2012-06-06 19:28:09

ക്രിസ്തുവിനെക്കുറിച്ചുള്ള
പ്രഥമ 3ഡി ചലച്ചിത്രം


6 ജൂണ്‍ 2012, കൊച്ചി
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഥമ 3D ചലച്ചിത്രത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. കേരളത്തില്‍ കൊച്ചി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ജോണി സാഗരിക ക്രിയേഷന്‍സാണ് ‘മുപ്പതു വെള്ളിക്കാശ്’ എന്ന പേരില്‍ ക്രിസ്തുവിന്‍റെ ജീവചരിത്രം ചലച്ചിത്രമാക്കുന്നത്.
കേരളത്തിന്‍റെ പരിചയസമ്പന്നനായ സംവിധായകന്‍ കുര്യന്‍ പര്‍ണശാലയുടെ മേല്‍നോട്ടത്തില്‍ ഹൈദ്രബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷംമെടുത്തുവെന്ന്, നിര്‍മ്മാതാവും സാഗരിഗ ക്രിയേഷന്‍സിന്‍റെ ഡയറക്ടറുമായ ജോണി സാഗരിഗ മാധ്യമങ്ങളോടു പറഞ്ഞു.
വിശുദ്ധ നാടിന്‍റെ ചിലഭാഗങ്ങള്‍ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ക്രിസ്തുവിന്‍റെ കുരിശുമരണത്തിന് വേദിയാകുന്നത് കര്‍ണ്ണാടകയിലെ ഹമ്പി ഗ്രാമമാണെന്നും നിര്‍മ്മാതാവ് ജോണി സാഗരിഗ വെളിപ്പെടുത്തി.
ജെറമി ജാരൂസ് എന്ന പുതുമുഖം ക്രിസ്തുവിന്‍റെ വേഷമിടുന്ന ചിത്രത്തിലുള്ള 300-ല്‍പ്പരം കഥാപാത്രങ്ങളില്‍ 50-പേര്‍ മലയാളത്തിന്‍റെ നടീനടന്മാരാണെന്നും ജോണി വെളിപ്പെടുത്തി.

ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകള്‍ക്കു പുറമേ, ഇന്ത്യയിലെ
മറ്റ് അഞ്ചു ഭാഷകളില്‍ക്കൂടി ഡബ്ചെയ്യുന്ന ചിത്രം 2013-ലെ ഈസ്റ്ററിന് ഇന്ത്യയിലെ 5000–തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയെന്ന്, ചലച്ചിത്രനിര്‍മ്മാണത്തിലും സംഗീത-ചലച്ചിത്ര CDകളുടെ വിപണനത്തിലും പരിചയസമ്പന്നനായ ജോണി സാഗരിക പ്രസ്താവിച്ചു.








All the contents on this site are copyrighted ©.