2012-06-01 17:20:09

മറിയം വിശ്വാസത്തിന്‍റെ മാതൃക : മാര്‍പാപ്പ


01 ജൂണ്‍ 2012, വത്തിക്കാന്‍
പരിശുദ്ധ കന്യകാ മറിയത്തെ അനുകരിച്ചുകൊണ്ട് വിശ്വാസത്തിലും ആനന്ദത്തിലും ജീവിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് മാര്‍പാപ്പയുടെ ആഹ്വാനം. പരിശുദ്ധ മറിയത്തിന്‍റെ വണക്കമാസ ആചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് മെയ് 31-ാം തിയതി വത്തിക്കാന്‍ തോട്ടത്തില‍ുള്ള മരിയന്‍ ഗ്രോട്ടോയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
പരിശുദ്ധ കന്യകാ മറിയം പരിപൂര്‍ണ്ണ വിശ്വാസത്തോടെ ദൈവഹിതത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചു. ലാളിത്യത്തോടും എളിമയോടും കൂടെ ദൈവിക പദ്ധതിയോട് പൂര്‍ണ്ണമായി സഹകരിച്ചു. ആത്മാവില്‍ ദാരിദ്ര്യവും ഹൃദയ എളിമയും മൂലമാണ് മറിയം ദൈവവചനത്തെ ഉദരത്തില്‍ സംവഹിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അനുദിന ജീവിതത്തിലെ പ്രതിസന്ധികള്‍ ഉത്ഥിതനായ ക്രിസ്തുവില്‍ ആരംഭം കുറിച്ച ആത്മീയ വസന്തത്തിലേക്കുള്ള മുന്നൊരുക്കമായി കണക്കാക്കാന്‍ പരിശുദ്ധ മറിയത്തിന്‍റെ മാതൃക നമുക്കു പ്രചോദനം നല്‍കുന്നു.
“പ്രത്യാശയില്‍ സന്തോഷിക്കുവിന്‍, ക്ലേശങ്ങളില്‍ സഹന ശീലമുള്ളവരായിരിക്കുവിന്‍, പ്രാര്‍ത്ഥനയില്‍ സ്ഥിരത ഉള്ളവരായിരിക്കുവിന്‍ (റോമ 12:12)” എന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ മറിയത്തിന്‍റെ സ്തുതിഗീതത്തിന്‍റെ പ്രതിധ്വനിയാണ്. പരിശുദ്ധ മറിയത്തെ അനുകരിച്ചുകൊണ്ട് കര്‍ത്താവിന്‍ ആനന്ദിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. ജീവിത പ്രതിസന്ധികളെ പ്രശാന്തതയോടെ നേരിട്ടുകൊണ്ട് പ്രാര്‍ത്ഥനയില്‍ ഉറച്ചു നില്‍ക്കാന്‍ ഏവരേയും മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.