2012-05-29 16:44:14

സിറിയന്‍ കലാപം: കൊടും ക്രൂരത അവസാനിപ്പിക്കാന്‍ അപ്പസ്തോലിക സ്ഥാനപതിയുടെ ആഹ്വാനം


28 മെയ് 2012, ഡമാസ്ക്കസ്
സിറിയയില്‍ നടക്കുന്ന കൊടും ക്രൂരത അവസാനിപ്പിക്കാന്‍ സിറിയയിലെ അപ്പസ്തോലിക സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരിയുടെ ആഹ്വാനം. ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അസ്ഥിരതയും അരക്ഷിതാവസ്ഥയും അക്രമവും കൊലപാതകവും തുടരുന്ന സിറിയയിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിലെ ഹൗളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികളടക്കം 92 ല്‍ അധികം പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തെ ആര്‍ച്ചുബിഷപ്പ് മാരിയൊ സെനാരിയോ ശക്തമായി അപലപിച്ചു. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്ത് നടക്കുന്ന കൊടും ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമാധാനവും പ്രത്യാശയുമുള്ള ഒരു ഭാവി സിറിയില്‍ ഉണ്ടാകുന്നതിനുവേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ക്രൈസ്തവരും മുസ്ലീമുകളും അടക്കം എല്ലാ ദൈവവിശ്വാസികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സിറിയന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഷാബിന എന്ന പേരുള്ള സിറിയന്‍ സൈനികവിഭാഗമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ കൂട്ടക്കൊലയ്ക്ക് സൈന്യത്തിന് പങ്കിലെന്നും തീവ്രവാദികളാണ് ഇതിന് പിന്നിലെന്നുമാണ് സിറിയന്‍ സര്‍ക്കാരിന്‍റെ നിലപാട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍സംഘത്തെ അയച്ചുവെന്ന് സിറിയന്‍ വിദേശകാര്യവക്താവ് ജിഹാദ് മക്ദിസ്സി അറിയിച്ചു.
ഏപ്രില്‍ മാസത്തില്‍ സമാധാനക്കരാര്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതിയാണ് ഹൗളയില്‍ നടന്നത്. സംഭവത്തെ വിവിധ ലോക രാജ്യങ്ങളും യു.എന്നും രൂക്ഷമായി വിമര്‍ശിച്ചു. ഹൗള കൂട്ടക്കൊല അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സമാധാനക്കരാറിന് നേതൃത്വം നല്‍കുന്ന കോഫി അന്നനും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
കൂട്ടക്കൊലയെത്തുടര്‍ന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ കൊലപാതക ഭരണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ ആഴ്ച തന്നെ യു.എന്‍. സുരക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.