2012-05-15 16:38:46

കുടുംബ സമിതികളുടെ സാംസ്ക്കാരിക പ്രസക്തി


15 മെയ് 2012, റോം
കുടുംബ സമിതികള്‍ക്കു സാംസ്ക്കാരിക, രാഷ്ട്രീയ മേഖലയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ എന്നിയോ അന്തോനെല്ലി. ഇറ്റലിയിലെ ഒരു സാംസ്ക്കാരിക സംഘടനയുടെ (ICEF) ആഭിമുഖ്യത്തില്‍ റോമില്‍ നടന്ന ഒരു പഠനശിബിരത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു കര്‍ദിനാള്‍ അന്തോനെല്ലി. മത നിരപേക്ഷത വര്‍ദ്ധിച്ചു വരുന്ന സമൂഹത്തില്‍ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിപകരാന്‍ അല്‍മായര്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. മെയ് 30ാം തിയതി മുതല്‍ ജൂണ്‍ 1ാം തിയതി വരെ ഇറ്റലിയിലെ മിലാനില്‍ നടക്കാന്‍പോകുന്ന ഏഴാമത് ആഗോള കുടുംബ സമ്മേളനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തദ്ദവസരത്തില്‍ പരാര്‍ശിച്ചു. അന്തര്‍ദേശീയ കുടുംബ സമ്മേളനത്തിന്‍റെ പ്രമേയം “കുടുംബം – അദ്ധ്വാനവും വിശ്രമവും” എന്നതാണ്. കുടുംബങ്ങള്‍ നേരിടുന്ന ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്താന്‍ ആഗോള കുടുംബസമ്മേളനത്തിനു സാധിക്കും. കുടുംബങ്ങളുടെ കെട്ടുറപ്പിനും സുസ്ഥിതിക്കും പിന്തുണയേകുന്ന അജപാലന പദ്ധതികള്‍ക്കു രൂപം നല്‍കാനും സമ്മേളനം സഹായകമാകുമെന്ന് കര്‍ദിനാള്‍ അന്തൊനെല്ലി പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.