2012-05-31 17:25:34

ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം : രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം


30 മെയ് 2012, വത്തിക്ക‍ാന്‍
ഭൂകമ്പ ദുരിതം അനുഭവിക്കുന്ന വടക്കു കിഴക്കന്‍ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കത്തോലിക്കാ ഉപവി സംഘടന കാരിത്താസ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്‍ നിരയിലുണ്ട്. എമിലിയ റൊമാഞ്ഞ പ്രവിശ്യയില്‍ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
മെയ് 20ാം തിയതി ഞായറാഴ്ച പുലര്‍ച്ചെ ഇതേ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ആറു പേര്‍ മരിച്ചിരുന്നു. റിക്ടര്‍ സ്ക്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ പ്രസ്തുത ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളില്‍ പലതും ചൊവ്വാഴ്ച 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തകര്‍ന്നു വീണു. മൊദേന, വെനീസ്, പിസ, മിലാന്‍, ബൊളോഞ്ഞ്യ, റവെന്ന, വെനെത്തോ എന്നീ നഗരങ്ങളില്‍ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മേഖലയില്‍ ചെറുചലനങ്ങള്‍ ഉണ്ടായിരുന്നു.
ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോന്തി അനുശോചനം അറിയിച്ചു.








All the contents on this site are copyrighted ©.