2012-06-02 10:06:30

സുവിശേഷപരിചിന്തനം
പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍
3 ജൂണ്‍ 2012


RealAudioMP3
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 3,16-18.

ഈ ദിവസങ്ങളില്‍, മെയ് 30-മുതല്‍ ജൂണ്‍ 3-വരെ തിയതികളില്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ ആഗോള കത്തോലിക്കാ കുടുംബസംഗമം അരങ്ങേറുകയാണ്. പതിനായിരത്തിലേറെ കുടുംബങ്ങളാണ് അവിടെ സമ്മേളിച്ചിരിക്കുന്നത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ടാണ് ത്രിത്വത്തിന്‍റെ തിരുനാളിനോടു ചേര്‍ന്ന് പരിശുദ്ധ പിതാവ് ബന്ഡിക്ട് 16-ാമന്‍ പാപ്പായുടെ നേതൃത്വത്തില്‍ കത്തോലിക്കാ കുടുംബങ്ങള്‍ സമ്മേളിച്ചിരിക്കുന്നത്. മൂന്നു ദിവസവും പാപ്പ കുടുംബങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്നുവെന്നുള്ളത് ഈ സംഗമത്തിന്‍റെ പ്രത്യേകതയാണ്. വെള്ളിയാഴ്ച ജൂണ്‍ ഒന്നാം തിയതി വൈകുന്നേരം മിലാനിലെത്തുന്ന മാര്‍പാപ്പ തുടര്‍ന്നുള്ള ദിവസങ്ങള്‍ പ്രഭാഷണങ്ങള്‍ നടത്തിയും സംവാദത്തിലേര്‍പ്പെട്ടും ചിന്തകള്‍ പങ്കുവച്ചും ദിവ്യബലിയര്‍പ്പിച്ചും അവരോടൊപ്പം ഉണ്ടായിക്കും. ത്രിത്വത്തിന്‍റെ പ്രതീകമായ നസ്രത്തിലെ തിരുക്കുടുംബത്തെ മാതൃകയാക്കിക്കൊണ്ടാണ് കത്തോലിക്കാ കുടുംബങ്ങള്‍ മിലാനില്‍ ആഗോളതലത്തില്‍ സംഗമിച്ചിരിക്കുന്നത്.

ഏകദൈവത്തിന്‍റെ ദര്‍ശനത്തിനു സമാന്തരമായ ത്രിത്ത്വ സങ്കല്പം പുരാതന മതങ്ങളിലെല്ലാം സജീവമായി നിലനില്ക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദുമതത്തിലെ ത്രിമൂര്‍ത്തികളെക്കുറിച്ചുള്ള കാല്പനികത ക്രൈസ്തവ ദര്‍ശനത്തില്‍നിന്നും വ്യത്യസ്തമാണെങ്കിലും ത്രിത്വത്തിന്‍റെ ചിന്തകളോട് സമാന്തരമായിട്ടുള്ളതാണ്.

പ്രാകൃത മതങ്ങളില്‍ ബഹുദേവതാ സങ്കല്പങ്ങളെ ഒന്നിലേയ്ക്ക്, ഏകത്വത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത് ലോകത്തിലെ ക്ലാസിക്കല്‍ മതങ്ങള്‍ അല്ലെങ്കില്‍ പുരാതന മതങ്ങളാണെന്നു പറയാം. പരകോടി ദേവന്മാര്‍ എങ്ങനെ ഏകദൈവത്തിന്‍റെ മുന്നില്‍ നിര്‍വ്വീര്യരായി എന്ന് ഉപനിഷത്തുക്കള്‍ വിവരിക്കുന്നുണ്ട്. ഹൈന്ദവ സങ്കല്പത്തില്‍ മുപ്പതുമുക്കോടി ദേവന്മാരുണ്ട്. ബൃഹാരണ്യക് ഉപനിഷത്തിലെ ഋഷീവര്യന്‍റെ ചോദ്യത്തിന്
3003 ദേവന്മാരുണ്ടെന്നും, പിന്നെ അത് 303 എന്നും, 33 എന്നും, 3 എന്നും
പിന്നെ 2 എന്നും, അവസാനം ഒന്നര ദൈവമെന്നും ബ്രാഹ്മണശ്രേഷ്ഠന്‍ ഉത്തരം പറയുന്നു. ഒടുവില്‍ വന്നുചേരുന്ന പരംബ്രഹ്മം - ഏതു ദേവനാണ് ഏകദൈവമെന്നത് ഇന്നും ഹൈന്ദവ സമൂഹങ്ങളിലെ ദേവപ്രശ്നമാണ്. അങ്ങനെ മനുഷ്യമനസ്സുകളില്‍ അനേകദൈവങ്ങളുടെ പടയും മത്സരവും ഇന്നും നടക്കുമ്പോള്‍ ഏകദൈവത്തിന്‍റെ ദൈവശാസ്ത്രം വികസിപ്പിച്ച് അംഗീകാരം നേടിയ അപൂര്‍വ്വം മതങ്ങളേ ചരിത്രത്തില്‍ കാണുന്നുള്ളൂ. ദൈവം ഒന്ന് – ഏകമാണെന്ന് അവ പഠിപ്പിക്കുന്നു.

ഏകദൈവത്തിലുള്ള വിശ്വാസം ക്രൈസ്തവ മതത്തിന്‍റെ സത്തയും കേന്ദ്രവുമാണ്. ആരാധനക്രമവത്സരത്തില്‍ പെന്തക്കൂസ്താ മഹോത്സവത്തെ തുടര്‍ന്ന് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ ആഗോള സഭ ആഘോഷിക്കുകയാണല്ലോ. നിത്യപിതാവിന്‍റെ സ്നേഹാധിക്യത്തിനും,
കുരിശു മരണവും ഉത്ഥാനവുംവഴി പുത്രനായ ക്രിസ്തു നേടിയ ലോകരക്ഷയ്ക്കും, പുത്രന്‍റെ വാഗ്ദാനമായ ആശ്വാസപ്രദന്‍റെ വരവിനും സാക്ഷൃംവിഹിച്ചശേഷമാണ് എല്ലാറ്റിന്‍റെയും കേന്ദ്രവും ഉറവിടവുമായ പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ സഭ ആഘോഷിക്കുന്നത്.
രൂപമെഴു- ന്നള്ളിക്കലും കൊട്ടും കുരവയുമില്ലാത്ത വാചാലമായ നിശ്ശബ്ദതയുടെ തിരുനാളാണ് പരിശുദ്ധ ത്രിത്വത്തിന്‍റേത്.

പ്രകൃതി ശക്തികളെയും പ്രപഞ്ച വൈശിഷ്ട്യങ്ങളെയും കണ്ടു വിറപൂണ്ടുനിന്ന മനുഷ്യമനസ്സില്‍നിന്നോ, ആകാശരഹസ്യങ്ങളെ അമ്മാനമാടുന്ന ആധുനിക മനുഷ്യന്‍റെ ഹൃദയത്തില്‍നിന്നോ അടര്‍ത്തിമാറ്റാനാവാത്ത അടിസ്ഥാനപരമായ യഥാര്‍തഥ്യമാണ് ഈശ്വരവിശ്വാസം. എന്നാല്‍ താന്‍ വിശ്വസിക്കുന്ന ദൈവത്തിന് മൂന്ന് ആളുകള്‍ ഉണ്ടെന്നു പറയുമ്പോള്‍ ചിന്തകള്‍ വീണ്ടും അഗ്രാഹ്യവും നിഗൂഢവുമായ തലത്തിലേയ്ക്കു
നീങ്ങുകയാണ്. ബുദ്ധിക്ക് അഗ്രാഹ്യമെന്ന് സഭ പഠിപ്പിക്കുന്ന വിശ്വാസ വ്യാഖ്യാനങ്ങളില്‍ ഒന്നാണ് ത്രിത്വരഹസ്യമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഈ മിസ്റ്ററിക്ക് mystery അല്ലെങ്കില്‍ ദിവ്യരഹസ്യത്തിന്‍റെ ദൈവശാസ്ത്രസംഹിതയ്ക്ക് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ആഴവും അര്‍ത്ഥവുമുണ്ട്. താത്വികനായ ഗബ്രിയേല്‍ മാര്‍സേല്‍ മിസ്റ്ററിയെ വ്യാഖ്യാനിക്കുന്നത്, ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാകാത്തതും, എന്നാല്‍ വ്യക്തിപരമായി ഏറ്റവും അധികം ബന്ധപ്പെട്ടതും, സ്വാംശീകരിക്കപ്പെട്ടതുമായ വസ്തുതയായിട്ടാണ്.

ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ത്രിയേക ദൈവമെന്ന മഹാരഹസ്യം നിഗൂഢമായ വിശ്വാസ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ത്രിത്വരഹസ്യം ജീവിതകാലത്ത് ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്ക് പടിപടിയായി വെളിപ്പെടുത്തികൊടുക്കുന്നുണ്ട്. ജോര്‍ദ്ദാന്‍ നദീക്കരയിലെ ജ്ഞാനസ്നാനവേളയില്‍ ആരംഭിച്ച ത്രിത്വരഹസ്യത്തിന്‍റെ വെളിപ്പെടുത്തല്‍ ജരൂസലേമില്‍വച്ചുള്ള അവസാനത്തെ വിടവാങ്ങള്‍ പ്രഭാഷണംവരെ തുടരുന്നുണ്ട്. അന്ത്യത്താഴവേളയില്‍ അവിടുന്ന് കല്പിച്ചു, “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ പാലിക്കും.”
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍. ഒരു വാസസ്ഥാനം പിതൃഗേഹത്തില്‍ ഒരുക്കുവാന്‍ നിങ്ങള്‍ക്കുമുന്നേ ഞാന്‍ പോവുകയാണ്.” (യോഹന്നാന്‍ 14, 1). “ഞാന്‍ മറ്റൊരു സഹായകനെ നിങ്ങള്‍ക്കു നല്കും. സത്യാത്മാവ് നിങ്ങളില്‍ വന്നു വസിക്കും. നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹന്നാന്‍ 14, 16). ഈ തിരുവചനങ്ങള്‍ ത്രിത്വരഹസ്യത്തിലേയ്ക്കും ഏകദൈവത്തിന്‍റെ മൂന്നു ഭാവങ്ങളിലേയ്ക്കും വ്യക്തമായി വിരല്‍ചൂണ്ടുന്നുണ്ട്.

ക്രിസ്തുവിന്‍റെ മരണം വേര്‍പാടായിരുന്നില്ല. ഐക്യത്തിന്‍റെ തുടക്കമാണെന്ന് ഈ വചനം വെളിപ്പെടുത്തുന്നു. പരിശുദ്ധാരൂപിവഴി ഈ ലോകത്ത് നിരന്തരമായി ക്രിസ്തു വസിച്ചുകൊണ്ട്, നമ്മെ നയിക്കുകയും നമുക്ക് നിത്യജീവിന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. പിതാവിന്‍റെ സാന്നിദ്ധ്യവും സ്നേഹവുമാണ് ഉത്ഥിതന്‍റെ സഹവാസം. പിതാവും പുത്രനുമായുള്ള ഗാഢമായ ഐക്യമാണിതിനു നിദാനമാകുന്നത്. പിതാവിനെയും പുത്രനെയും അറിയുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും സഹവാസവും അനുഭവവേദ്യമാകുന്നു. അങ്ങനെ പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്ന ആശ്വാസദായകനായ പരിശുദ്ധാത്മാവ് ക്രിസ്തു ശിഷ്യരില്‍ സന്നിഹിതനായിരിക്കും. അതായത്, ക്രൈസ്തവ ജീവിതത്തിന്നാധാരവും ആന്തരിക ചൈതന്യവുമായ, ക്രിസ്തുവിന്‍റെ നാമത്തില്‍ പിതാവ് അയക്കുന്ന സത്യാത്മാവ് നമ്മില്‍ നിരന്തരം നിലകൊള്ളുന്നു.

നമ്മെ വിശുദ്ധീകരിക്കുന്നതും സത്യത്തിനു സാക്ഷൃംവഹിക്കുവാന്‍ പ്രാപ്തരാക്കുന്നതും ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തില്‍ വളരുവാന്‍ സഹായിക്കുന്നതും ദൈവാത്മാവാണ്. എന്നാല്‍ പരിശുദ്ധാത്മ സാന്നിദ്ധ്യത്തിനുള്ള വ്യവസ്ഥയാണ് ക്രിസ്തിവിന്‍റെ സ്നേഹത്തില്‍ ജീവിക്കുക, നിലനില്ക്കുക എന്നത്. ക്രിസ്തു-സ്നേഹം ജീവിതത്തെ സജീവവും ചലനാത്മകവുമാക്കുന്നു. സ്നേഹത്തില്‍ ജീവിക്കുന്നവര്‍ ദൈവസ്നേഹത്തിനു പാത്രീഭൂതരാകുന്നു. അങ്ങനെ മനുഷ്യര്‍ ത്രിത്വത്തിന്‍റെ ആലയമായി തീരുന്നു. “സ്നേഹം കല്പനകള്‍ പാലിക്കുന്നു,” (വിജ്ഞാനം 6, 18) എന്ന് വിജ്ഞാനത്തിന്‍റെ ഗ്രന്ഥം പഠിപ്പിക്കുന്നു. അപ്പോള്‍ “എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും, ഞങ്ങള്‍ അവന്‍റെ പക്കല്‍വന്ന് വാസമുറപ്പിക്കുകയും ചെയ്യും.”

ദൈവം സ്നേഹമാകുന്നു, എന്നാണ് വിശുദ്ധ യോഹന്നാന്‍ സുവിശേഷകന്‍ പഠിപ്പിക്കുന്നത്. വചനമായ സ്നേഹത്തെക്കുറിച്ചും യോഹന്നാന്‍ പ്രസ്താവിക്കുന്നുണ്ട്. ദൈവം സ്നേഹമാണെന്ന (1യോഹ. 4, 8). നിര്‍വ്വചനം കൂട്ടായ്മയുടെ പ്രതീകമാണ്. കാരണം സ്നേഹിക്കണെങ്കില്‍ ഒന്നില്‍കൂടുതല്‍ വ്യക്തികള്‍ വേണമല്ലോ. ദൈവം സ്നേഹമാണെങ്കില്‍ അവിടുന്നൊരു ആത്മീയ കൂട്ടായ്മയും കുടുംബവുമാണ്. ഈ കൂട്ടായ്മയുടെ ദിവ്യരഹസ്യത്തെയാണ് ത്രിത്വമെന്ന് വിശേഷിപ്പിക്കുന്നത്. പിതാവും സ്രഷ്ടാവുമായ ദൈവവും രക്ഷകനായി മനുഷ്യാവതാരംചെയ്ത ക്രിസ്തുവും ഈ പ്രപഞ്ചത്തെ ഇന്നും നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവാരൂപിയുമാണ് ത്രിത്വത്തിലെ കൂട്ടായ്മ. ദൈവത്തെപ്രതിയുള്ള വിശ്വാസ യുദ്ധമല്ല, മറിച്ച് ആത്മബന്ധത്തിന്‍റെ സ്നേഹവിപ്ളവമാണ് ത്രിത്വരഹസ്യത്തില്‍ ലോകം അനുഭവിക്ക്കേണ്ടത്.
ആ സ്നേഹവിപ്ളവം പൊട്ടിപ്പുറപ്പെട്ട് ലോകത്തെ മുഴുവന്‍ സ്പര്‍ശിക്കണം. അങ്ങനെ ത്രിത്വത്തിന്‍റെ സ്നേഹക്കൂട്ടായ്മ ലോകമെങ്ങും വളരുവാന്‍ ഇടയാകണം.

വിശുദ്ധ തോമസ് അക്വിനാസ് വ്യാഖ്യാനിക്കുന്നതുപോലെ ഒരിക്കലും മനുഷ്യകരങ്ങള്‍ക്ക് കോരി വറ്റിക്കാനാവാത്ത നിഗൂഢവും അനന്തവുമായ കരകാണാക്കടല്‍പോലെയാണ് ഈ ത്രിത്വമഹാരഹസ്യം. എന്നാല്‍ ആ സ്നേഹസാഗരത്തില്‍ നീന്തിയും മുഴുകിയും, ആ ദിവ്യസ്നേഹം നുകര്‍ന്നും ജീവിക്കുവാന്‍ മനുഷ്യമക്കള്‍ക്കു സാധിക്കും. ത്രിത്വത്തിന്‍റെ സ്നേഹക്കൂട്ടായ്മ ക്രൈസ്തവ കുടുംബങ്ങളില്‍ വളര്‍ന്ന് ഈ ലോകംതന്നെ വലിയൊരു
സ്നേഹ-കുടുംബമായും കൂട്ടായ്മയായും പരിണമിക്കട്ടെ.








All the contents on this site are copyrighted ©.