2012-06-08 19:36:48

വിവാദത്തിലായ
പാപ്പയുടെ പരിചാരകന്‍


8 ജൂണ്‍ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സ്വകാര്യമുറിയില്‍നിന്നും
ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയ കേസിലെ പ്രതി ജെയില്‍ ശിക്ഷയ്ക്ക് വിധിപ്പെടാമെന്ന് വത്തിക്കാന്‍റെ ജഡ്ജ്, പാവുളോ പെല്ലേത്തി അറിയിച്ചു.
രണ്ടായ്ച മുന്‍പ് പാപ്പായുടെ ഓഫീസില്‍നിന്നും ഔദ്യോഗിക രേഖകളും നിയമന പത്രികകളും ചോര്‍ത്തിയ കേസിലെ പ്രതിയും അപ്പസ്തോലിക അരമനയിലെ പരിചാരകരില്‍ ഒരാളുമായ പാവുളോ ഗബ്രിയേലെയെ വത്തിക്കാന്‍റെ നീതിന്യായ വിഭാഗം ജൂണ്‍ 5-ന് ചോദ്യംചെയ്തതിനുശേഷം മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് വത്തിക്കാന്‍റെ ജഡ്ജ്, പെല്ലേത്തി ഇങ്ങനെ പ്രസ്താവിച്ചത്.
പാപ്പായുടെ മുന്‍പരിചാരകന്‍ ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളും കുരിശുരൂപവും മാത്രമുള്ള വത്തിക്കാലെ ചെറിയ ജയിലിലാണ്. ഗൗരവതരമായ മോഷണക്കുറ്റം ചെയ്ത ഗബ്രിയേലെയോട് ക്ഷമിക്കുകയോ, അയാള്‍ക്ക് ചെറിയ ശിക്ഷ നല്കുകയോ മാത്രമേ വത്തിക്കാന്‍ കോടതി ചെയ്യുകയുള്ളൂ എങ്കിലും, ഇറ്റാലിയന്‍ കോടതിയില്‍ അയാള്‍ക്ക് 2-മുതല്‍ 8-വര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരാമെന്നും ജഡ്ജ് പെല്ലേത്തി മാധ്യമങ്ങളെ അറിയിച്ചു.
ഞായറാഴ്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെ ദേവാലയത്തില്‍ പോയ പ്രതിയെ ജെയില്‍ മുറിയില്‍നിന്നും രണ്ട് വത്തിക്കാന്‍ പോലീസുകാരുടെ അകമ്പടിയോടെ കൈവിലങ്ങില്ലാതെയാണ്
കൊണ്ടുപോയതെന്നും പെല്ലേത്തി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.