2012-06-03 19:25:26

ഉല്ലാസവും തൊഴിലും ബദ്ധപ്പാടും
കോര്‍ത്തിണക്കി ജീവിക്കണമെന്ന് പാപ്പ


4 ജൂണ്‍ 2012, മിലാന്‍
(ഇറ്റലിയിലെ മിലാനില്‍ നടന്ന ഏഴാമത് അന്താരാഷ്ട്ര കുടുംബസംഗമത്തിന്‍റെ സമാപന ദിവ്യബലിയില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ നല്കിയ സന്ദേശം.)

“കുടുംബജീവിതത്തില്‍ തൊഴിലും ഉല്ലാസവും” എന്ന പ്രമേയവുമായാണ് പതിനായിരത്തോളം കുടുംബങ്ങള്‍ മിലാനില്‍ സമ്മേളിച്ചത്. മെയ് 30-ന് ആരംഭിച്ച കുടുബങ്ങളുടെ ആഗോള സംഗമത്തില്‍ പാപ്പാ സന്നിഹിതനായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. തന്‍റെതന്നെ കുടുംബാനുഭവം പങ്കുവച്ചും, ദമ്പതികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും, അവരുടെ സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ശ്രവിച്ചും മനസ്സിലാക്കിയും പാപ്പാ മൂന്നു ദിവസങ്ങള്‍ മിലാനില്‍ ചിലവഴിച്ചു. സമാപനദിനമായ ജൂണ്‍ 3-ാം തിയതി ഞായറാഴ്ച രാവിലെ മിലാനിലെ ബ്രെസ്സോ പാര്‍ക്ക് മൈതാനിയില്‍ കുടുംബങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷ
വിചിന്തനത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ.

പ്രിയ സഹോദരീ സഹോദരന്മാരേ, മെത്രാന്മാരേ, വിശിഷ്ഠാഥിതികളേ, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള കുടുംബങ്ങള്‍ പത്രോസിന്‍റെ പിന്‍ഗാമിയോട് ഒത്തുചേര്‍ന്ന്
ഈ പ്രഭാതത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് ആനന്ദത്തിന്‍റെയും കൂട്ടായ്മയുടെയും മഹത്തായൊരനുഭവമാണ്. ക്രിസ്തു സ്ഥാപിച്ച ഏകവും സാര്‍വ്വത്രികവുമായ സഭയുടെ വാചാലമായൊരു പ്രതിബിംബമാണ് ഈ വേദിയില്‍ ഉയര്‍ന്നു നില്ക്കുന്നത്. ഒപ്പം,
“നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍” (മത്തായി 28, 18-19) എന്ന്
ക്രിസ്തു തന്‍റെ അപ്പസ്തോലന്മാര്‍ക്കു നല്കിയ പ്രേഷിതദൗത്യത്തിന്‍റെ സമൃദ്ധമായ ഫലപ്രാപ്തിയും
ഈ സംഗമത്തില്‍ തെളിഞ്ഞു നില്ക്കുന്നു.

ഏഴാമത് അന്തര്‍ദേശിയ കത്തോലിക്കാ കുടുംബ സംഗമത്തിന്‍റെ മുഖ്യ ശില്പികളായ മിലാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ ആഞ്ചെലോ സ്ക്കോളാ, കുടുംബങ്ങള്‍ക്കായുള്ള പൊന്തഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഏന്നിയോ ആന്തൊനേല്ലി എന്നിവരെയും അവരുടെ സഹായികളായ മെത്രാന്മാരെയും വൈദികരെയും സന്ന്യസ്തരെയും അല്‍മായ പ്രമുഖരെയും ഞാന്‍ നന്ദിയോടെ അനുസ്മരിക്കുന്നു. അതുപോലെ സംഗമത്തിന്‍റെ നടത്തിപ്പിന് സഹകരിക്കുകയും ഇവിടെ സന്നിഹിതരായിരിക്കുകയും ചെയ്യുന്ന പൗരപ്രമുഖരേയും നഗരാധിപന്മാരേയും ഞാന്‍ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു. ഇവിടെ കൂടിയിരിക്കുന്ന ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള എല്ലാ കുടുംബങ്ങളെയും ഞാന്‍ ഹാര്‍ദ്ദമായി സ്വാഗതംചെയ്യട്ടെ. നിങ്ങളുടെ സ്നേഹസാന്നിദ്ധ്യത്തിനും പങ്കാളിത്തത്തിനും പ്രത്യേകം നന്ദിപറയുന്നു.

ജ്ഞാനസ്നാനത്തിലൂടെ “പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണ് ഓരോ ക്രൈസ്തവനും കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ദൈവത്തെ ആബാ – പിതാവേ എന്നു വിളിക്കുന്നത്. അങ്ങനെ നാം ദൈവത്തിന്‍റെ മക്കളാണെന്ന് ആത്മാവു വെളിപ്പുടുത്തി തരുന്നു. നാം മക്കളാണെങ്കില്‍ അവകാശികളുമാണ്. ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളുമാണ്” നാമെന്ന് പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ ഇന്നത്തെ രണ്ടാം വായനയില്‍ നമ്മെ പഠിപ്പിക്കുന്നു (റോമാക്കാര്‍ 8, 15, 17).

സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ നിര്‍ണ്ണായകമായ പരിപൂര്‍ണതയില്‍ എത്തിച്ചേരുംവരെ നാം സ്വീകരിച്ച നവവും ദൈവികവുമായ ജീവന്‍റെ നാമ്പ് മുളപൊട്ടി വളരണം. അങ്ങനെ നാം സഭയിലെ അംഗങ്ങളും, ദൈവത്തിന്‍റെ കുടുംബവും ത്രിത്വത്തിന്‍റെ ശ്രീകോവിലും (Sacrarium Trinitatis) ആയിത്തീരുന്നു എന്നാണ് വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വീക്ഷണത്തില്‍, ക്രൈസ്തവര്‍ ജ്ഞാനസ്നാനത്തിലൂടെ “പിതാവിന്‍റെയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും ഐക്യത്തിലുള്ള നവജനമായി തീരുന്നു” (Lumen Gentium, 4). ഈ കൂട്ടായ്മയുടെ രഹസ്യം ധ്യാനിക്കുവാനും പരിശുദ്ധ ത്രിത്വത്തിലുള്ള ഐക്യവും സ്നേഹവും മാതൃകയാക്കിക്കൊണ്ട് ദൈവത്തോടും സഹോദരങ്ങളോടും രമ്യപ്പെടുവാനുള്ള ക്ഷണമാണ് ഇന്നു നാം ആഘോഷിക്കുന്ന പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍. ചുരുക്കത്തില്‍ ത്രിത്വത്തിന്‍റെ മനോഹാരിത സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ചെറുസമൂഹങ്ങള്‍ വളര്‍ത്താന്‍ വിളിക്കപ്പെട്ടവരും, അങ്ങനെ വാക്കാല്‍ മാത്രമല്ല, അനുദിനം ജീവിക്കുന്ന സ്നേഹത്തിന്‍റെ പ്രകാശത്താല്‍ സുവിശേഷ പ്രഘോഷകരാകേണ്ടവരുമാണ് ക്രൈസ്തവ മക്കള്‍.

സഭാ ജീവിതത്തില്‍ മാത്രമല്ല, സ്ത്രീയും പുരുഷനും ഒന്നാകുന്ന വിവാഹ ഐക്യത്തിലും ത്രിത്വൈക ഐക്യം പ്രതിഫലിപ്പിക്കേണ്ടതാണ്. “ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു, സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു,” എന്നാണ്
നാം ഉല്പത്തി പുസ്തകത്തില്‍ വായിക്കുന്നത് (ഉല്പത്തി 1, 27-28). രണ്ടുപേരും പരസ്പര ദാനമാകുന്നതിനും ആദരിക്കുന്നതിനും, സ്നേഹത്തിന്‍റെയും ജീവന്‍റെയും കൂട്ടായ്മയാകുന്നതിനുംവേണ്ടി, സ്ത്രീ പുരുഷന്മാരെ ദൈവം തുല്യ അന്തസ്സിലും എന്നാല്‍ വ്യത്യസ്തവും പരസ്പര പൂരകങ്ങളുമായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ ഉള്ളവരുമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യവ്യക്തിയെ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ പ്രതിഛായയാക്കി മാറ്റുന്നത് സ്നേഹമാണ്.

പ്രിയ ദമ്പതിമാരേ, ജീവിതങ്ങളുടെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലാണ് ദാമ്പത്യത്തിന്‍റെ
പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്. പരസ്പരമുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിലൂടെയും പങ്കുവയ്ക്കലിലൂടെയുമാണ് ഏറ്റവും ആദ്യമായി ദാമ്പത്യസ്നേഹം സഫലീകൃതമാക്കേണ്ടത്.
ഉദാരവും ഉത്തരവാദിത്വ പൂര്‍വ്വകവുമായ സന്താനോല്പാദനത്തിലൂടെയും, മക്കളെ ജാഗ്രതയോടും വിവേകത്തോടുംകൂടെ നല്ല വിദ്യാഭ്യാസം നല്കി ശ്രദ്ധാപൂര്‍വ്വം പോറ്റിവളര്‍ത്തുന്നതിലുമാണ് കുടുബജീവിതം ഫലവത്താകുന്നത്. സമൂഹത്തിന്‍റെ അടിത്തറയാണ് കുടുംബം. കാരണം പരസ്പര ബഹുമാനം, ഔദാര്യം, വിശ്വസ്തത, ഉത്തരവാദിത്തം, സഹാനുഭാവം, സഹകരണം എന്നീ സാമൂഹ്യപുണ്യങ്ങളുടെ സമുന്നതവും പകരംവയ്ക്കാനാവാത്തതുമായ വിദ്യാലയമാണ് കുടുംബം.
പ്രിയ മാതാപിതാക്കളേ, സാങ്കേതികയുടെ കുത്തൊഴുക്കുള്ള ലോകത്ത് നിങ്ങളുടെ മക്കളെ നേര്‍വഴിയില്‍ നയിക്കുകയും, പ്രശാന്തമായ ആത്മവിശ്വാസവും, ജീവിക്കാനുള്ള ആത്മധൈര്യവും, വിശ്വാസ ധീരതയും ഉന്നതാദര്‍ശങ്ങളും, ബലഹീനതകളില്‍ പിന്‍ബലവും നിങ്ങളുടെ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണം.

എന്‍റെ മുന്നിലിരിക്കുന്ന കുട്ടികളോട് ഞാന്‍ ഒരു വാക്കു പറയട്ടെ. നിങ്ങളുടെ മാതാപിതാക്കളോട് ആഴമായ സ്നേഹവും സൂക്ഷ്മമായ കരുതലും എന്നും പുലര്‍ത്തേണ്ടതാണ്.
അതുപോലെ സഹോദരങ്ങളുമായുള്ള പരസ്പര ബന്ധത്തെ എപ്പോഴും സ്നേഹത്തില്‍ വളരുന്നതിനുള്ള അവസരമായും നിങ്ങള്‍ കാണേണ്ടതാണ്. വിവാഹബന്ധത്തെ കൂദാശയായി ഉയര്‍ത്തിയ ക്രിസ്തുവിലാണ് കുടുംബങ്ങള്‍ക്കായുള്ള ദൈവികപദ്ധതിയുടെ പൂര്‍ണ്ണിമ കണ്ടെത്തേണ്ടത്.
പ്രിയ ദമ്പതികളേ, പരിശുദ്ധാത്മ ദാനത്തിലൂടെ ക്രിസ്തു അവിടുത്തെ കൗദാശിക സ്നേഹത്തില്‍ നിങ്ങള്‍ക്ക് പങ്കാളിത്തം നല്കുകയും നിങ്ങളെ അവിടുത്തെ വിശ്വസ്തവും സാര്‍വ്വത്രികവുമായ
സഭാ സ്നേഹത്തിന്‍റെ അടയാളങ്ങളാക്കി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഈ ദാനം സ്വീകരിച്ചും വിവാഹമെന്ന കൂദാശയുടെ കൃപാവരത്തില്‍നിന്നും ലഭിക്കുന്ന കരുത്താര്‍ജ്ജിച്ചുകൊണ്ട്, വിശ്വാസത്തിലുള്ള നിങ്ങളുടെ സമ്മതവും സമര്‍പ്പണവും നവീകരിക്കാനായാല്‍ നിങ്ങളുടെ കുടുംബങ്ങള്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ മാതൃകയില്‍ ദൈവസ്നേഹത്തില്‍ വളരും എന്നതില്‍ സംശയമില്ല. നിങ്ങള്‍ കന്യകാ നാഥയുടെയും വിശുദ്ധ യൗസേപ്പിതാവിന്‍റെയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക. ദൈവസ്നേഹത്തിന്‍റെ സമൃദ്ധി ലഭിക്കുവാന്‍ അവര്‍ നിങ്ങളെ സഹായിക്കും. സ്നേഹിക്കുവാനുള്ള നിങ്ങളുടെ ദൈവവിളി ഇക്കാലഘട്ടത്തില്‍ ജീവിക്കുക ഏറെ ക്ലേശകരമാണ്. എന്നാല്‍ സ്നേഹമുള്ള കുടംബങ്ങള്‍ക്കു മാത്രമേ ഇന്നത്തെ ലോകത്തെ നവീകരിക്കാനാവൂ. സ്നേഹത്തില്‍ വളര്‍ന്ന നിരവധി കുടുംബങ്ങളുടെ മാതൃകള്‍ നമ്മുടെ മുന്നിലുണ്ട്.

നിരന്തരമായി ദൈവിക ഐക്യത്തില്‍ ജീവിച്ചും, സഭാ ജീവിതത്തില്‍ പങ്കുചേര്‍ന്നും, സംവാദത്തിന്‍റെ ശൈലി വളര്‍ത്തിയും, മറ്റുള്ളവരുടെ വീക്ഷണങ്ങളെ മാനിച്ചും, സേവനജീവിതത്തിനു സന്നദ്ധരായും, മറ്റുള്ളവരുടെ വീഴ്ചകളില്‍ തുണച്ചും, അവരോടു ക്ഷമിച്ചും, ക്ഷമ യാചിച്ചും, ബുദ്ധിപൂര്‍വ്വവും എളിമയോടുംകൂടെ പ്രതിസന്ധികളെ മറികടന്നും, കുടുംബ മൂല്യങ്ങള്‍ ആദരിച്ചും, മറ്റു കുടുംബങ്ങളോടു തുറവു കാണിച്ചും, പാവങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചും സാമൂഹ്യ പ്രതിബദ്ധയുള്ളവരായി ജീവിച്ചുമാണ് അവര്‍ സ്നേഹത്തില്‍ വളര്‍ന്നത് എന്നോര്‍ക്കണം. കുടുബത്തെ വളര്‍ത്തുവാന്‍ അത്യന്താപേക്ഷിതമായ ഘടകങ്ങളാണിവ.

പരസ്പരവും മറ്റുള്ളവരോടുമുള്ള സ്നേഹം കുടുംബങ്ങളില്‍ ധൈര്യപൂര്‍വ്വം ജീവിക്കാനായാല്‍, ക്രൈസ്തവ കുടുംബങ്ങള്‍ ജീവിക്കുന്ന സുവിശേഷവും ഉദാത്തമായ ഗാര്‍ഹിക സഭയുമായിത്തീരും (Familiaris Consortio, 49). സഭാ പഠനങ്ങളോട് ചേര്‍ന്നിരിക്കുകയും, എന്നാല്‍ കുടുംബ ജീവിതത്തില്‍ തകര്‍ച്ചയുടെയും വേര്‍പിരിയലിന്‍റെയും അനുഭവങ്ങളുണ്ടായിട്ടുള്ളവരുമായ വ്യക്തികളെയും ഇത്തരുണത്തില്‍ ഞാന്‍ അനുസ്മരിക്കുകയാണ്. നിങ്ങളുടെ വിരഹവേദനയില്‍ സഭയും പാപ്പായും കൂടെയുണ്ടെന്ന് ഉറപ്പുനല്കുന്നു. സഭാ സമൂഹത്തോടു ചേര്‍ന്നു നില്കുവാനും നിങ്ങളെ സഹായിക്കുവാനും ജീവിത പ്രതിസന്ധികളില്‍ തുണയ്ക്കുവാനും രൂപതകള്‍ ഒരുക്കുന്ന ഉചിതമായ പദ്ധതികളോട് സഹകരിക്കുണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

ഈ പ്രപഞ്ചത്തെ ആദ്യദമ്പതികളെ ഭരമേല്‍പ്പിച്ചുകൊണട് അതിനെ തന്‍റെ പദ്ധതിയില്‍ സംരക്ഷിക്കുവാനും വളര്‍ത്തുവാനും ദൈവം ആഹ്വാനംചെയ്തുവെന്ന് നാം ഉല്പത്തി പുസ്തകത്തില്‍ വായിക്കുന്നു (ഉല്പത്തി 2, 15). ഈ ദൗത്യ നിര്‍വ്വഹണത്തില്‍ മനുഷ്യന്‍റെ കരവിരുതും ശാസ്ത്രവും സാങ്കേതികതയും ഉപയോഗിച്ച് ദൈവിക പദ്ധതിയോടു സഹകരിക്കാനും പ്രപഞ്ച ക്രമീകരണം നടത്തുവാനം ദൈവം ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ പ്രതിച്ഛായയായ സ്ത്രീയും പുരുഷനും അവിടുത്തെ സ്നേഹത്തിന്‍റെ പ്രതീകമായി ജീവിച്ചുകൊണ്ടാണ് പ്രപഞ്ച പദ്ധതിയില്‍ പങ്കുകാരാകേണ്ടത്.

തൊഴിലിന്‍റെയും ഉല്പാദനത്തിന്‍റെയും കമ്പോളത്തിന്‍റെയും ഉപഭോഗസംസ്ക്കാരമാണ് ആധുനിക സാമ്പത്തിക ശാസ്ത്രം വളര്‍ത്തുന്നത്. ഉപഭോഗത്തിന്‍റെയും പരമാവധി ലാഭത്തിന്‍റെയും ഏകപക്ഷീയത സമഗ്രമായ പുരോഗതിക്കും കുടുംബങ്ങളുടെ നന്മയ്ക്കും, നീതിപൂര്‍വ്വകമായ സാമൂഹ്യവ്യവസ്ഥിതിക്കും വിഘ്നമാണെന്നും, അത് സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത മാത്സര്യത്തിനും, വ്യാപകമായ അസമത്വത്തിനും അനീതിക്കും അഴിമതിക്കും പരിസ്ഥിതി വിനാശത്തിനും ഉപഭോഗവസ്തുക്കളുടെ ദൗര്‍ലഭ്യത്തിനും കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും വഴിതെളിക്കുമെന്നാണ് ധാര്‍മ്മികതയുടെ ദര്‍ശനവും ചരിത്രത്തിലെ അനുഭവങ്ങളും പഠിപ്പിക്കുന്നത്. ഇന്നത്തെ സാമൂഹ്യ നിര്‍മ്മിതിയെ ഇങ്ങനെ വളരെ തരംതാണ വ്യക്തി താല്പര്യങ്ങളിലേയ്ക്കു വികേന്ദ്രീകരിക്കകയാണെങ്കില്‍ മനുഷ്യന്‍റെ ഉപഭോഗമനഃസ്ഥിതി വ്യക്തികളെയും കുടുംബ ബന്ധങ്ങളെയും തകര്‍ക്കുവാനാണ് സാദ്ധ്യത.

അവസാനമായി, പ്രപഞ്ച സൃഷ്ടിയുടെ ഭാഗവും ദൈവത്തിന്‍റെ പ്രതിച്ഛായയുമായ മനുഷ്യന്‍ വിശ്രമത്തിനും ഉല്ലാസത്തിനും വിളിക്കപ്പെട്ടിരിക്കുന്നു, എന്നും ഓര്‍പ്പിക്കുകയാണ്.
“ദൈവം തന്‍റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നും വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്‍റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി,” എന്ന് ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു (ഉല്പത്തി 2, 2-3). അങ്ങനെ ക്രൈസ്തവര്‍ക്ക് ഞായര്‍ തിരുനാള്‍ ദിനമാണ്, അത് കര്‍ത്താവിന്‍റെ ദിവസവും ആഴ്ചയിലെ ഈസ്റ്റര്‍ ദിനവുമാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുവാനും വളരുവാനും അവിടുത്തെ വചനത്തിന്‍റേയും ദിവ്യകാരുണ്യത്തിന്‍റേയും വിരുന്നു മേശയില്‍ സമ്മേളിക്കുന്ന സഭാസമൂഹത്തിന്‍റെ ദിവസവുമാണ് ഞായര്‍. സമൂഹജീവിതം, സാഹോദര്യം, സഹാനുഭാവം, സംസ്ക്കാരം, പ്രകൃതിസ്നേഹം, വിനോദം, കായിക ഉല്ലാസം എന്നീ വ്യക്തിപരവും മാനുഷികവുമായ മൂല്യങ്ങളുടെ ദിവസമായും നാം ഞായാറാഴ്ചയെ മാനിക്കണം. ആഘോഷവും കൂടിക്കാഴ്ചയും പങ്കുവയ്ക്കലും പ്രാര്‍ത്ഥനയും ദിവ്യബലിയും സംഗമിക്കുന്ന കൂട്ടായ്മയുടെ കൂടുംബദിനവുമാണ് ഞായര്‍. പ്രിയ കുടുംബങ്ങളേ, ആധുനികതയുടെ താളംതെറ്റിയ വ്യാഴവട്ടത്തില്‍ കര്‍ത്താവിന്‍റെ ദിനം നിങ്ങള്‍ മറന്നുപോകരുത്! ദൈവാനുഭവത്തിന്‍റെ സന്തോഷം നേടാനും ആത്മീയ ദാഹം ശമിപ്പിക്കാനും കുടുംബങ്ങള്‍ ഒത്തുചേരേണ്ട മരുപ്പച്ചയായി ഈ ദിനത്തെ നിങ്ങള്‍ കാണണം.

ജീവിതത്തെ എന്നും സമഗ്രമായൊരു സന്തുലിതാവസ്ഥയില്‍ എത്തിക്കേണ്ട മൂന്നു ദൈവിക ദാനങ്ങളാണ് കുടുംബവും തൊഴിലും ഉല്ലാസവും. തൊഴിലിന്‍റെ ബദ്ധപ്പാടുകള്‍ കുടുംബത്തിന്‍റെ ആവശ്യങ്ങളുമായും, ഉദ്യോഗ ജീവിതത്തെ മാതൃത്വത്തിന്‍റെ വെല്ലുവിളികളുമായും, ഉല്ലാസത്തെ തൊഴിലുമായും കൂട്ടിച്ചേര്‍ക്കേണ്ടത് മാനുഷികഭാവമുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്തു നേടും അഥവാ എനിക്കെന്തു കിട്ടും എന്നതിനേക്കാള്‍, ഞാന്‍ എന്ത് ആയിരിക്കും, എന്ത് ആയിത്തീരും - എന്നൊരു യുക്തി വളര്‍ത്തുകയാണ് ഈ മേഖലയില്‍ പ്രധാനപ്പെട്ടത്. എന്തായിരിക്കുമെന്നത് ക്രിയാത്മകവും വളര്‍ത്തുന്നതും ആകുമ്പോള്‍, എന്തു നേടുമെന്ന യുക്തി, സ്വാര്‍ത്ഥവും നാശോന്മുഖവും തകര്‍ക്കുന്നതും ആയിരിക്കും.

കുടുംബത്തിലും അതിന്‍റെ പവിത്രമായ സ്നേഹത്തിലും നാം വിശ്വസിക്കണം. കാരണം അത് ദൈവത്തില്‍നിന്ന് വരുന്നതും ദൈവത്തോട് നമ്മെ ഒന്നിപ്പിക്കുന്നതുമാണ്. നമ്മുടെ അനൈക്യവും അന്തഃച്ഛിദ്രവും അകറ്റി, രൂപാന്തരപ്പെടുത്തി നമ്മെ നാമാക്കുന്നത് പാവനമായ കുടുംബ സ്നേഹമാണ്. കാരണം, ആ സ്നേഹത്തില്‍ ദൈവം എല്ലാവര്‍ക്കും എല്ലാമായിത്തീരുകതന്നെ ചെയ്യും (1കൊറി. 15, 28). ആമ്മേന്‍.








All the contents on this site are copyrighted ©.