2012-05-29 16:43:14

പരിശുദ്ധ ദിനഹാ നാലാമന്‍ പാത്രിയാര്‍ക്കീസിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി : മാര്‍പാപ്പയുടെ ആശംസകള്‍


28 മെയ് 2012, വത്തിക്കാന്‍
മെത്രാഭിഷേകത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന അസ്സീറിയന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിനഹാ നാലാമന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നു. പാത്രിയാര്‍ക്കീസിന്‍റെ ശുശ്രൂഷയിലൂടെ അസ്സീറിയന്‍ പൗരസ്ത്യ സഭയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്കു ദൈവത്തിനു നന്ദി പറഞ്ഞ മാര്‍പാപ്പ അദ്ദേഹം സഭൈക്യ സംരംഭങ്ങള്‍ക്കു നല്‍കിയ സംഭാവനകളും തദ്ദവസരത്തില്‍ കൃതജ്ഞതയോടെ അനുസ്മരിച്ചു. സഭകള്‍ തമ്മില്‍ ക്രിയാത്മകമായ സംവാദവും ഫലപ്രദമായ സഹകരണവും സൗഹൃദവും വളര്‍ത്താന്‍ പാത്രിയാര്‍ക്കീസ് നടത്തിയ പരിശ്രങ്ങളില്‍ താന്‍ കൃതാര്‍ത്ഥനാണെന്ന് മാര്‍പാപ്പ ആശംസാ സന്ദേശത്തില്‍ രേഖപ്പെടുത്തി.
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അന്തിമോപചാര ചടങ്ങുകളില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ദിനഹാ നാലാമന്‍ പങ്കെടുത്തിരുന്നു. അതിനു മുന്‍പ് ഒരു സംയുക്ത ദൈവശാസ്ത്ര രേഖയില്‍ ഒപ്പുവയ്ക്കാനായി 1994ലും അദ്ദേഹം റോമിലെത്തി. തുടര്‍ന്നു രൂപീകരിക്കപ്പെട്ട കത്തോലിക്കാ സഭയുടേയും പൗരസ്ത്യ അസ്സീറിയന്‍ സഭയുടേയും സംയുക്ത ദൈവശാസ്ത്ര സമിതി നിരവധി ഫലങ്ങള്‍ നല്‍കി. സഭകള്‍ തമ്മിലുള്ള പരിപൂര്‍ണ്ണമായ ഐക്യം ലക്ഷൃം വച്ച് പ്രവര്‍ത്തിക്കുന്ന സംയുക്ത ദൈവശാസ്ത്ര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പാത്രിയാര്‍ക്കീസ് നല്‍കിയ പിന്തുണയും മാര്‍പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. 2007ല്‍ റോം സന്ദര്‍ശിച്ച വേളയിലാണ് സംയുക്ത ദൈവശാസ്ത്ര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പാത്രിയാര്‍ക്കീസ് പ്രോത്സാഹനം പകര്‍ന്നത്.
ഇറാക്കിലേയും മധ്യപൂര്‍വ്വദേശത്തേയും ക്രൈസ്തവ സമൂഹങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടമാക്കിയ മാര്‍പാപ്പ ഐക്യത്തോടെ സുവിശേഷ സാക്ഷൃം നല്‍കാന്‍ അവര്‍ക്കു സാധിക്കട്ടെയെന്നും ആശംസിച്ചു. മധ്യപൂര്‍വ്വദേശത്ത് സമാധാനവും അനുരഞ്ജനവും സ്ഥാപിക്കുന്നതിനും, അജപാലനരംഗത്ത് ഒരുമിച്ചു പ്രവര്‍ത്തിക്കുവാനും, പൗരസ്ത്യ അസ്സീറിയന്‍ സഭാംഗങ്ങളും കത്തോലിക്കാ സഭാംഗങ്ങളും തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കുന്നതിനും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ രേഖപ്പെടുത്തി.
അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ കല്‍ദായ സുറിയാനി സഭ.









All the contents on this site are copyrighted ©.