2012-06-11 17:48:51

ദിവ്യകാരുണ്യ ധ്യാനത്തിന്‍റെ സുകൃതിനിയും
മാതൃകയും മറിയമെന്ന് പാപ്പ


11 ജൂണ്‍ 2012, വത്തിക്കാന്‍
(ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍)
പ്രിയ സഹോദരീ സഹോദരന്മാരേ,
ഇറ്റലിയിലും ലോകത്തിന്‍റെ നാനാ ഭാഗത്തും ഞായറാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ. ഇന്നാളില്‍ തെരുവുകളിലൂടെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന്‍റെയും ആരാധനയുടെയും പാരമ്പര്യം ഇപ്പോഴും തുടരുകയാണ്. നമ്മുടെ മദ്ധ്യേയുള്ള ക്രിസ്തുവിന്‍റെ ദിവ്യകാരുണ്യ സാന്നിദ്ധ്യത്തിന് സാനന്ദം നന്ദിപറയുന്ന കര്‍മ്മങ്ങളും പ്രദക്ഷിണവും പതിവുപോലെ കഴിഞ്ഞ വ്യാഴാഴ്ച ജൂണ്‍ 7-ാം തിയതി തന്നെ പാരമ്പര്യം അനുസ്സരിച്ച്
റോമാ നഗരത്തിലും ആഘോഷിക്കുകയുണ്ടായി.

വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണത്തിനുശേഷവും ക്രിസ്തു തന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തുകയും മണിക്കൂറുകളും ദിനരാത്രങ്ങളും അപ്പിന്‍റെ രൂപത്തില്‍ മനുഷ്യകുലത്തോടൊപ്പം ആയിരിക്കുന്ന പരിശുദ്ധ ദിവ്യകാരുണ്യ
പൊതുവണക്കത്തിന്‍റെ മഹത്തായ പ്രഘോഷണമാണ് ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ Corpus Chrisit മഹോത്സവത്തില്‍ നാം കൊണ്ടാടുന്നത്.

ദിവ്യബലിയില്‍ പങ്കെടുത്തവര്‍ക്ക് ദിവ്യകാരുണ്യം നല്കിയശേഷം, പങ്കെടുക്കുവാന്‍ പറ്റാത്ത രോഗികള്‍ക്കും പ്രായമായവര്‍ക്കും പരികര്‍മ്മംചെയ്ത അപ്പം ശുശ്രൂഷകര്‍ എത്തിച്ചു കൊടുക്കുന്ന പതിവ് പണ്ടേ ഉണ്ടായിരുന്നുവെന്ന്, ആദിമ സഭയിലെ രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ രേഖപ്പെടുത്തിയിരിക്കുന്നു (apologia 1, 65). അതിനാല്‍ ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്ന ദേവാലയങ്ങള്‍ ഏറ്റവും പൂജ്യമായ ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങളാണ്.

ഈ അടുത്ത കാലത്ത് മദ്ധ്യഇറ്റലിയിലെ എമീലിയോ റൊമാഞ്ഞാ പ്രവിശ്യയില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ തകര്‍ന്ന ദേവലങ്ങളെക്കുറിച്ചും ദുരിതമനുഭവിക്കുന്ന അവിടുത്തെ ജനങ്ങളെക്കുറിച്ചും വീണ്ടും ഞാന്‍ വേദനയോടെ അനുസ്മരിക്കുകയാണ്. തകര്‍ന്ന ദേവാലയ അവശിഷ്ടങ്ങളിനിന്നും ചിലയിടങ്ങളെങ്കിലും ദിവ്യകാരുണ്യം കണ്ടെത്തുകയുണ്ടായി. ഇപ്പോള്‍ താല്ക്കാലിക വേദികളിലും കൂടാരങ്ങളിലും ദിവ്യബലിയര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആ പ്രവിശ്യയിലെ നിരവധി സമൂഹങ്ങളെ ഞാന്‍ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു.

‘പാഥേയ’മെന്നും ‘യാത്രികരുടെ ആത്മീയ ഭോജ്യ’മെന്നും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ദിവ്യകാരുണ്യത്തെ കേന്ദ്രീകരിച്ച് ജനങ്ങള്‍ ജീവിക്കുകയും അതില്‍നിന്നും ലഭിക്കുന്ന ശക്തിയില്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് ദിവ്യകാരുണ്യം തിരുപ്പാഥേയമായി മാറുന്നത്.
സ്വജീവനും വസ്തു വകകളും പങ്കുവ്യ്ക്കാനും, അപരന്‍റെ വേദന അറിയാനും, അവരെ സ്വീകരിക്കാനും സ്നേഹിക്കുവാനും, അവര്‍ക്ക് ആതിഥ്യം നല്കുവാനുമുള്ള സവിശേഷമായ ചൈതന്യം ലഭിക്കുന്നത് ദിവ്യകാരുണ്യത്തിന്‍റെ വിരുന്നു മേശയിലെ പങ്കുവയ്പ് അനുഭവത്തിലൂടെയാണ്. അങ്ങനെ ക്രിസ്തുവിന്‍റെ തിരുശരീര-രക്തങ്ങളുടെ മഹോത്സവും ദിവ്യകാരുണ്യ ആരാധനയും നമുക്ക് ജീവിതത്തില്‍ വളരെ പ്രായോഗികമായ മൂല്യങ്ങള്‍ പകര്‍ന്നു തരുന്നു..

“ദിവ്യബലിയില്‍ പങ്കെടുക്കുക മാത്രമല്ല, അതിന്‍റെ പരികര്‍മ്മത്തിനും ആഘോഷത്തിനും ശേഷവും, ദിവ്യകാരുണ്യം ഏറ്റവും ഭക്ത്യാദരങ്ങളോടെ വിശ്വാസികളുടെ പരസ്യവണക്കത്തിനു വയ്ക്കുകയും,
സാനന്ദം പ്രദക്ഷിണമായി സംവഹിക്കപ്പെടുകയും ചെയ്യേണ്ടതാണ്,” എന്ന് ദൈവദാസന്‍ പോള്‍ 6-ാമന്‍ പാപ്പ ദിവ്യകാരുണ്യ വണക്കത്തെപ്പറ്റി പുറപ്പെടുവിച്ച mysterium fidei എന്ന പ്രബോധനത്തില്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്.

ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ വ്യക്തിപരമായോ സമൂഹമായോ സങ്കീര്‍ത്തനങ്ങളാലും സ്തുതിപ്പുകളാലും നമുക്ക് ആരാധന അര്‍പ്പിക്കാമെങ്കിലും, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിന്‍റെ മുന്നില്‍ നിശ്ശബ്ദതയില്‍ ആത്മീയമായും ആന്തരികമായും അവിടുത്തെ ശ്രവിക്കുന്നതും ആരാധിക്കുന്നതുമാണ് കൂടുതല്‍ അഭികാമെന്നും, ഈ പ്രബോധനം പഠിപ്പിക്കുന്നു.

പരിശുദ്ധ കന്യകാ മറിയം തന്നെയാണ് ദിവ്യകാരുണ്യ ധ്യാനത്തിന്‍റെ സുകൃതിനിയും മാതൃകയും. തന്‍റെ സമ്പൂര്‍ണ്ണ വിശ്വാസ സമര്‍പ്പണത്താലും ഹൃദയത്തിന്‍റെ തുറവിനാലും ക്രിസ്തുവിന്‍റെ മാനുഷികവും ദൈവികവുമായ സാന്നിദ്ധ്യത്തിന്‍റെ സ്പന്ദനങ്ങള്‍ ഇത്രയേറെ അടുത്തറിഞ്ഞ മറ്റൊരു വ്യക്തിയും ഉണ്ടാവില്ല. കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യത്താല്‍
എല്ലാ സഭാ സമൂഹങ്ങളിലും ദിവ്യകാരുണ്യത്തിന്‍റെ ദൈവിക രഹസ്യത്തോടുള്ള ആഴമായ ഭക്തിയും വിശ്വാസവും വളരട്ടെ,
അതു പ്രചരിക്കട്ടെ! ദൈവവും മനുഷ്യരുമായുള്ള നിത്യവും നവവുമായ ഉടമ്പടിയുടെ അടയാളമായി, തന്‍റെ മരണത്തിനുമുമ്പ് അന്ത്യത്താഴ വിരുന്നില്‍വച്ച് ക്രിസ്തു പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചുവല്ലോ.
അനുരജ്ഞനത്തിന്‍റേയും കൂട്ടായ്മയുടേയും ഈ കൂദാശ സഭാമക്കളെ ഏവരേയും വിശ്വാസത്തിലും ഐക്യത്തിലും വിശുദ്ധിയിലും നയിക്കട്ടെ.

Extract from the discourse of the Holy Father at the Angelus Prayer on Sunday 10th June 2012 in Vatican








All the contents on this site are copyrighted ©.