2012-05-21 17:08:18

കുടിയേറ്റം വേദനാജനകമായ അനുഭവം : കര്‍ദിനാള്‍ വെല്യോ


21 മെയ് 2012, നാര്‍നി
കുടിയേറ്റം വേദനാജനകമായ അനുഭവമാണെന്ന് കുടിയേറ്റക്കാര്‍ക്കും യാത്രികര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധൃക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ. മെയ് 20ാ-ം തിയതി ഞായറാഴ്ച മധ്യ ഇറ്റലിയിലെ നാര്‍നിയില്‍ ദരിദ്രര്‍ക്കു വേണ്ടിയുള്ള വാര്‍ഷിക ഉച്ചഭക്ഷണ പരിപാടിയ്ക്കു മുന്നോടിയായി അര്‍പ്പിച്ച ദിവ്യബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍ വെല്യോ. മധ്യ ഇറ്റലിയിലെ തെര്‍നി- നാര്‍നി- അമേലിയ രൂപതയുടെ ആഭിമുഖ്യത്തിലാണ് പ്രാദേശിക സാധുജന സംരക്ഷണ കേന്ദ്രങ്ങളിലെ അംഗങ്ങള്‍ക്കും നിര്‍ധനരായ രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ക്കും വേണ്ടി സ്നേഹ വിരുന്ന് ഒരുക്കിയത്.

കുടിയേറ്റ പ്രതിഭാസം ഏറെ സങ്കീര്‍ണ്ണമാണ്. അന്തര്‍ദേശീയ കുടിയേറ്റ മേഖലയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് സഭ ആശങ്കയോട‍െയാണ് വീക്ഷിക്കുന്നതെന്ന് കര്‍ദിനാ‌ള്‍ വെല്യോ പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തിലുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. അതേസമയം പ്രവാസ ജീവിതം നയിക്കുന്ന സാധുമനുഷ്യരുടെ സുരക്ഷ നിയമപരമായി സംരക്ഷിക്കപെടേണ്ടതും സുപ്രധാനമാണെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി. സമകാലിക സമൂഹത്തിന്‍റെ വികസനത്തിനും ജനതങ്ങള്‍ തമ്മിലുള്ള പരസ്പര ആദരവ് വര്‍ദ്ധിക്കുന്നതിനും സഹായകമായ ഘടകം കൂടിയാണ് കുടിയേറ്റം. പ്രവാസികള്‍ക്കു നിയമസംരക്ഷണം നല്‍കുന്ന നടപടികള്‍ ഭരണകൂടങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസ ജീവിതം വേദനാജനകമായ അനുഭവമാണ്. അനുകൂലമായ ജീവിത സാഹചര്യങ്ങള്‍ സ്വന്തം നാട്ടില്‍ ലഭിക്കുകയാണെങ്കില്‍ അന്യനാടുകളിലേക്കു കുടിയേറാന്‍ അധികം പേരും തയ്യാറാവുകയില്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.