2012-05-21 17:08:40

സമൂഹത്തില്‍ വിവാഹത്തിന്‍റെ പ്രാധാന്യം


21 മെയ് 2012, റോം
സമൂഹത്തില്‍ വിവാഹത്തിനുള്ള സ്ഥാനത്തെക്കുറിച്ച് പൊതുജനാവബോധം വര്‍ദ്ധിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഗ്രിഗറി. റോമില്‍ ആദ് ലിമിന സന്ദര്‍ശനം നടത്തുന്ന അറ്റ്ലാന്‍റ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വില്‍റ്റന്‍ ഡാനിയേല്‍ ഗ്രിഗറി വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ബാറക് ഒബാമ സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നുവെന്ന് പ്രസ്താവിച്ച പശ്ചാത്തലത്തിലാണ് വിവാഹത്തിന്‍റെ സാമൂഹ്യ പ്രാധാന്യത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചത്.
വിവാഹ ബന്ധം രണ്ടു വ്യക്തികള്‍ തമ്മിലുള്ള അലംഘനീയ ബന്ധമാണെങ്കിലും അതിന് ഒരു സാമൂഹ്യമാനം ഉണ്ട്. പൊതുക്ഷേമം ഉറപ്പുവരുത്തുന്ന സാമൂഹ്യസ്ഥാപനം കൂടിയാണ് കുടുംബം. സമൂഹത്തിന്‍റെ നന്‍മയ്ക്കും വളര്‍ച്ചയ്ക്കും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കുടുംബങ്ങള്‍ക്കു കഴിയും. വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് വിവാഹത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ ഉണ്ടാകുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഗ്രിഗറി അഭിപ്രായപ്പെട്ടു. എന്താണു വിവാഹമെന്നതിനെക്കുറിച്ച് യഥാര്‍ത്ഥ അവബോധം ജനങ്ങളില്‍ വളര്‍ത്താന്‍ അജപാലന പദ്ധതികള്‍ വിശ്വാസ വത്സരത്തോടനുബന്ധിച്ച് ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.








All the contents on this site are copyrighted ©.