2012-05-01 15:47:53

ഭീകരാക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനു തിരിച്ചടി : കര്‍ദിനാള്‍ ബെര്‍ത്തോണെ


01 മെയ് 2012, വത്തിക്കാന്‍
മതസ്വാതന്ത്ര്യത്തിനുവേണ്ടി ആഗോള തലത്തില്‍ നടക്കുന്ന പരിശ്രമങ്ങള്‍ക്കു വന്‍ തിരിച്ചടിയാണ് മതസമൂഹങ്ങള്‍ക്കു നേരെയുള്ള ഭീകരാക്രമണങ്ങളെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. ഏപ്രില്‍ 29ാം തിയതി ഞായറാഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയായിലും കെനിയായിലും ക്രൈസ്തവ സമൂഹങ്ങള്‍ക്കു നേരെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യം വ്യക്തിയുടെ അടിസ്ഥാന അവകാശമാണ്. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ഭരണഘടനപ്രകാരം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഈ അവകാശം പലപ്പോഴും നടപ്പിലാകുന്നില്ലെന്ന വസ്തുത ഉത്കണ്ഠാ ജനകമാണെന്ന് കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലും മധ്യപൂര്‍വ്വദേശത്തും മതപരമായ അസഹിഷ്ണുതയും മതത്തിന്‍റെ പേരിലുള്ള ക്രൂരമായ ആക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ കത്തോലിക്കാ സഭയ്ക്ക് ഏറെ ഉത്കണ്ഠയുണ്ടെന്ന് കര്‍ദിനാള്‍ ബെര്‍ത്തോണെ വെളിപ്പെടുത്തി. സമാധാനത്തിനും നീതിക്കും അനുരജ്ഞനത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹത്തിനെതിരേ ആക്രമണം നടത്തുന്ന് വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.