്ധ്വാനം ചെയ്യണം, എന്നാണ് വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള പഠിപ്പിച്ചിട്ടുള്ളത്.

രണ്ടാമതായി ഉപമയിലെ വിത്തിന്‍റെ വിശദാംശങ്ങളിലേയ്ക്ക് നമുക്കൊന്നു കടന്നു നോക്കാം.. ഉപമയിലെ വിത്ത്, കൃത്യമായും വളരെ ചെറിയ കടുകുമണിയാണ്. ചെറുതെങ്കിലും മണ്ണില്‍നിന്നും പൊട്ടിമുളച്ച്, ഭൂമിയിലെ ജലവും ആകാശത്തുനിന്ന് സൂര്യപ്രകാശവും ആഗിരണംചെയ്ത് അത് വളര്‍ന്ന്, “എല്ലാ ചെടിക്ളെയുംകാള്‍ വലുതാവുകയും വലിയ ശാഖകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു,” (മാര്‍ക്ക് 4, 43). വിത്തിന്‍റെ ലാളിത്യത്തില്‍നിന്നും മെല്ലെ പൊട്ടിമുളയ്ക്കുന്ന ഓജസ്സും കരുത്തും ദൃശ്യമാകുന്നത്. ദൈവരാജ്യത്തിന്‍റെ യഥാര്‍ത്ഥ്യവും ഇങ്ങനെ തന്നെയാണ്. മാനുഷികമായി വളരെ ലോലമെന്നും ആത്മനാ ദരിദ്രമെന്നും, സ്വന്തമായി ആത്മവിശ്വാസമില്ലാത്തതും വളരെ നിസ്സാരവുമെന്ന് ലോകം കരുതുന്നതുമെല്ലാം, ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നതിനാല്‍ അവ ജീവിതത്തിലൂടനീളം മെല്ലെ ക്രിസ്തുവിന്‍റെ കരുത്ത് ആര്‍ജ്ജിക്കുകയും ഫലപ്രാപ്തി നേടുകുയുംചെയ്യുന്നു.

വിത്തിന്‍റെ ഉപമ ക്രിസ്തുവിന് ഏറ്റവും പ്രിയങ്കരമായിരുന്നു, കാരണം അത് ദൈവരാജ്യത്തിന്‍റെ പ്രതിരൂപമാണ്. ഇന്നത്തെ രണ്ട് ഉപമകളിലൂടെയും ക്രിസ്തു പറയുന്ന ഒളിഞ്ഞു കിടക്കുന്ന കരുത്തിന്‍റെയും, പരസ്പര വിരുദ്ധമെന്നു തോന്നുന്ന ലാളിത്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശവും വളരെ ശ്രദ്ധേയമാണ്. വിത്തിന്‍റെ കാമ്പില്‍നിന്നും മുളപൊട്ടി വലുതാകുന്ന അതിന്‍റെ ആന്തരികശക്തി ഒന്നില്‍ പ്രകടമാകുമ്പോള്‍, മറ്റൊന്നില്‍‍ വിത്തിന്‍റെ നിസ്സാരതയില്‍നിന്നും പൊട്ടിവളുന്ന വലുപ്പവും ഫലസമൃദ്ധിയും കാണുന്നു. സന്ദേശം വളരെ വ്യക്തമാണ്. ദൈവരാജ്യം മനുഷ്യന്‍റെ സഹകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മനുഷ്യനെയും അവന്‍റെ അദ്ധ്വാനത്തെയും വിജയമണിയിക്കുന്നത് ദൈവത്തിന്‍റെ ദാനവും കൃപയുമാണ്. ലോകത്തിന്‍റെ മുന്നില്‍ നമ്മുടെ കഴിവുകള്‍ നിസ്സാരമെങ്കിലും, ഭയപ്പെടാതെ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു നീങ്ങിയാല്‍, പ്രതിസന്ധികളെ മറികടന്ന് നമുക്ക് കര്‍ത്താവില്‍ വിജയം വരിക്കാനാവും. വിത്ത് മുളപൊട്ടി ചെടി വളര്‍ന്നു വലുതായി ഭൂമിയില്‍ ഫലമണിയുന്നത് ദൈവസ്നേഹത്തിന്‍റെ അത്ഭുതമാണ്, അത്ഭുതദൃശ്യമാണ്. അനുദിനം നാം അനുഭവിക്കുന്ന യാതനകളുടെയും വേദനകളുടെയും പ്രതിസന്ധികളുടെയും മദ്ധ്യത്തിലും, ദൈവസ്നേഹത്തിന്‍റെ ദൃശ്യാത്ഭുതം നമുക്ക് പ്രത്യാശയും ശുഭപ്രതീക്ഷയും നല്കിക്കൊണ്ട് ഈ ഭൂമിയില്‍ തുടരുകയാണ്. ലോലമായ വിത്ത് മുളപൊട്ടി വളരുന്നതുപോലെ ദൈവസ്നേഹം നമ്മില്‍ വളര്‍ന്ന് എന്നും ഫലമണിയട്ടെ. ദൈവവചനത്തിന്‍റെ നല്ല നിലമായ പരിശുദ്ധ കന്യകാമറിയം
നമ്മെ വിശ്വാസത്തിലും പ്രത്യാശയിലും ബലപ്പെടുത്തട്ടെ.
Extract from the Angelus Message of His Holiness Pope Benedict XVI on 17th June 2012








All the contents on this site are copyrighted ©.