2012-05-29 16:45:30

ആര്‍ച്ചുബിഷപ്പ് ഭരണികുളങ്ങര സഭൈക്യത്തിനു പ്രാധാന്യം നല്‍കുന്നു


28 മെയ് 2012, ന്യൂഡല്‍ഹി
സഭാ സമൂഹങ്ങളുടെ ഐക്യം കാത്തുസംരക്ഷിക്കേണ്ടത് സുപ്രധാനമെന്ന് സീറോ മലബാര്‍ സഭയുടെ പുതിയ രൂപതയായ ഫരീദാബാദ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ 26ാം തിയതി ശനിയാഴ്ച നടന്ന നടന്ന മെത്രാഭിഷേക ചടങ്ങിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. അജപാലന ശുശ്രൂഷയില്‍ കുടുംബങ്ങളുടെ ശാക്തീകരണത്തിനും, ദൈവവിളി പ്രോത്സാഹനത്തിനും, സാമൂഹ്യ നീതിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

ഫരീദാബാദിലെ ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തില്‍ 27ാം തിയതി ഞായറാഴ്ച നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ഫരീദാബാദ് രൂപതയുടെ പ്രഥമ അധ്യക്ഷനായി ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണകുളങ്ങര സ്ഥാനമേറ്റു.

മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയെ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ ബദര്‍പൂരില്‍ നിന്നു സ്വീകരിച്ച് ഘോഷയാത്രയായാണ് രൂപത കേന്ദ്രമായ ക്രിസ്തുരാജ കത്തീഡ്രലിലേക്ക് ആനയിച്ചത്. തുടര്‍ന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിയമനപത്രം ലത്തീനിലും ഇംഗ്ളീഷിലും സ്ഥാനാരോഹണ ചടങ്ങിനു മുന്നോടിയായി വായിച്ചു. അതിനു ശേഷം സ്ഥാന കിരീടവും അംശവടിയും അണിഞ്ഞ നവാഭിഷിക്തനെ മുഖ്യകാര്‍മികനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക പീഠത്തില്‍ ഇരുത്തി.

തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു നവാഭിഷിക്തനായ മാര്‍ ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാഭിഷേകത്തിലും സ്ഥാനാരോഹണത്തിലും ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. വിന്‍സെന്റ് കോണ്‍സസാവോ, എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് സാല്‍വത്തോറെ പെനാക്കിയോ, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ബോസ്കോ പുത്തൂര്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ തുടങ്ങി നിരവധി ബിഷപ്പുമാരും വൈദികരും വിശ്വാസികളും പങ്കെടുത്തു.


സീറോ മലബാര്‍ സഭയുടെ പുതിയ രൂപതയുമായി സര്‍ക്കാര്‍ തുറന്ന മനസോടെ സഹകരിക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രസ്താവിച്ചു. ഫരീദാബാദ് രൂപതയുടെ ഉദ്ഘാടനവും പ്രഥമ ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മെത്രാഭിഷേക ചടങ്ങും അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അവര്‍. മലയാളസമൂഹത്തിനും ഡല്‍ഹിയുടെ വികസനത്തിനും കത്തോലിക്കാ സഭ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൃജ്ഞതയോടെ അനുസ്മരിച്ചു.
സ്നേഹം, ദയ, കാരുണ്യം, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള അനുകമ്പ തുടങ്ങി സഭ ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതശൈലിക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്കു ഫരീദാബാദ് രൂപത പ്രാധാന്യം നല്‍കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

ദേശീയ തലസ്ഥാന മേഖലയില്‍ സീറോ മലബാര്‍ സഭയ്ക്കു വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ടെന്നു ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച കേന്ദ്ര ഭക്ഷൃമന്ത്രി പ്രഫ. കെ.വി. തോമസ് പറഞ്ഞു. സംസ്ഥാന മന്ത്രി കിരണ്‍ വാലിയ, സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് ഡോ. വിന്‍സെന്റ് കോണ്‍സസാവോ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.








All the contents on this site are copyrighted ©.