2012-06-13 17:58:30

ആത്മീയ ചൈതന്യത്തിന്‍റെ ആസ്വാദനവും
ബലഹീനതയുടെ ആന്തരിക സംഘര്‍ഷവും
പ്രാര്‍ത്ഥനയുടെ ഭാഗമെന്ന് പാപ്പ


13 ജൂണ്‍ 2012, വത്തിക്കാന്‍
പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍, വിശുദ്ധ പൗലോശ്ലീഹാ തന്‍റെ ലേഖനങ്ങളില്‍ പങ്കുവയ്ക്കുന്ന അതീന്ദ്രിയ പ്രാര്‍ത്ഥനയെക്കുറിച്ചാണ് (Mystic Prayer) ബനഡിക്ട് 15-ാമന്‍ പാപ്പ പങ്കുവയ്ക്കുന്ന ചിന്തകള്‍.
തന്‍റെ പ്രേഷിതപ്രവൃത്തിയുടെ ആധികാരികതയും നിയമസാധുത്വവും എപ്പോഴും എവിടെയും സമര്‍ത്ഥിക്കുന്ന പൗലോസ് അപ്പസ്തോലന്‍, ക്രിസ്തുവുമായുള്ള തന്‍റെ ആഴമായ ബന്ധവും പ്രാര്‍ത്ഥനയിലുള്ള അടുപ്പവും എപ്പോഴും വിവരിക്കുകയും, അത് നല്ക്കുന്ന ആത്മീയ നിര്‍വൃതിയും ദര്‍ശനങ്ങളും വെളിപാടുകളും തന്‍റെ ലേഖനങ്ങളില്‍ ബോധ്യത്തോടെ ഏറ്റുപറയുകയും ചെയ്യുന്നുണ്ട്.
(2 കൊറി. 12, 1). എന്നാല്‍ തന്‍റെ കഴിവുകളില്‍ അഹങ്കരിക്കാതിരിക്കാന്‍ തനിക്ക് കര്‍ത്താവ് അയച്ച പരീക്ഷണത്തെക്കുറിച്ചും അപ്പസ്തോലന്‍ അതില്‍ പ്രതിപാദിക്കുന്നുണ്ട്. “വെളിപാടുകളുടെ ആധിക്യത്താല്‍ താന്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു,” എന്നാണ് ശ്ലീഹായുടെതന്നെ വാക്കുകള്‍ വിവരിക്കുന്നത് (2 കൊറി. 12, 7).
കര്‍ത്താവിന്‍റെ കൃപയും ശക്തിയും തന്നില്‍ നിവസിക്കേണ്ടതിന് എന്നോണം അപ്പസ്തോലന്‍
തന്‍റെ കഴിവുകള്‍ പോലെതന്നെ ബലഹീതകളും ഏറ്റുപറയുന്നു. “അതുകൊണ്ട് ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ആയിരുന്നാലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ്. എന്തെന്നാല്‍ ബലഹീനന്‍ ആയിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്,” എന്നാണ് പ്രേഷിതന്‍റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് (2കൊറി. 12, 10).

നമ്മുടെതന്നെ കഴിവുകളിലൂടെയല്ല, മറിച്ച് ദൈവകൃപയുടെ കരുത്തിനാല്‍ മാത്രം തിളങ്ങുന്ന
നമ്മുടെ ലോലമായ മണ്‍പാത്രങ്ങളാകുന്ന ജീവിതങ്ങളിലൂടെയാണ് ദൈവരാജ്യം ഈ ലോകത്ത് സ്ഥാപിതമാകുന്നതെന്ന് തന്‍റെ അതീന്ദ്രീയ പ്രാര്‍ത്ഥനയിലൂടെ അല്ലെങ്കില്‍ യോഗാത്മക പ്രാര്‍ത്ഥനയിലൂടെ പൗലോസ് അപ്പോസ്തലന് നല്ല ബോധ്യമുണ്ടായിരുന്നു. വീണ്ടും അദ്ദേഹം ഇങ്ങനെ എഴുതുന്നു,
“എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്നോര്‍ത്ത് എന്തിന് നീ അഹങ്കരിക്കുന്നു” (2കൊറി. 4,7).
അങ്ങനെ അതീന്ദ്രിയ പ്രാര്‍ത്ഥന mystic prayer അന്തരാത്മാവിന് ഉണര്‍വ്വേകുന്നതും, ഒപ്പം അതിനെ ആകുലപ്പെടുത്തുന്നതും ആണെന്ന് നമുക്കു മനസ്സിലാക്കാം. കാരണം അതീന്ദ്രിയ പ്രാര്‍ത്ഥനയില്‍
നാം ദൈവത്തിന്‍റെ ആന്തരീക ചൈതന്യത്തിന്‍റെ മനോഹാരിത ആസ്വദിക്കുന്നതു പോലെതന്നെ, നമ്മുടെ മാനുഷിക ബലഹീനതയുടെ താഴ്മയും ഗ്രഹിക്കുവാനും സാധിക്കുന്നു. ആത്മീയ ചൈതന്യത്തിന്‍റെ ആസ്വാദനത്തോടൊപ്പം മാനുഷിക ബലഹനതയുടെ ആന്തരിക സംഘര്‍ഷത്തിന്‍റെ പിരിമുറുക്കവും മനസ്സില്‍ ഉണരുമ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ക്ലേശകരവും വിരസവുമായി അനുഭവപ്പെടുന്നു. എന്നാല്‍ അപ്പസ്തോലന്‍ പറയുന്നു - പ്രാര്‍ത്ഥന വിരസമായാലും ക്ലേശകരമായാലും, അതില്‍ സ്ഥിരതയുള്ളവരായിരിക്കണമെന്ന്. ആകയാല്‍ നാം നിരന്തരമായി പ്രാര്‍ത്ഥിക്കാന്‍ പരിശ്രമിക്കണം. കാരണം പ്രാര്‍ത്ഥിക്കുവാനുള്ള ആത്മാര്‍ത്ഥമായ കഠിന പരിശ്രമിത്തിലാണ്, നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹത്തിന്‍റെ കരുത്തും ഉള്‍ക്കാഴ്ചയും ലഭിക്കുന്നത്.

Extract from the discourse of the Holy Father given on 13th June 2012 at the General Audience in Paul VI Hall in Vatican









All the contents on this site are copyrighted ©.