2012-05-15 16:39:00

ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കോഴിക്കോടു രൂപതയുടെ മെത്രാന്‍


15 മെയ് 2012, വത്തിക്കാന്‍
കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോടു രൂപതയുടെ മെത്രാനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. കണ്ണൂര്‍ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനവും പാപ്പ അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. മെയ് 15ാം തിയതി ചൊവ്വാഴ്ചയാണ് മാര്‍പാപ്പ നിയമനം നടത്തിയത്.
കോട്ടപ്പുറം രൂപതാംഗമായ ബിഷപ്പ് ചക്കാലക്കല്‍ 1953 ഫെബ്രുവരി 7ന് തൃശ്ശൂര്‍ ജില്ലയിലെ മാളപ്പള്ളിപ്പുറത്ത് ജനിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോടു രൂപതയ്ക്കുവേണ്ടി വൈദിക പഠനം ആരംഭിച്ച അദ്ദേഹം 1981 ഏപ്രില്‍ 2ാം തിയതി വൈദീക പട്ടം സ്വീകരിച്ചു. പിന്നീട് ഉപരി പഠനത്തിനായി റോമിലെത്തി. പൊന്തിഫിക്കല്‍ ഊര്‍ബന്‍ സര്‍വ്വകലാശായില്‍ നിന്ന് കനോനിക നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1992-1998 കാലഘട്ടത്തില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998 നവംബര്‍ 5-ാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 1999 ഫെബ്രുവരി 7ാം തിയതിയായിരുന്നു മെത്രാഭിഷേകം.
കോഴിക്കോടു രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ കുടിയേറ്റക്കാരുടേയും യാത്രികരുടേയും അജപാല ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശിയായി 2011 ഫെബ്രുവരി 22ാം തിയതി മാര്‍പാപ്പ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ നിയമിതനായിരിക്കുന്നത്.








All the contents on this site are copyrighted ©.