2012-06-09 20:27:10

വചനം പഠിക്കുന്നവര്‍
ക്രിസ്തുവിനെ അറിയുന്നു


9 ജൂണ്‍ 2012, ഡബ്ലിന്‍
അള്‍ത്താരയിലെ ക്രിസ്തുവിന്‍റെ തിരുശരീരത്തെ എന്നപോലെ, ദൈവവചനത്തെയും സഭ വണങ്ങുന്നുവെന്ന്, ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രസ്താവിച്ചു. അയര്‍ലണ്ടിലെ മെയ്നൂത്തിലുള്ള സെന്‍റ് പാട്രിക്ക് സെമിനായിരിയില്‍ സമ്മേളിച്ചിരിക്കുന്ന 50-ാം മത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ആമുഖമായുള്ള സമ്പോസിയത്തില്‍, ജൂണ്‍ 8-ാം തിയതി നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ കോഹ് ഇപ്രകാരം പ്രസ്താവിച്ചത്.
തിരുവചനത്തിലെ ക്രിസ്തു ദര്‍ശനത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ Dei Verbum എന്ന പ്രമാണരേഖയെ അധികരിച്ചു സംസാരിക്കുകയായിരുന്ന കര്‍ദ്ദാനാള്‍ കോഹ്. ക്രിസ്തുവിനെ അനുകരിക്കുന്നവര്‍ക്കേ വിശുദ്ധ ഗ്രന്ഥത്തെ ദൈവവചനമായി അംഗീകരിക്കാനാവൂ എന്നും, അവര്‍ക്ക് തിരുവചനം അനുരജ്ഞനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കൃപാസ്പര്‍ശമാണെന്നും കര്‍ദ്ദിനാള്‍ കോഹ് വ്യക്തമാക്കി.
വചനം പഠിക്കുന്നവരാണ് ക്രിസ്തുവനെ അറിയുന്നതെന്നും, തിരുവചനത്തെക്കുറിച്ചുള്ള അജ്ഞത, ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്നും വിശുദ്ധ ജെറോമിനെ ഉദ്ധരിച്ചുകൊണ്ട്
കര്‍ദ്ദിനാള്‍ കോഹ് പ്രസ്താവിച്ചു.

ജൂണ്‍ 10-ാം തിയതി ഞായറാഴ്ച രാവിലെ റോയല്‍ ഡബ്ലിന്‍ സൊസൈറ്റി മൈതാനിയില്‍, ബനഡ്ക്ട് 16-ാമന്‍ പാപ്പയുടെ പ്രതിനിധി,
കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹദിവ്യബലിയോടെ 50-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് തിരശ്ശീല ഉയരും.









All the contents on this site are copyrighted ©.