2012-06-06 19:50:45

കുടുംബങ്ങള്‍ സ്നേഹത്തിന്‍റെ കൂട്ടായ്മയും
ജീവന്‍റെ ശ്രീകോവിലുമെന്ന് പാപ്പ


6 ജൂണ്‍ 2012, വത്തിക്കാന്‍
(ബനഡ്ക്ട് 16-ാമന്‍ പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സംഗ്രഹം)

ബുധനാഴ്ച രാവിലെ റോമില്‍ നല്ല കാലാവസ്ഥയായിരുന്നു.
വേനലിന്‍റെ ഇളംവെയിലും വത്തിക്കാന്‍ കുന്നുകളെ തഴുകിയെത്തിയ മന്ദമാരുതനും വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തെ പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന് സുന്ദരമായ വേദിയാക്കി.
യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല, ലോകത്തിന്‍റെ തന്നെ നാനാഭാഗത്തു നിന്നുമുളള ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ നിര്‍ദ്ദിഷ്ഠ സമയത്തിനു മുന്നേതന്നെ പാപ്പായെ നേരില്‍ കാണുവാനും അടുത്ത് ശ്രവിക്കുവാനുമുള്ള ആഗ്രഹത്തോടെ ചത്വരത്തില്‍ സ്ഥാനം പിടിച്ചിരുന്നു.

ത്രിത്വസ്തുതി ചൊല്ലിക്കൊണ്ട് പാപ്പ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ പരിപാടിക്ക് തുടക്കമിട്ടു. ആമുഖമായുള്ള പാപ്പായുടെ ത്രത്വസ്തുതിയെ തുടര്‍ന്ന് വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥ പാരായണമായിരുന്നു. തുടര്‍ന്ന്, മെയ് 30 മുതല്‍ ജൂണ്‍ മൂന്നുവരെ തിയതികളില്‍ ഇറ്റലിയിലെ മിലാനില്‍ സമ്മേളിക്കുകയും താന്‍ പങ്കെടുക്കുകയും ചെയ്ത ഏഴാമത് അന്താരാഷ്ട്ര കുടുംബ സംഗമത്തെക്കുറിച്ചാണ് തന്‍റെ പ്രഭാഷണ സമയത്ത് ഇത്തവണ പാപ്പ പ്രതിപാദിച്ചത്.
ഇറ്റാലിയല്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പ നല്കുകയുണ്ടായി.

പ്രിയ സഹോദരീ സഹോദരന്മാരേ, കഴിഞ്ഞ ആഴ്ച മിലാനില്‍ നടന്ന അന്താരാഷ്ട്ര കുടുംബ സംഗമത്തില്‍ ഞാനും പങ്കെടുക്കുകയുണ്ടായി. ‘തൊഴിലും ഉല്ലാസവും കുടുംബ ജീവിതത്തില്‍,’ എന്ന പ്രമേയവുമായിട്ടാണ് പതിനായിരത്തോളും കുടുംബങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നുമായി അവിടെ സമ്മേളിച്ചത്. വിവാഹ ബന്ധത്തില്‍ അധിഷ്ഠിതമായ കുടുംബങ്ങള്‍ സ്നേഹത്തിന്‍റെ കൂട്ടായ്മയാണെന്നും, അത് ജീവന്‍റെ ശ്രീകോവിലും ഗാര്‍ഹിക സഭയും സമൂഹത്തിന്‍റെ അടിസ്ഥാന ഘടകവുമാണെന്നും പ്രഘോഷിക്കുന്ന ലോക സമ്മേളനമായിരുന്നു അത്. ദൈവം ഓരോരുത്തര്‍ക്കും നല്കിയിട്ടുള്ള സ്നേഹിക്കുവാനുള്ള വിളിയിലൂടെ പരസ്പര ബന്ധത്തിലും ഐക്യത്തിലും ജീവിക്കാനും വളരുവാനുമുള്ള സാദ്ധ്യതകള്‍ കണ്ടെത്തുന്നത് കുടുബങ്ങളിലാണ്.
‘സാക്ഷൃത്തിന്‍റെ ഉത്സവ’മെന്ന പേരില്‍ നടത്തപ്പെട്ട ദമ്പതികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ച പരിപാടി ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ഞായറാഴ്ചകളില്‍പോലും ഒന്ന് ഒരുമിച്ച് ആയിരിക്കുവാന്‍ സാധിക്കാത്തതു പോലുള്ള, ഇന്ന് കുടുംബങ്ങളെ അലട്ടുന്ന അടിയന്തിരമായ നിരവധി വെല്ലുവിളികള്‍ പങ്കുവയ്ക്കപ്പെട്ട വേദിയായിരുന്നു അത്. ലോകത്തെ നന്മയില്‍ രൂപാന്തരപ്പെടുത്തുന്ന ഏക ശക്തി സ്നേഹമാണെന്ന സന്ദേശമാണ് സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിമദ്ധ്യേയുള്ള പ്രഭാഷണത്തില്‍ കുടുംബങ്ങള്‍ക്കു ഞാന്‍ നല്കിയത്. ‘കുടുംബങ്ങള്‍ ലോകത്തിന് സുവിശേഷമാകുന്ന’ ഒരുനുഭവമായിരുന്നു ഈ സമ്മേളനം, മാത്രമല്ല സമൂഹങ്ങളുടെ ഭാവി നന്മയ്ക്ക് നല്ല കുടുബങ്ങള്‍ക്കുള്ള പ്രാധാന്യത്തിലേയ്ക്കും വിരല്‍ചൂണ്ടുന്നതായിരുന്നു അത്. അടുത്ത അന്താരാഷ്ട്ര കുടുംബസംഗമം 2015-ാമാണ്ടില്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ ആയിരിക്കുമെന്നും പാപ്പ അറിയിച്ചു.

തുടര്‍ന്ന് വിവിധ ഭാഷക്കാരായ തീര്‍ത്ഥാടകരെ പാപ്പ അഭിസംബോധനചെയ്തു.
പൊതു ദര്‍ശന പരിപാടിയുടെ സമാപനത്തില്‍ ഇറ്റലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയവരെയും പാപ്പാ പ്രത്യേകമായി അഭിസംബോധന ചെയ്യുകയുണ്ടായി. ചത്വരത്തില്‍ സന്നിഹിതരായിരുന്ന രോഗികളെയും നവദമ്പതികളെയും യുവാക്കളെയും പാപ്പ പ്രാര്‍ത്ഥനയോടെ അനുസ്മരിച്ചു.
ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹം സഹോദര സ്നേഹത്തില്‍ ജീവിക്കാനും വളരാനും യുവാക്കളെ സഹായിക്കട്ടെ. പ്രിയ രോഗികളേ, നിങ്ങളുടെ വേദനയില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. സഭ മുഴുവനും നിങ്ങല്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. അതുപോലെ പ്രിയ നവദമ്പതിമാരേ, ദൈവസ്നേഹത്തിലുള്ള കൂട്ടായ്മ നിങ്ങളുടെ കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനമായിരിക്കട്ടെ.

റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ വ്യാഴാഴ്ച ആചരിക്കുവാന്‍ പോകുന്ന പരിശുദ്ധ കുര്‍ബ്ബനായുടെ തിരുനാളിനെക്കുറിച്ചും പാപ്പാ ജനങ്ങളെ അനുസ്മരിപ്പിച്ചു. പരിശുദ്ധ കുര്‍ബ്ബാനയിലുള്ള വിശ്വാസവും ഭക്തിയും പ്രകാടമാക്കുന്ന മഹോത്സവത്തില്‍ പങ്കെടുക്കാന്‍ പാപ്പ റോമിലെ വിശ്വാസികളെയും തീര്‍ത്ഥാടകരെയും പ്രത്യേകം ക്ഷണിക്കുകയുമുണ്ടായി. പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥന എല്ലാവരും ചേര്‍ന്ന് ആലപിച്ചിതിനെ തുടര്‍ന്ന് പാപ്പാ ഏവര്‍ക്കും തന്‍റെ അപ്പോസ്തോലിക ആശിര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.