2012-05-08 17:42:50

പ്രാരംഭ കൂദാശങ്ങളുടെ പ്രഥമ പരിശീലനം കുടുംബത്തില്‍


08 മെയ് 2012, റോം
പ്രാരംഭ കൂദാശങ്ങളുടെ പ്രഥമ പരിശീലന വേദി കുടുംബമാണെന്ന് ഫ്രാന്‍സിലെ മതബോധന അധ്യാപകരുടേയും വിശ്വാസപരിശീലകരുടേയും ദേശീയ സമിതിയെ പ്രതിനിധികരിച്ച് യൂറോപ്പിലെ പന്ത്രണ്ടാമതു മതബോധന കോണ്‍ഗ്രസില്‍ പങ്കെടുത്ത ഫാ. ലൂക്ക മെലെ പ്രസ്താവിച്ചു. പ്രാരംഭ കൂദാശകള്‍ സ്വീകരിക്കാനൊരുങ്ങുന്ന കുട്ടികളെ ഏറ്റവുമധികം സ്വാധീനിക്കുന്നത് കുടുംബാന്തരീക്ഷത്തിലെ വിശ്വാസ ചൈതന്യമാണെന്ന് ഫ്രാന്‍സില്‍ നടത്തിയ ഒരു ഗവേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിച്ചു. വിശ്വാസ പാരമ്പര്യം ഇളം തലമുറകള്‍ക്കു പകര്‍ന്നു നല്‍കേണ്ടതിന്‍റെ പ്രധാന്യം കത്തോലിക്കാ സഭ തിരിച്ചറിയുന്നുണ്ട്. വിശ്വാസ കൈമാറ്റമാണ് മതബോധനം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ക്രൈസ്തവ പ്രാരംഭ കൂദാശകള്‍ സ്വീകരിക്കാന്‍ കുട്ടികളെ ഒരുക്കുന്ന മറ്റു പ്രധാന ഘടകങ്ങള്‍ അവര്‍ വളരുന്ന സാഹചര്യം, ക്രൈസ്തവ സമൂഹാംഗങ്ങളുടെ മാതൃക, ആരാധനാക്രമത്തിലുള്ള അവരുടെ പങ്കുചേരല്‍, വ്യക്തിപരമായ ആന്തരീക മുന്നൊരുക്കം എന്നിവയാണെന്നും ഫാദര്‍ മെലെ വ്യക്തമാക്കി.

ക്രൈസ്തവ പ്രാരംഭകൂദാശകളും നവസുവിശേഷവല്‍ക്കരണവും എന്ന പ്രമേയത്തെ ആധാരമാക്കി മ‍െയ് 7ാം തിയതി ആരംഭിച്ച കോണ്‍ഗ്രസ് 10ാം തിയതി വ്യാഴാഴ്ച സമാപിക്കും. മാമ്മോദീസ, സ്ഥൈര്യലേപനം, കുര്‍ബാന എന്നിവയാണ് ക്രൈസ്തവ ജീവിതത്തിലേക്കുള്ള ഔപചാരിക പ്രവേശനത്തിന്‍റെ കൂദാശകള്‍.









All the contents on this site are copyrighted ©.