2012-05-22 17:32:52

തിന്‍മയുടെ ശക്തികള്‍ക്കെതിരേ പോരാടുക: മാര്‍പാപ്പ


22 മെയ് 2012, വത്തിക്കാന്‍
ലോകത്തില്‍ പ്രകടമാകുന്ന തിന്‍മയുടെ ശക്തികള്‍ക്കെതിരേ പോരാടാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേപ്പല്‍ സ്ഥാനാരോഹണത്തിന്‍റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 21ാം തിയതി കര്‍ദിനാള്‍ സംഘത്തിനു നല്‍കിയ സ്നേഹവിരുന്നിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. മാര്‍പാപ്പയുടെ പിറന്നാള്‍ ആഘോഷത്തിലും സ്ഥാനാരോഹണ വാര്‍ഷികത്തിലും കര്‍ദിനാള്‍മാര്‍ അര്‍പ്പിച്ച പ്രാര്‍ത്ഥന ആശംസകള്‍ക്കു മാര്‍പാപ്പ തദ്ദവസരത്തില്‍ നന്ദി പറഞ്ഞു. മാര്‍പാപ്പയുടെ 85-ാം പിറന്നാള്‍ ഏപ്രില്‍ 16-ാം തിയതിയും സ്ഥാനാരോഹണത്തിന്‍റെ 7-ാം വാര്‍ഷികം 19ാം തിയതിയും ആയിരുന്നു.

തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഒരുക്കിയിരുന്ന സ്നേഹ വിരുന്നില്‍ കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ കര്‍ദിനാള്‍ സംഘത്തിന്‍റെ പേരില്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
കര്‍ദിനാള്‍ സംഘം തനിക്ക് നല്‍കുന്ന സഹായത്തിനും പിന്തുണ്ണയ്ക്കും മാര്‍പാപ്പ കൃതജ്ഞ രേഖപ്പെടുത്തി. തന്‍റെ ജീവിതത്തില്‍ ആനന്ദകരമായ ദിനങ്ങളും അതുപോലെ തന്നെ അന്ധകാര രാത്രികളും തനിക്കു നല്‍കിയ ദൈവത്തിനു മാര്‍പാപ്പ നന്ദി പറഞ്ഞു. അന്ധകാര രാത്രികള്‍ ആവശ്യകവും നന്‍മയ്ക്കു ഉപകരിക്കുന്നതാണെന്നും പാപ്പ അഭിപ്രായപ്പെട്ടു.

അന്ധകാര ശക്തികള്‍ക്കെതിരേ ‘പോരാടുന്ന സഭ’ (Ecclesia Militans), എന്ന പദത്തെക്കുറിച്ച് വിശദീകരിച്ച മാര്‍പാപ്പ ലോകത്തില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന തിന്‍മയുടെ ശക്തികള്‍ക്കെതിരേ പോരാടേണ്ടത് അനിവാര്യമാണെന്ന് ഉത്ബോധിപ്പിച്ചു. തിന്‍മയുടെ ശക്തികള്‍ പലവിധത്തില്‍ ലോകത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന് നാം സാക്ഷികളാണ്. അക്രമത്തിന്‍റേയും ക്രൂരതയുടേയും മാര്‍ഗ്ഗത്തിലൂടേയോ നന്‍മയുടെ പൊയ്മുഖമണിഞ്ഞ് സമൂഹത്തിന്‍റെ ധാര്‍മ്മിക അടിത്തറ തകര്‍ത്തുകൊണ്ടോ ആണ് തിന്‍മയുടെ ശക്തികള്‍ ലോകത്ത‍ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നും മാര്‍പാപ്പ വിശദീകരിച്ചു.
“ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.” എന്ന ക്രിസ്തു വചനം അനുസ്മരിച്ച മാര്‍പാപ്പ കര്‍ത്താവിനു വേണ്ടി നിലകൊള്ളുന്ന സൈന്യം വിജയം കൈവരിക്കുന്ന സൈന്യമാണെന്നും കര്‍ദിനാള്‍മാരെ അനുസ്മരിപ്പിച്ചു.








All the contents on this site are copyrighted ©.