2012-05-03 12:22:27

മ്യാന്‍മര്‍: ന്യൂനപക്ഷ സമുദായങ്ങളുമായുള്ള അനുരജ്ഞനം സുപ്രധാനം


02 മെയ് 2012, യാങ്കൂണ്‍
രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മ്യാന്‍മറില്‍ ന്യൂനപക്ഷ സമുദായങ്ങളുമായുള്ള അനുരജ്ഞനത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കണമെന്ന് വടക്കന്‍ മ്യാന്‍മാറിലെ ബാന്‍മ്വാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് റെയ്മണ്ട് സംലുത്ത് ഗാം.
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍മറിലെത്തി സൈനിക ഭരണകൂടത്തെയും പ്രതിപക്ഷ നേതാവ് ഓങ്സാന്‍സൂചിയേയും സന്ദര്‍ശിച്ച പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ബിഷപ്പ് റെയ്മണ്ട് ഗാം ആവശ്യപ്പെട്ടത്. മ്യാന്‍മറില്‍ സമ്പൂര്‍ണ്ണ ജനാധിപത്യം സ്ഥാപിക്കപ്പെടുന്നിനു ഐക്യരാഷ്ട്ര സഭയുടെ പിന്തുണ ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
എന്നാല്‍ രാജ്യത്തിന്‍റ‍ ഉത്തരഭാഗത്ത് സൈന്യവും വിപ്ലവകാരികളും തമ്മില്‍ സംഘര്‍ഷം തുടരുന്നുണ്ടെന്ന് ബിഷപ്പ് റെയ്മണ്ട് ഗാം ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ സന്ദേശത്തില്‍ വെളിപ്പെടുത്തി. ഉത്തര മ്യാന്‍മാറിലെ കച്ചിന്‍ സംസ്ഥാനത്തെ അഭയാര്‍ത്ഥി ക്യാംപുകളില്‍ 95 ശതമാനവും ക്രിസ്ത്യാനികളാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര കലാപത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്ന കച്ചിന്‍ സംസ്ഥാനത്തു സമാധാനവും അനുരജ്ഞനവും സ്ഥാപിക്കപ്പെടുന്നതിനു വേണ്ടി സാര്‍വ്വത്രിക സഭയുടെ പ്രാര്‍ത്ഥനാ സഹായവും ബിഷപ്പ് റെയ്മണ്ട് സംലുത്ത് ഗാം അഭ്യര്‍ത്ഥിച്ചു.
അതിനിടെ, മ്യാന്‍മറിലെ ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂ ചി പാര്‍ലമെന്‍റ് ബഹിഷ്ക്കരണം അവസാനിപ്പിച്ച് മെയ് രണ്ടാം തിയതി ബുധനാഴ്ച പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. ഏപ്രില്‍ ഒന്നിനു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയ സൂ ചിയും അനുയായികളും സത്യപ്രതിജ്ഞാ വാചകത്തിലെ ഭരണഘടനയെ 'കാത്തു സൂക്ഷിക്കും' എന്ന പ്രയോഗം അംഗീകരിക്കാന്‍ തയ്യാറാകാതെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു. പട്ടാള ഭരണകൂടം രൂപം നല്‍കിയ ഭരണഘടനയാണ് ഇപ്പോള്‍ മ്യാന്‍മാറില്‍ പ്രാബല്യത്തിലുള്ളത്. ജനഹിതവും ജനാധിപത്യപാര്‍ട്ടികളിലെ നിയമനിര്‍മാതാക്കളുടെയും സ്വതന്ത്ര എം.പി.മാരുടെയും അഭ്യര്‍ഥനകളും മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സൂ ചി അറിയിച്ചു.







All the contents on this site are copyrighted ©.