2012-06-07 17:30:06

കൂട്ടായ്മയുടെ ദിവ്യകാരുണ്യം


7 ജൂണ്‍ 2012, ഡബ്ലിന്‍
ഡബ്ളിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ആമുഖമായി ദിവ്യകാരുണ്യത്തെയും
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെയും കേന്ദ്രീകരിച്ചുള്ള പഠനശിബിരം ആരംഭിച്ചു. ജൂണ്‍ ആറാം തിയതി അയര്‍ലണ്ടിലെ മെയ്നൂത്തിലുള്ള
സെന്‍റ് പാട്രിക്ക് കോളെജിലാണ്, ‘കൂട്ടായ്മയുടെ ദിവ്യകാരുണ്യ സഭാശാസ്ത്രം - രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് 50 വര്‍ഷങ്ങള്‍ക്കുശേഷം’
എന്ന പ്രമേയവുമായി പഠനശിബിരം ആരംഭിച്ചത്.
ജൂണ്‍ 6-മുതല്‍ 9-വരെ നീണ്ടുനില്ക്കുന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്, ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പാപ്പായുടെ പ്രതിനിധിയായെത്തിയ, മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കാര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലെയാണ്.
കൂട്ടായ്മയുടെ സഭാശാസ്ത്രം, കുടുംബം–ഗാര്‍ഹിക സഭയും കൂട്ടായ്മയുടെ പ്രായോക്താവും, ദിവ്യകാരുണ്യ കൂട്ടായ്മയുടെ മനോഹാരിത, ദിവ്യകാരുണ്യവും സൗഖ്യദാനത്തിന്‍റെ ഓര്‍മ്മകളും,
മറിയം ദിവ്യകാരുണ്യത്തിന്‍റെ അമ്മയും കൂട്ടായ്മയുടെ അദ്ധ്യാപികയും
എന്നീ വിഷയങ്ങള്‍ മെയ്നൂത്തിലെ ത്രിദിന സമ്മേളനം പഠന വിഷയമാക്കും.

രണ്ടാ വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികത്തില്‍
50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് വന്നണഞ്ഞു എന്ന വസ്തുത പരിഗണിച്ചാണ് സൂനഹദോസിന്‍റെ ദിവ്യകാരുണ്യ ദര്‍ശനം സമ്മേളനം പഠനവിഷയമാക്കിയിരിക്കുന്നത്.

അയര്‍ലണ്ടില്‍നിന്നും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി
6000-ല്‍പ്പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.








All the contents on this site are copyrighted ©.