2012-05-03 12:22:11

ഫാദര്‍ ജോര്‍ജ്ജ് പ്ലാത്തോട്ടം നിസ്ക്കോര്‍ട്ടിന്‍റെ ഡയറക്ടര്‍


02 മെയ് 2012, ബാംഗ്ലൂര്‍
ഫാദര്‍ ജോര്‍ജ്ജ് പ്ലാത്തോട്ടത്തെ ദേശീയ മെത്രാന്‍ സമിതിയുടെ ആശയവിനിമയശാസ്ത്ര വിദ്യാപീഠത്തിന്‍റെ (National Institute of Social Communications Research and Training NISCORT) ഡയറക്ടറായി സി.ബി.സി.ഐ നിയമിച്ചു. ഏപ്രില്‍ 25 മുതല്‍ 27 വരെ ബാഗ്ലൂരില്‍ നടന്ന ദേശീയ മെത്രാന്‍ സമിതിയുടെ പ്രവര്‍ത്തന സമിതിയോഗമാണ് നിയമനം നടത്തിയത്.
ഫെബ്രുവരി മാസത്തില്‍ നടന്ന സി.ബി.സി.ഐ. സമ്പൂര്‍ണ്ണ സമ്മേളനം നിസ്ക്കോര്‍ട്ടിന്‍റെ ഡയറക്ടറായി നിയമിച്ച ഫാദര്‍ ജെയ്ക്കബ് സ്രാമ്പിക്കല്‍ മസ്തിഷ്ക്കാഘാതം മൂലം മരണമടഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. നിസ്ക്കോര്‍ട്ടിന്‍റെ സ്ഥാപക ഡയറക്ടറായ ഫാദര്‍ സ്രാമ്പിക്കല്‍ ജൂണില്‍ വീണ്ടും നിസ്ക്കോര്‍ട്ടിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ, ഏപ്രില്‍ 14-ാം തിയതി ഓസ്ട്രിയയില്‍ വച്ച് നിര്യാതനായി.
നിസ്ക്കോര്‍ട്ടിന്‍റെ പുതിയ ഡയറക്ടറായി നിയമിതനായിരിക്കുന്ന ഫാദര്‍ ജോര്‍ജ്ജ് പ്ലാത്തോട്ടം സലേഷ്യന്‍ സന്ന്യസ്ത സഭയുടെ ഗുവഹാത്തി പ്രൊവിന്‍സിലെ അംഗമാണ്. കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാദര്‍ പ്ലാത്തോട്ടത്തിന് ദൈവശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും മാധ്യമ പ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദവും ഉണ്ട്. ഇപ്പോള്‍ സി.ബി.സി.ഐ. സമ്പര്‍ക്ക മാധ്യമ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.








All the contents on this site are copyrighted ©.