2012-05-31 17:24:32

ഇറാക്കില്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വം


30 മെയ് 2012, കിര്‍ക്കുക്ക്
ഇറാക്കിലെ സഭ രക്തസാക്ഷികളുടെ സഭയെന്ന് കിര്‍ക്കുക്ക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോ. ‘എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പാരീസില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അപ്പസ്തോലന്‍മാരുടെ കാലത്തെന്നപ്പോലെ ഇപ്പോഴും രക്തസാക്ഷിത്വം വരിക്കുന്ന സഭയാണ് ഇറാക്കിലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇറാക്കില്‍ രക്തസാക്ഷിത്വം വരിച്ച 973 ക്രൈസ്തവര്‍ നല്‍കിയ വിശ്വാസ സാക്ഷൃം ഒരിക്കലും വ്യര്‍ത്ഥമാവുകയില്ലെന്ന് ആര്‍ച്ചുബിഷപ്പ് സാക്കോ പ്രസ്താവിച്ചു. വിദേശ രാജ്യങ്ങളിലുള്ള ക്രൈസ്തവരുടെ പ്രാര്‍ത്ഥനയും പിന്തുണ്ണയും സ്വരാജ്യത്തു നിന്നു പലായനം ചെയ്യാതെ വിശ്വസ്തതയോടെ ക്രിസ്തുവിനു സാക്ഷൃം നല്‍കാന്‍ ഇറാക്കിലെ ക്രൈസ്തവര്‍ക്കു പ്രചോദനമാകുമെന്ന് ആര്‍ച്ചുബിഷപ്പ് സാക്കോ തദ്ദവസരത്തില്‍‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു പ്രത്യയ ശാസ്ത്രം പോലെയല്ല വിശ്വാസം. ക്രിസ്തുവിനോടുള്ള സൗഹൃദവും ഐക്യവുമാണത്. ആദിമ ക്രൈസ്തവരെ പോലെ ഏതു പ്രതികൂല സാഹചര്യത്തിലും ക്രിസ്തുവിനു സാക്ഷൃം നല്‍കാന്‍ സമകാലിക ക്രൈസ്തവര്‍ക്കു സാധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഉദ്ബോധിപ്പിച്ചു.
ഉത്തര ഇറാക്കിലെ കിര്‍ക്കുക്ക് അതിരൂപതയുടെ അധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോയെ കൂടാതെ ചൈനീസ് കര്‍ദിനാള്‍ ജോസഫ് സെന്‍, ഈജിപ്തിലെ കോപ്ടിക് ബിഷപ്പ് കിറോലോസ് വില്ലൃം സിമാന്‍, പാക്കിസ്ഥാനില്‍ വധിക്കപ്പെട്ട ഷബാസ് ഭട്ടിയുടെ സഹോദരനും ദേശീയ മതസൗഹാര്‍ദ ഉപദേശക സമിതി അംഗവുമായ പോള്‍ ഭട്ടി എന്നിവരും സമ്മേളനത്തില്‍ പ്രഭാഷണം നടത്തി.








All the contents on this site are copyrighted ©.