2012-06-12 17:32:12

പെന്തക്കുസ്താ മഹോത്സവം
പാപ്പായുടെ ചിന്തകള്‍


ആഗോള സഭയുടെ ജന്മദിനമാണ് പെന്തക്കുസ്താ മഹോത്സവം. സഭയെ രൂപപ്പെടുത്തുകയും അതിന് പ്രവര്‍ത്തന ലക്ഷൃം നല്കുകയും ചെയ്ത മഹാസംഭവമാണ് പെന്തക്കുസ്താ. അന്നാളില്‍ പരിശുദ്ധാത്മാവില്‍നിന്നും സഭ സ്വീകരിച്ച രൂപവും ദൗത്യവും കാലികമാണ്. അത് എക്കാലത്തും പ്രസക്തിയുള്ളതുമാണ്. ആരാധനക്രമത്തിലെ അടയാളങ്ങളിലൂടെ ഇന്നും അവ വെളിപ്പെത്തപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുകയാണ്. പെന്തക്കുസ്താ സംഭവത്തിന്‍റെ സുപ്രധാനവും ജീവിതബന്ധിയും പ്രസക്തവുമായ ചില ആശയങ്ങള്‍ ഏവരുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മാനവാക്യൈത്തിന്‍റെയും പരസ്പര ധാരണയുടെയും പങ്കുവയ്ക്കലിന്‍റെയും ഉത്സവമാണ് പെന്തക്കോസ്താ. ആശയ വിനിമയത്തിന്‍റെയും വിവര സാങ്കേതികതയുടെയും യാത്രാ സൗകര്യങ്ങളുടെയും അനന്തമായ സാധ്യതകളാല്‍ ലോകം ഒരാഗോള ഗ്രാമമായി മാറുമ്പോഴും ജനങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള പങ്കുവയ്ക്കലും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതിനു പകരം, അവ ഏറെ വികലവും ക്ലേശകരവുമായിരിക്കുകയാണ്. തുടരെ തുടരെ സംഘട്ടനങ്ങളിലേയ്ക്കു നയിക്കുന്ന വിവിധ മേഖലകളിലുള്ള അസന്തുലിതാവസ്ഥയും, തലമുറകള്‍ തമ്മിലുള്ള സംവേദനം ക്ലേശകരമാക്കുന്ന കാഴ്ചപ്പാടിന്‍റെ വൈവിധ്യങ്ങളും ഇന്ന് നിലവിലുണ്ട്. ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ കൂടുതല്‍ അക്രമസ്വഭാവവും പ്രതിയോഗ മനഃസ്ഥിതിയും വളര്‍ന്നു വരുന്ന ചുറ്റുപാടാണ് കാണുന്നത്.
പരസ്പരം മനസ്സിലാക്കാനാവാതെ വ്യക്തികള്‍ അവരവരുടെ കോട്ടകള്‍കെട്ടി ജീവിക്കുന്ന വ്യവസ്ഥിതിയാണ് പ്രബലപ്പെട്ടുവരുന്നത്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥമായ ഐക്യം നാം എങ്ങനെ ആര്‍ജ്ജിക്കും അനുഭവിക്കും?

പഴയ ഉടമ്പടിയിലെ ശ്രദ്ധേയവും ഏറ്റവും അവസാന ഭാഗത്തുള്ളതുമായ ബാബേല്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്, അപ്പസ്തോല നടപടി (2, 1-11) പുസ്തകത്തില്‍ നാം വായിക്കുന്ന പെന്തക്കൂസ്താ സംഭവം അരങ്ങേറുന്നത്. പണവും പ്രതാപവും വര്‍ദ്ധിച്ചിട്ട് ഇനി തങ്ങള്‍ക്ക് ദൈവത്തെ ആവശ്യമില്ല എന്നു ചിന്തിച്ചു ജീവിച്ച സംസ്കാരത്തിന്‍റെ കഥയാണത്. തങ്ങളില്‍നിന്ന് വളരെ അകലെയായിരിക്കുന്ന ദൈവത്തെ ആവശ്യമില്ല എന്നു ചിന്തിച്ച ഒരു സമ്രാജ്യത്തിന്‍റെ കഥയാണ് ബാബേല്‍. കരബലംകൊണ്ട് വലിയഗോപുരം നിര്‍മ്മിച്ച് ദേവലോകത്തിന്‍റെ കവാടങ്ങള്‍ തട്ടിത്തുറക്കാമെന്നും, തങ്ങള്‍ക്ക് ദൈവത്തോടൊപ്പം എത്തിച്ചേരാനാകും അവര്‍ വ്യാമോഹിച്ചു. ആ ഘട്ടത്തിലാണ് വളരെ വിചിത്രവും അപ്രതീക്ഷിതവുമായവ സംഭവിക്കുന്നത്. ദേവലോകത്തേയ്ക്കുള്ള ഗോപുരം നിര്‍മ്മിക്കവെ അവര്‍ക്കു മനസ്സിലായി, തങ്ങള്‍ പരസ്പരം ഭിന്നിക്കുകയും കലഹിക്കുകയുമാണെന്ന്. ദൈവത്തെപ്പോലെ ആകാന്‍ ശ്രമിച്ചവര്‍ക്ക് അടിസ്ഥാനപരമായ മനുഷ്യസ്വഭാവംതന്നെ നഷ്ടപ്പെട്ടെന്നും അവര്‍ക്കു മനസ്സിലായി. പരസ്പരം അംഗീകരിക്കുവാനും മനസ്സിലാക്കുവാനും ഒരുമിച്ചു പ്രവര്‍ത്തിക്കുവാനുമുള്ള കഴിവാണ് അവര്‍ക്കു നഷ്ടമായത്.

മനുഷ്യചരിത്രത്തില്‍ ഈ ബൈബിള്‍ക്കഥ ഇന്നും എക്കാലത്തും ഒരു സനാതന സത്യം വെളിപ്പെടുത്തി തരുന്നുണ്ട്. പ്രകൃതി ശക്തികളെ കീഴ്പ്പെടുത്തുന്നതിനും എന്തും കണ്ടുപിടിച്ച് നിര്‍മ്മിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള കഴിവ് ശാസ്ത്ര പുരോഗതിവഴി മനുഷ്യനു ലഭിക്കുന്നുണ്ട്.
ക്ലോണിങ്ങ് പോലുള്ള ശാസ്ത്രീയ ജൈവ പ്രതിഭാസങ്ങളിലൂടെ മനുഷ്യസൃഷ്ടി നടത്തുവാന്‍പോലും ശാസ്ത്രലോകം വെമ്പല്‍കൊണ്ടു നില്ക്കുകയാണ്. ഈ പ്രതിസന്ധിയില്‍ ഈശ്വരനാമം വിളിക്കുന്നതും ദൈവത്തില്‍ ആശ്രയിക്കുന്നതും കാലഹരണപ്പെട്ട കാര്യവും പഴഞ്ചന്‍ ആചാരവുമായി മാറ്റപ്പെടുകയാണ്. അങ്ങനെ മനുഷ്യന്‍ നവമായൊരു ബാബേല്‍ ഗോപുരം നിര്‍മ്മിക്കുവാന്‍ ഇന്നും പരിശ്രമിക്കുകയാണ്. ആശയവിനിമയത്തിന്‍റേയും വിവര സാങ്കേതികതയുടേയും കുത്തൊഴുക്കില്‍ വാര്‍ത്തകള്‍ കൈമാറുന്നതിനുമുള്ള വിപുലമായ സാദ്ധ്യതകള്‍ വളരുമ്പോള്‍ മനുഷ്യര്‍ക്ക് പരസ്പരം മനസ്സിലാക്കാനുള്ള അവരുടെ കഴിവുകള്‍ നഷ്ടപ്പെടുന്നു എന്നത് വിരോധാഭാസമാണ്. ഇന്ന് മനുഷ്യന്‍ പസ്പരം ഭയന്നാണ് ജീവിക്കുന്നത്. അവിശ്വസ്തതയുടെയും സംശയങ്ങളുടെയും ഭീതിയുടെയും മാനാസീകാവസ്ഥയിലാണ് മനുഷ്യര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ഇനി ലോകത്ത് യഥാര്‍ത്ഥമായ ഐക്യവും കൂട്ടായ്മയും പുലരുമോ എന്നത് വലിയ ചോദ്യമായി ഉയര്‍ന്നു നില്ക്കുകയാണ്.

തിരുവെഴുത്തുകള്‍ നല്കുന്ന പ്രതിവിധിയിലേയ്ക്ക് എത്തി നോക്കാം. നവഹൃദയവും ദര്‍ശനവും നല്കിക്കൊണ്ട് മാനവഹൃദയങ്ങളില്‍ സംവേദനത്തിനുള്ള നൂതന ശ്രേണി തുറക്കുന്ന ദൈവാരൂപിയുടെ ദാനങ്ങളിലൂടെ മാത്രമേ ലോകത്ത് കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇതാണ് പ്രഥമ പെന്തക്കുസ്താ ദിനത്തില്‍ സംഭവിച്ചത്. ക്രിസ്തുവിന്‍റെ ഉത്ഥാനാനന്തരം 50-ാം നാളിലെ പ്രഭാതത്തില്‍ ശക്തമായൊരു കാറ്റ് ജരൂസലേമിലെങ്ങും ആഞ്ഞുവീശി. പരിശുദ്ധാത്മാവിന്‍റെ ദിവ്യാഗ്നി അപ്പോള്‍ അപ്പസ്തോലന്മാരുടെമേല്‍ ആവസിച്ചു. ഓരോരുത്തരുടേയും ശിരസ്സിനു മുകളില്‍ ഇറങ്ങിനിന്ന തീനാവ് അവരില്‍ ദിവ്യാഗ്നിയായി കത്തിജ്ജ്വലിച്ചു. അത് സകലത്തെയും രൂപാന്തരപ്പെടുത്തുന്ന സ്നേഹത്തിന്‍റെ ജ്വാലയായി മാറി. അതോടെ അപ്പസ്തോലന്മാരുടെ ഭീതി അകന്നു. അവരുടെ ഹൃദയങ്ങള്‍ നവശക്തിയാല്‍ നിറഞ്ഞു. അവരുടെ നാവുകളുടെ കുരുക്കുകള്‍ അഴിഞ്ഞ് സ്വതന്ത്രമായി സംസാരിക്കുവാന്‍ തുടങ്ങി. അതോടെ കുരിശില്‍ മരിച്ച ക്രിസ്തുവിന്‍റെ ഉത്ഥാന സത്യം ഏവര്‍ക്കും ബോധ്യമാകുന്ന വിധത്തില്‍ വെളിപ്പെടുത്തപ്പെട്ടു. ഭിന്നിപ്പും നിഗൂഢതയും തിങ്ങിനിന്ന അവരുടെ ഹൃദയങ്ങളില്‍ ഐക്യവും ധാരണയും നിറഞ്ഞു.

“സത്യാത്മാവു വരുമ്പോള്‍ അവിടുന്ന് നമ്മെ പൂര്‍ണ്ണ സ്ത്യത്തിലേയ്ക്കു നയിക്കും,” എന്നാണ് ക്രിസ്തു ഉറപ്പു നല്കുന്നത്. പരിശുദ്ധാത്മാവിനെ വെളിപ്പെടുത്തി തന്നുകൊണ്ട്, സഭ എന്താണെന്നും, സത്യത്തിന്‍റേയും കൂട്ടായ്മയുടേയും കേന്ദ്രമാകേണ്ടതിന് സഭാമക്കള്‍ എപ്രകാരം ജീവിക്കണെന്നും, ക്രൈസ്തവ ജീവിതം തന്നില്‍ത്തന്നെ ഒതുങ്ങുന്നതല്ല, മറിച്ച് ലോകത്തിലേയ്ക്കുള്ള സ്നേഹത്തിന്‍റെ തുറവായിരിക്കണമെന്നും ക്രിസ്തു വ്യക്തമാക്കി തരുന്നു. സഭയെ നമ്മിലൂടെ വളര്‍ത്തുകയും സഭയില്‍ നമ്മെ സമര്‍പ്പിക്കുന്നതുമായ പ്രക്രിയയാണത്. അങ്ങനെ ക്രൈസ്തവന് തന്നില്‍ത്തന്നെ ഒതുങ്ങി നില്ക്കാനാവില്ല. സത്യത്തിന്‍റേയും ഐക്യത്തിന്‍റേയും അരൂപി എപ്പോഴും ഹൃദയങ്ങളെയും മനസ്സുകളെയും സ്പന്ദിപ്പിക്കുകയും പരസ്പരം അംഗീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് ക്രിസ്തുവാകുന്ന സത്യം വെളിപ്പെടുത്തുകയും മനസ്സിലാക്കി തരികയും ചെയ്യുന്നു. കൂട്ടായ്മയില്‍ ജീവിക്കുവാന്‍ ആഴമായ എളിമയുടെ മനോഭാവം ആവശ്യമാണ്. അങ്ങനെ മാത്രമേ സത്യം അറിയുന്നതിനും അതു മനസ്സിലാക്കുന്നതിനും സാധിക്കുകയുള്ളൂ. ഈ മനോഭാവത്തില്‍ ബാബേലും പെന്തകൂസ്തായും സുവ്യക്തമാക്കപ്പെടും. ദൈവത്തെപ്പോലെ ആകാന്‍ ശ്രമിക്കുന്നവര്‍ തമ്മില്‍ കലഹിക്കുകയും, അവസാനം നിലംപരിശാക്കപ്പെടുകയും ചെയ്യും. സത്യത്തില്‍ ആശ്രയിക്കുന്നവര്‍ അവരെ തുണയ്ക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്ന അരൂപിയുടെ പ്രവര്‍ത്തനങ്ങളോട് തുറവുള്ളവരായി ജീവിക്കുന്നു.

ബാബേലും പെന്തക്കൂസ്തയും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തമാകുന്നത് ഇന്നത്തെ രണ്ടാം വായനയിലാണ് (1 കൊറി. 12, 3-7, 12-13). പരിശുദ്ധാരൂപിയാല്‍ നയിക്കപ്പെടുന്നവര്‍ ജഡീകാഗ്രഹങ്ങള്‍ക്ക് വിധേയരാകില്ല. പൗലോസ് അപ്പസ്തോലന്‍ പറയുന്നുണ്ട്, “നമ്മുടെ വ്യക്തിജീവിതങ്ങള്‍ ആന്തരിക വൈരുദ്ധ്യങ്ങളാലും വിഭിന്നതയാലും ശരീരത്തില്‍നിന്നും ആത്മാവില്‍നിന്നുമുള്ള ഉള്‍പ്രേരണകളാലും നിറഞ്ഞിരിക്കുന്നു.” എന്നാല്‍ അവയെല്ലാം ഒരുമിച്ചു സ്വീകിരിക്കുക സാദ്ധ്യമല്ല. സ്വാര്‍ത്ഥരും ഉദാരമതികളും ഒരുപോലെ ആയിരിക്കുക സാദ്ധ്യമല്ല. അതുപോലെ നിസ്വാര്‍ത്ഥ സേവനവും ആധിപത്യവും ഒരുമിച്ച് പോവുകയില്ല. ഇതില്‍ നന്മയായ എല്ലാ ഉള്‍പ്രേരണകളും പ്രചോദനങ്ങളും ലോകം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിന് യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിന്‍റെ പ്രചോദനം ഇന്ന് ആവശ്യമായിരിക്കുന്നു. സ്വാര്‍ത്ഥത, അക്രമം, ശത്രുത, അന്തച്ഛിദ്രം, അസൂയ, കലഹം എന്നിവ ജഡത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്. ഇത്തരത്തിലുള്ള ചിന്തകളും പ്രവര്‍ത്തികളും നമ്മെ ഒരിക്കലും മാനുഷികവും ക്രിസ്തീയവുമായ ശൈലിയിലും സ്നേഹത്തിലും ജീവിക്കാന്‍ അനുവദിക്കുകയില്ല. ഇത് ആത്മനാശത്തിന്‍റെ പാതയാണ്. നമ്മിലുള്ള ദൈവിക ജീവന്‍ ഈ ലോക ജീവിതത്തില്‍ അനുഭവവേദ്യമാകുമാറ് ദൈവിക ഔന്നത്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്.
സ്നേഹവും സന്തോഷവും സമാധാനവും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളാണെന്ന് പൗലോസ് അപ്പസ്തോലന്‍ ഉറപ്പുനല്കുന്നു. മനുഷ്യത്വത്തെ തകര്‍ക്കുന്ന ജഡിക പ്രവണതകള്‍ ബഹുലമെന്നും ധാരാളമെന്നും മനുഷ്യര്‍ വ്യാഖ്യാനിക്കുമ്പോള്‍, ദൈവാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ലളിതവും വിശുദ്ധവുമെന്ന് അപ്പസ്തോലന്‍ വിവരിക്കുന്നു.

ബാബേലിന്‍റെ വിനാശത്തിനും ചിതറിപ്പോകലിനും ഹേതുവായ അനൈക്യത്തോട് പരിശുദ്ധാത്മ ദാനമായ ഐക്യം വിഘടിച്ചു നില്ക്കുന്നു. ദൈവാത്മാവിന്‍റെ സത്യത്തിലും ഐക്യത്തിലും വളരാന്‍ ലോകം പരിശ്രമിക്കണം. നമ്മുടേതായ കാഴ്ചപ്പാടുകളിലെ വികലമായ സത്യത്തെ പിന്‍ചെല്ലാനുള്ള പ്രലോഭനം അകറ്റുവാന്‍ പിശുദ്ധാത്മാവിന്‍റെ കൃപാവരം യാചിക്കാം. അങ്ങനെ സഭയില്‍ ക്രിസ്തു പ്രചരിപ്പിച്ച ശാശ്വതമായ സത്യം തിരിച്ചറിയാനും അംഗീകരിക്കാനും നമുക്കു പരിശ്രമിക്കാം. വിശുദ്ധ ലൂക്കാ വിവിരിക്കുന്നതുപോലെ സ്വര്‍ഗ്ഗോരോഹണത്തിനു മുന്‍പുതന്നെ ഒരുമിച്ചായിരിക്കുവാനും അരൂപിയെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതിനും ക്രിസ്തു തന്‍റെ അപ്പസ്തോലന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അങ്ങനെ അവര്‍ യേശുവിന്‍റെ അമ്മയായ മറിയത്തോടൊപ്പം സെഹിയോണ്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചിരിക്കുമ്പോഴാണ് ക്രിസ്തു വാഗ്ദാനംചെയ്ത കാര്യങ്ങള്‍ കൃത്യമായും സംഭവിച്ചത്, പരിശുദ്ധാത്മ ശക്തി അവര്‍ക്കു ലഭിച്ചത്. പിറന്ന നാളിലെന്നപോലെ ഇന്നും തന്‍റെ മക്കളെ മറിയത്തോടു ചേര്‍ത്തണച്ചുകൊണ്ട് പ്രാര്‍ത്ഥിക്കാം, “പരിശുദ്ധാത്മാവേ, വന്നാലും. വിശ്വാസികളുടെ ഹൃദയങ്ങളെ അങ്ങേ ദിവ്യസ്നേഹാഗ്നിയാല്‍ ജ്വലിപ്പിക്കേണമേ.” ആമ്മേന്‍.

Extract from the homily delivered on Pentecost by His Holiness Pope Benedict XVI 27 May 2012








All the contents on this site are copyrighted ©.