2012-06-14 16:35:13

സഭാ സമൂഹത്തിന്‍റെ ജീവനാഡിയാണ്
ദിവ്യകാരുണ്യമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ


14 ജൂണ്‍ 2012, വത്തിക്കാന്‍
ദിവ്യകാരുണ്യത്തിന് ജീവിതത്തിലുള്ള പ്രാധാന്യവും കേന്ദ്രസ്ഥാനവും വിളിച്ചോതുന്ന മഹാസംഗമമാണ് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സെന്ന്, ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു.
ദിവ്യകാരുണ്യം, ക്രിസ്തുവും സഹോദരങ്ങളുമായുമുള്ള കൂട്ടായ്മ, എന്ന മുഖ്യപ്രേമയവുമായി അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെക്കുറിച്ച്, ജൂണ്‍ 13-ന് ബുധനാഴ്ച, തന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണമദ്ധ്യേയാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമുള്ള മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അല്‍മായ പ്രതിനിധികളുടെയും പങ്കാളിത്തംകൊണ്ട് ആഗോള സഭയുടെ സാന്നിദ്ധ്യം വിളിച്ചോതുന്ന മഹല്‍ സംഭവമാണിതെന്നും, സഭാജീവന്‍റെ ജീവനാഡിയും ഹൃദയസ്പന്ദനവുമാണ് പരിശുദ്ധ ദിവ്യകാരുണ്യമെന്നും പാപ്പ വിശേഷിപ്പിച്ചു. അയര്‍ലണ്ടിലെ സഭയോടും ആഗോള സഭയോടും ആത്മീയമായി ഒന്നുചേര്‍ന്ന്, ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാനിലെത്തിയ തീര്‍ത്ഥാടകരോട് പാപ്പ അഭ്യര്‍ത്ഥിച്ചു.

കുരിശിലെ സ്നേഹയാഗത്തിലൂടെ ക്രിസ്തു പിതാവിന് സ്വയം സമര്‍പ്പിച്ചു. അതുവഴി അവിടുന്ന് കുര്‍ബ്ബാനയുടെ കൂദാശയില്‍ അള്‍ത്താരയിലെ ആത്മീയ ഭോജ്യമാവുകയും, ഏവരെയും തന്നിലേയ്ക്ക് അടുപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ ക്രിസ്തുവുമായും സഹോദരങ്ങളുമായും നാം ഒന്നായിത്തീരുന്നു, എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.