2012-06-14 16:46:30

അനുരജ്ഞനം തേടുന്ന
അയര്‍ലണ്ട്


14 ജൂണ്‍ 2012, ഡബ്ളിന്‍
ലൈംഗീക സുരക്ഷയും ക്രിസ്തു സ്നേഹത്തിന്‍റേതായ അന്തരീക്ഷവും സഭാ ജീവിതത്തില്‍
എവിടെയും സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുമെന്ന്, ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ സംബന്ധിക്കുന്ന ബനഡിക്ട് 16-ാമന്‍ പാപ്പയുടെ പ്രതിനിധി, കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലേ പ്രസ്താവിച്ചു.
അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടക്കുന്ന 50-ാം ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ നാലാം ദിവസം
ജൂണ്‍ 13-ാം തിയതി, സഭാ ശുശ്രൂഷകരുടെ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പം
അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ക്വേല്ലെ. വൈദികരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള അപമാനകരുവും നിന്ദ്യവുമായ വീഴ്ചയില്‍ സഭ വേദനിക്കുന്നുവെന്നും, പ്രത്യാശ കൈവെടിയാതെ അനീതിക്കും അന്യായപീഡനങ്ങള്‍ക്കും വിധേയനായ ക്രിസ്തുവിനെ ഓര്‍ത്ത് ക്ഷമിക്കുകയും സഭാ കൂട്ടായ്മയില്‍ ജീവിക്കുകയും വേണമെന്ന് കര്‍ദ്ദിനാള്‍ ക്വേല്ലെ, പീഡനങ്ങള്‍ക്ക് ഇരയായവരോട് പാപ്പായുടെ പേരില്‍ അഭ്യര്‍ത്ഥിച്ചു.

ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടുകളുടെയും നൂറിലധികംപേരടങ്ങുന്ന സംഘം ലോ-ഡേര്‍ഗിലുള്ള വിശുദ്ധ പാട്രിക്കിന്‍റെ തീര്‍ത്ഥാടകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലും ചര്‍ച്ചയിലും പങ്കെടുത്തുവെന്ന്, വത്തിക്കാന്‍ റേഡിയോ വക്താവ് എമര്‍ മക്കാര്‍ത്തി അറിയിച്ചു. അയര്‍ലണ്ടിലെ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജോണ്‍ ബ്രൗണ്‍, ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ അവിടെ എന്നിവരും സന്നിഹിതരായിരുന്നു.








All the contents on this site are copyrighted ©.