2012-05-15 16:37:34

സമൂഹത്തിന്‍റെ ധാര്‍മ്മിക നവോത്ഥാനത്തിനു ക്രൈസ്തവര്‍ മുന്നിട്ടിറങ്ങണമെന്ന് മാര്‍പാപ്പ


14 മെയ് 2012, സാന്‍ സെപ്പൊള്‍ക്രൊ
സമൂഹത്തിന്‍റെ ധാര്‍മ്മിക നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ടെന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മെയ് 13ാം തിയതി ഞായറാഴ്ച മധ്യ ഇറ്റലിയിലേക്കു ഇടയസന്ദര്‍ശനം നടത്തിയ മാര്‍പാപ്പ സാന്‍ സെപ്പൊള്‍ക്രൊയിലെ തോറെ ദി ബെര്‍ത്താ ചത്വരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. വ്യക്തികളുടെ സ്വകാര്യ നേട്ടങ്ങളേക്കാള്‍ ഉന്നതമാണ് പൊതു നന്മ. രാഷ്ട്രീയവും സാമൂഹ്യവുമായ വെല്ലുവിളികളോടു പ്രതികരിച്ചുകൊണ്ട് പൊതു നന്മയ്ക്കുവേണ്ടി ക്രൈസ്തവര്‍ യത്നിക്കണം . അല്‍മായര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്കു ഇക്കാര്യത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയും. സുവിശേഷ സന്ദേശമനുസരിച്ച് സ്നേഹത്തോടും ഉത്തരവാദിത്വത്തോടും കൂടി സമൂഹത്തിന്‍റെ നന്‍മയ്ക്കുവേണ്ടി അവര്‍ പ്രവര്‍ത്തിക്കണം. ആത്മാര്‍ത്ഥതയുടേയും നിസ്വാര്‍ത്ഥമായ പരസ്നേഹത്തിന്‍റേയും ഉത്തമ മാതൃകകളായിരിക്കണം യുവജനങ്ങള്‍. സാമൂഹ്യജീവിതത്തിനു പുതിയ ദിശാബോധം നല്‍കാനായി ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങാന്‍ പാപ്പ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

കലുഷിതമായ ഒരു സാമൂഹ്യസാഹചര്യത്തില്‍ സത്യവും നീതിയും അന്വേഷിച്ചിറങ്ങിയ വിശുദ്ധ ആര്‍ക്കാനോയും ഏജിഡിയോയുമാണ് സാന്‍ സെപൊള്‍ക്രൊ നഗരസ്ഥാപകര്‍. വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ അവര്‍ ജറുസലേം നഗരത്തിന്‍റെ മാതൃകയിലുള്ള ഒരു നഗരം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നീതിയിലും സമാധാനത്തിലും അടിയുറച്ച നവ സാംസ്ക്കാരീകതയ്ക്കു ആര്‍ക്കാനോയും ഏജിഡിയോയും രൂപം നല്‍കി. നഗരചരിത്രത്തിന്‍റെ കേന്ദ്രമായ ക്രൈസ്തവ മൂല്യങ്ങള്‍ കാത്തുസംരക്ഷിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ സഹസ്രാബ്ദി നിറവിലെത്തിയിരിക്കുകയാണ് സാന്‍ സെപൊള്‍ക്രൊ (തിരുക്കല്ലറ) പട്ടണം. പട്ടണത്തിന്‍റെ ക്രൈസ്തവ തായ്‌വേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള ഒരാന്തരീക യാത്രയായിരിക്കട്ടെ സഹസ്രാബ്ദി ആഘോഷങ്ങളെന്ന് മാര്‍പാപ്പ ആശംസിച്ചു.

മധ്യ ഇറ്റലിയിലെ അരേത്സോ- കൊര്‍ത്തോണ- സാന്‍ സെപ്പൊള്‍ക്രൊ രൂപതയിലേക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ ഇടയ സന്ദര്‍ശനത്തിന്‍റെ അവസാന ഘട്ടമായിരുന്നു സാന്‍ സെപൊള്‍ക്രൊയിലെ തോറെ ദി ബെര്‍ത്താ ചത്വരത്തില്‍ നടന്ന പൊതുസമ്മേളനം. ഞായറാഴ്ച രാവിലെ അരേത്സോ പട്ടണത്തിലാണ് പേപ്പല്‍ സന്ദര്‍ശനം ആരംഭിച്ചത്. 1224ല്‍ വിശുദ്ധ ഫ്രാന്‍സ്സിസ്സ് അസ്സീസ്സിക്കു യേശുവിന്‍റെ പഞ്ചക്ഷതം ലഭിച്ച സ്ഥലമായ വെര്‍ണ്ണയിലെ ഫ്രാന്‍സിസ്ക്കന്‍ തീര്‍ത്ഥാടന കേന്ദ്രവും സന്ദര്‍ശന സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം വെര്‍ണ്ണയിലെ ഫ്രാന്‍സിസ്ക്കന്‍ ദേവാലയത്തിലേക്കുള്ള യാത്ര മാര്‍പാപ്പ റദ്ദാക്കി. അരേത്സോയില്‍ നിന്ന് നേരിട്ട് സാന്‍സെപുള്‍ക്രൊയിലേക്കു യാത്രയായ മാര്‍പാപ്പ അവിടെ നിന്നും വത്തിക്കാനിലേക്കു മടങ്ങി.









All the contents on this site are copyrighted ©.