2012-06-09 10:07:46

സുവിശേഷപരിചിന്തനം
പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍
10 ജൂണ്‍ 2012


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 6, 51 - 59.
RealAudioMP3
കൊച്ചിക്കടുത്ത് വൈപ്പിന്‍ കരയില്‍ കുഴുപ്പള്ളി ഗ്രാമത്തില്‍ ചായക്കട നടത്തുകയായിരുന്നു ശശീധരന്‍. സഹായിക്കാന്‍ ഭാര്യ ശാന്ത എപ്പോഴും കൂടെയുണ്ടായിരുന്നു. ഒരിക്കല്‍ ജോലി കഴിഞ്ഞ് രണ്ടുപേരും രാത്രിയില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. റോഡു കുറുകെ കടക്കവേ ശാന്തയെ വാന്‍‍ ഇടിച്ചു. സാരമായ പരുക്കേറ്റ അവളെ ജനങ്ങള്‍ അതിവേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനിടയില്‍ മസ്തിഷ്ക്കാഘാധം സംഭവിച്ചിരുന്നു.

ജീവഛ്ചവമായി ശാന്ത വീണ്ടും നാളുകള്‍ ആശുപത്രിയില്‍ തള്ളിനീക്കി. അപ്പോഴാണ് പച്ചാളം സ്വാദേശിയായ സൈമണെപ്പറ്റി ശശിധരന്‍ അറിഞ്ഞത്. കരള്‍ മാറ്റിവയ്ക്കാതെ സൈമണ് മൂന്നു മാസംപോലും ജീവിക്കില്ല. മസ്തിഷ്ക്ക മരണത്തെ തുടര്‍ന്ന് യാതൊരു പ്രതികരണവുമില്ലാതെ മൃതരൂപത്തില്‍ കിടന്നിരുന്ന തന്‍റെ പ്രിയ ശാന്തയുടെ കരള്‍ ദാനംചെയ്യുവാന്‍ ശശീധരന്‍ തീരുമാനിച്ചു. ശാന്തയുടെ കരള്‍ സൈമന്‍റെ ശരീരത്തിലേയ്ക്ക് വിജയകരമായി മാറ്റിവച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശാന്ത മരിച്ചെങ്കിലും സൈമണിലൂടെ അവള്‍ ഇന്നും ജീവിക്കുന്നു.

നാം പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ തിരുനാള്‍ ആഘോഷിക്കുകയാണ്. “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്,” എന്നാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത് (യോഹന്നാന്‍ 6, 51). രണ്ടു സുപ്രധാന അര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ വ്യാഖ്യാനങ്ങള്‍ ഈ വാക്യത്തിന് ഉണ്ട്: ദൈവവചനത്തില്‍ ജീവന്‍ കുടികൊള്ളുന്നു എന്നാണ് ഇതിന്‍റെ പ്രഥമ അര്‍ത്ഥം. സഭാ പിതാവായ ഒറിജെന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, “രഹസ്യങ്ങളുടെ അനുഷ്ഠാനത്തിലൂടെ മാത്രമല്ല നാം അവുടുത്തം ശീരിര രക്തങ്ങള്‍ ഭക്ഷിക്കുന്നത് പാനംചെയ്യുന്നത്. ജീവന്‍ കുടികൊള്ളുന്ന അവിടുത്തം വാക്കുകള്‍ ശ്രവിക്കുകയും അതനുസാരം നാം ജീവിക്കുകയും ചെയ്യുമ്പോള്‍‍ വചനത്തിലൂടെ ക്രിസ്തു നമ്മില്‍ ജീവിക്കുന്നു” എന്നാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവിക ജീവന്‍ കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ദൈവത്തിന്‍റെ സ്വപ്നങ്ങള്‍ മാനുഷിക ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് ദൈവവചനം. മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിച്ച ദൈവം,
ആ സ്നേഹ ജീവിതത്തില്‍ സ്വയം സമര്‍പ്പിതനാകുന്നു. ദൈവത്തിന്‍റെ സ്വപ്നങ്ങളിലേയ്ക്ക് നാം വളരുന്നതിനെയാണ്, “ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്,” എന്ന് ക്രിസ്തു പറയുന്നത്. തന്‍റെ ഈ ലോക ജീവിതത്തില്‍ മനുഷ്യമക്കളെ സ്നേഹിച്ച് അവരെ ജീവിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിനെപ്പോലെ ഇന്ന് നാം ജീവിന്‍റെ അപ്പമായി മാറണം,
എന്നാണ് ഇതിനു സാരം.

ജീവിന്‍റെ അപ്പം എന്നതിന് രണ്ടാമത്തെ അര്‍ത്ഥം കൗദാശിക ശരീരമെന്നാണ്. ഒറിജന്‍ പറയുന്നത്, “ദിവ്യരഹസ്യങ്ങളുടെ അനുഷ്ഠാനംവഴി സ്വീകരിക്കുന്ന കൗദാശിക ശരീരമാണ് ജീവിന്‍റെ അപ്പം,” എന്നാണ്. ദിവ്യകാരുണ്യത്തിലെ അപ്പവും വീഞ്ഞുമായി മനുഷ്യപുത്രന്‍ ഒന്നാകുകയും ആ അപ്പവും വീഞ്ഞും കൗദാശികമായി സ്വീകരിക്കുന്ന വ്യക്തികളുമായി ഒന്നായിത്തീര്‍ന്ന് അവിടുന്ന് ലോകത്തിന്‍റെ ജീവനുവേണ്ടി പരിണമിക്കുകയും ചെയ്യുന്നു. അപ്പോള്‍ ദിവ്യകാരുണ്യത്തിന്‍റെ ലക്ഷൃമാണ് ലോകത്തിനു ജീവന്‍ നല്കുക, എന്നത്.
മരണസംസ്ക്കാരത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്നവര്‍ക്ക് ജീവന്‍റെ സംസ്കൃതി പകര്‍ന്നു കൊടുക്കുന്നതാണ് പരിശുദ്ധ ദിവ്യകാരുണ്യം.

സകല വസ്തുക്കളിലും വിഷം കുത്തിവച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുകയും ഇഷ്ടമില്ലാത്തതിനെയും ഇഷ്ടമില്ലാത്തവരെയും എന്തുമാര്‍ഗ്ഗേനയും വകവരുത്തുകയും
ചെയ്യുന്ന മരണസംസ്ക്കാരം ഇന്ന് ലോകത്ത് വളര്‍ന്നിരിക്കുന്നു. നാം ജീവിക്കേണ്ടത് അതിനെതിരായ പ്രതിസംസ്ക്കാരത്തിലാണ്. ജീവസംസ്ക്കാരത്തിന്‍റെ ദിവ്യകാരുണ്യമാകാന്‍
നമ്മെ ഓരോരുത്തരേയും ക്രിസ്തു അവിടുത്തെ വിരുന്നു മേശയിലേയ്ക്കു ക്ഷണിക്കുന്നു. കൗദാശികമായി യേശുവിന്‍റെ മാംസരക്തങ്ങള്‍ സ്വീകരിക്കുന്ന വിശ്വാസി അസ്തിത്വാത്മകമായി ലോകത്തിന്‍റെ ജീവനായി പരിണമിക്കുന്നില്ലെങ്കില്‍ എവിടെയാണ് മഹാകാരുണ്യമുണ്ടാകുന്നത്? എങ്ങനെയാണ് ദിവ്യകാരുണ്യാനുഭവം ഉണ്ടാകുന്നത്? ലോകത്തില്‍ നാം കണ്ടുമുട്ടുന്ന
എല്ലാ വ്യക്തികള്‍ക്കും ദൈവിക ജീവന്‍ പകര്‍ന്നു നല്കാന്‍
നാം അവര്‍ക്കുവേണ്ടി വിഭജിക്കപ്പെടുവാനും മുറിക്കപ്പെടുവാനും തയ്യാറാവണം.

തന്‍റെ ശിഷ്യരോടൊപ്പം ക്രിസ്തു ആഘോഷിച്ച അന്ത്യത്താഴം ആരംഭിച്ചത് ഇങ്ങനെയാണ്. സമയമായപ്പോള്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “പീഡകളനുഭവിക്കുന്നതിനു
മുന്‍പ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കാന്‍ ഞാന്‍ അത്യധികം ആഗ്രഹിച്ചു,”
ലൂക്കാ 22, 15. ആര്‍ദ്രമായ ആഗ്രഹത്തോടെ ആയിരുന്നിരിക്കണം അവിടുന്ന് ഈ വിനാഴികയെ സമീപിച്ചത്. തന്നെത്തന്നെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യത്തില്‍ തന്‍റെ സ്നേഹിതര്‍ക്ക് പകുത്തുനല്‍കുന്ന ആ നിമിഷത്തിനായി ക്രിസ്തു പാര്‍ത്തിരുന്നു. ആ രാവില്‍ അവിടുന്നു തന്‍റെ ശിഷ്യരോടൊത്തു നടത്തിയ അന്ത്യത്താഴ വിരുന്നില്‍ ഈ ലോകത്തിന്‍റെതായ കാഴ്ചദ്രവ്യങ്ങളെ തന്നോടുതന്നെ സാരൂപ്യപ്പെടുത്തിക്കൊണ്ടാണ് അവിടുന്ന് പൂര്‍ണ്ണമായി തന്നെത്തന്നെ പിതാവിനു സമര്‍പ്പിച്ച്, അവയെ രൂപാന്തരപ്പെടുത്തിയത്.

നിത്യതയില്‍ ഏവരും ആസ്വദിക്കുവാന്‍ പോകുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്‍റെ മുന്നാസ്വാദനമാണ് പരിശുദ്ധ ദിവ്യാകാരുണ്യം.
വര്‍ദ്ധിച്ച ആശയോടെയുള്ള ക്രിസ്തുവിന്‍റെ ഈ പെസഹാദിനത്തിനായുള്ള കാത്തിരിപ്പ്, മനുഷ്യരക്ഷയ്ക്കായുള്ള ദൈവത്തിന്‍റെതന്നെ കാത്തിരിപ്പായിരുന്നു. ഈ ലോകത്തിന്‍റെയും മനുഷ്യകുലത്തിന്‍റെയും രക്ഷയ്ക്കുവേണ്ടുയുള്ള ദൈവത്തിന്‍റെ ആശയാര്‍ന്ന സ്നേഹത്തിന്‍റെ കാത്തിരിപ്പായിരുന്നു. എല്ലാ മനുഷ്യരേയും, മാത്രമല്ല സകല സൃഷ്ടികളെയും സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ദൈവത്തിന്‍റെ സ്നേഹമാണിവിടെ ദൃശ്യമാകുന്നത്. “സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” റോമ. 8, 19.
അങ്ങനെ സ്നേഹത്തിലൊന്നാകുന്ന ദൈവികൈക്യത്തില്‍ മാതമേ മനുഷ്യരും ഈ പ്രപഞ്ചമൊക്കെയും സംതൃപ്തി നേടുകയുളളൂ, സായുജ്ജ്യമടയുകയുള്ളൂ.

ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അടുത്ത് അറിയുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ള
പലേ രാജ്യങ്ങളിലും ഇന്ന് കര്‍ത്താവിന്‍റെ വിരുന്നു മേശകള്‍ ശൂന്യമായി കാണപ്പെടുന്നു,
എന്നത് കെട്ടുകഥയല്ല, യാഥാര്‍ത്ഥ്യമാണ്. സുവിശേഷത്തിലെ വിവാഹ വിരുന്നിന്‍റെ ഉപമയില്‍ പറയുന്നതുപോലെ, വിവാഹ വസ്ത്രമില്ലാതെ, അതായത് ഒരുക്കമില്ലാതെയും അടുപ്പമില്ലാതെയും, പഴക്കംകൊണ്ടും തഴക്കംകൊണ്ടും മാത്രം കര്‍ത്താവിന്‍റെ വിരുന്നുമേശയെ സമീപിക്കുന്നവര്‍ ധാരാളമുണ്ട്. ഒരുക്കമില്ലാതെ വിരുന്നിനു വരുന്നവരെക്കുറിച്ച് വിശുദ്ധ ഗ്രിഗരി വിവരിക്കുന്നുണ്ട്. അവര്‍ ഏറെക്കുറെ വിശ്വാസമുള്ളവരാണ്. വിശ്വാസമാണ് കര്‍ത്താവിന്‍റെ വിരുന്നിലേയ്ക്കവരെ ക്ഷണിക്കുന്നത്. എന്നാല്‍ വിശ്വാസം സ്നേഹപൂര്‍വ്വം ജീവിക്കാത്തതിനാല്‍ പുറന്തള്ളപ്പെടുകയും വിരുന്നുശാലയുടെ വാതില്‍ അവര്‍ക്കെതിരെ കൊട്ടിയടയ്ക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസം സ്നേഹപൂര്‍വ്വം ജീവിക്കാനാവാത്തവര്‍ വിരുന്നിനു യോഗ്യരല്ല, അവര്‍ പുറംതള്ളപ്പെടും. വിശ്വാസം സ്നേഹത്തിലധിഷ്ഠിതമാണ്. സ്നേഹമില്ലാത്ത വിശ്വാസം നിര്‍ജ്ജീവവുമാണ്.

യേശുവിനെ സംബന്ധിച്ചിടത്തോളം അന്ത്യത്താഴവിരുന്ന് ഒരു പ്രബോധന രംഗം കൂടിയായിരുന്നുവെന്ന് നാലു സുവിശേഷങ്ങളുടെയും പശ്ചാത്തലത്തില്‍ നമുക്കു മനസ്സിലാക്കാം. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളുടെ സത്ത ഉരുത്തിരിഞ്ഞത് അന്ത്യത്താഴ വിരുന്നിലായിരുന്നു. അവിടെ വചനവും കൂദാശയും സന്ദേശവും സമ്മാനവുമെല്ലാം അഭേദ്യമായി കോര്‍ത്തിണക്കപ്പെടുന്നു, ഒത്തുചേരുന്നു. ഈ രാവിലാണ് ക്രിസ്തു മറ്റേതിനെയുംകാള്‍ അധികമായി പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയുടെ പരിസമാപ്തിയില്‍ അവിടുന്നു, അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രംചൊല്ലിയെന്നും eucharistesas, ആശിര്‍വ്വദിച്ചു ഭാഗിച്ചു നല്കിയെന്നും eulogesas ഉള്ള രണ്ടു ക്രിയകളാണ് സമാന്തര സുവിശേഷകന്മാര്‍ അവരുടെ ഹെബ്രായ മൂലകൃതികളില്‍ ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിങ്കലേയ്ക്ക് ഉയരുന്ന നന്ദിപ്രകടനവും
താഴെ മനുഷ്യനിലേയ്ക്ക് ഇറങ്ങിവരുന്ന ആശിര്‍വ്വാദവും പ്രതീകാത്മകവും ദീപ്തവുമാണ്. അന്ത്യത്താഴവിരുന്നില്‍ ക്രിസ്തു സാക്ഷാത്ക്കരിക്കുന്ന രൂപാന്തരീകരത്തിന്‍റെ വചനങ്ങള്‍ അവിടുത്തെ ഈ അവസാന പ്രാര്‍ത്ഥനയിലാണ് ഉരുത്തിരിയുന്നത്.
രൂപാന്തരീകരണത്തിന് ക്രിസ്തു ഉരുവിട്ട വചനങ്ങള്‍ പ്രാര്‍ത്ഥനതന്നെയാണ്.
“ഇതെന്‍റെ ശരീരമാകുന്നു..., ഇതെന്‍റെ രക്തമാകുന്നു...” അങ്ങനെ അപ്പവും വീഞ്ഞും
അവിടുത്തെ ശരീര-രക്തങ്ങളായി സത്താഭേദം ചെയ്യപ്പെടുന്നു. ക്രിസ്തു തന്‍റെ വേദനകള്‍ പ്രാര്‍ത്ഥനകളായി പരിവര്‍ത്തനംചെയ്തിട്ട്, മനുഷ്യകുലത്തിനുവേണ്ടിയുള്ള യാഗമായി
പരമ പിതാവിനു സ്വയം സമര്‍പ്പിക്കുന്നു. വേദനകളെ സ്നേഹമാക്കി രൂപാന്തരീകരണം ചെയ്യുവാനുള്ള കരുത്താണ്, പിന്നീട് മനുഷ്യരുടെ കാഴ്ചവസ്തുക്കളിലൂടെ പരമപിതാവിന് സ്വയം സമര്‍പ്പിക്കുവാനുള്ള കരുത്തായി ക്രിസ്തു മാറ്റുന്നത്. അവിടുന്നീ ദിവ്യകാരുണ്യ-സമ്മാനം നമുക്കു തരുന്നതുവഴി, ഈ ലോകവും മനുഷ്യരും ക്രിസ്തുവില്‍ രൂപാന്തരപ്പെടുകയാണ്. ദിവ്യകാരുണ്യത്തിലെ സത്താഭേദത്തിന്‍റെ പരമമായ ലക്ഷൃം മനുഷ്യരുടെ രൂപാന്തരീകരണവും ക്രിസ്തുവിലുള്ള ഐക്യവുമാണ്. ദിവ്യകാരുണ്യം ലക്ഷൃമിടുന്ന പുതുമനുഷ്യനും പുതുലോകവും ദൈവത്തില്‍നിന്നും, ദൈവപുത്രനായ ക്രിസ്തുവിന്‍റെ സമര്‍പ്പണത്തില്‍നിന്നും ഉരുത്തിരിയുന്നു.

വിശ്വാസത്തിന്‍റെ വലിയ അനുഷ്ഠാനവും ദിവ്യരഹസ്യവുമാണ് വിശുദ്ധ കുര്‍ബ്ബന. ക്രിസ്തു സര്‍വ്വശക്തനാണെന്ന് നാം വിശ്വസിക്കുന്നു. അതുകൊണ്ട് അവിടുത്തേയ്ക്ക് ഒരപ്പക്കഷണത്തില്‍ വസിക്കാന്‍ സാധിക്കും, എന്നാണ് വിശുദ്ധ കൊച്ചുത്രേസ്സ്യ വിശ്വസിച്ചതും പഠിപ്പിക്കുന്നതും. നിഗൂഢമായതിനെയാണ് നാം രഹസ്യമെന്നു വിശേഷിപ്പിക്കുന്നത്.
ക്രിസ്തു രഹസ്യങ്ങള്‍ തന്നെയാണ് വിശുദ്ധ കുര്‍ബ്ബനയില്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന ദിവ്യരഹസ്യങ്ങള്‍. ദൈവപുത്രനായ ക്രിസ്തു കാരുണ്യപൂര്‍വ്വം ലോകത്തിനു നല്കിയ ദിവ്യരഹസ്യങ്ങളുടെ പരികര്‍മ്മത്തിന് ബലഹീനരായ നമ്മെ ശക്തരാക്കണമേ,
എന്ന് പ്രാര്‍ത്ഥിക്കാം. പണ്ട് മരുഭൂമിയില്‍ തളര്‍ന്നു വീണ ഇസ്രായേല്യരെ മന്ന നല്കി പോറ്റിയ കര്‍ത്താവ്, ഇന്നും നമുക്കായി നല്കുന്ന സ്വീര്‍ഗ്ഗീയ മന്നയാണ് പരിശുദ്ധ ദിവ്യകാരുണ്യം.
ജീവദായകമായ വിശുദ്ധ കുര്‍ബ്ബനയെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കി മാറ്റാന്‍ പരിശ്രമിക്കാം.









All the contents on this site are copyrighted ©.