2012-04-28 14:08:37

‘ഭൂമിയില്‍ സമാധാനം’ എന്ന ചാക്രികലേഖനത്തിന്‍റെ ആനുകാലിക പ്രസക്തി


27 ഏപ്രില്‍ 2012, ന്യൂയോര്‍ക്ക്
വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ 1963ല്‍ പുറപ്പെടുവിച്ച ‘ഭൂമിയില്‍ സമാധാനം’ (Pacem in Terris) എന്ന ചാക്രിക ലേഖനത്തിലെ പ്രബോധനങ്ങള്‍ സമകാലിക ലോകത്തില്‍ അതിപ്രസക്തമാണെന്ന് സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ അദ്ധ്യക്ഷ മേരി ആന്‍ ഗ്ലെന്‍ഡന്‍. അക്കാഡമിയുടെ പതിനെട്ടാം സമ്പൂര്‍ണ്ണ സമ്മേളനം ലോകസമാധാനത്തെക്കുറിച്ച് ‘ഭൂമിയില്‍ സമാധാനം’ ചാക്രിക ലേഖനം നല്‍കുന്ന പ്രബോധനങ്ങളെ ആധാരമാക്കി വെള്ളിയാഴ്ച ആരംഭിച്ച പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആന്‍ ഗ്ലെന്‍ഡന്‍ ഇപ്രകാരം പ്രസ്താവിച്ചത്. ലോകസമാധാനം സ്ഥാപിക്കാനുള്ള വ്യക്തമായ നയങ്ങളും പദ്ധതികളുമല്ല ചാക്രിക ലേഖനം അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സന്‍മനസ്സുള്ള മനുഷ്യര്‍ക്കു പ്രാവര്‍ത്തികമാക്കാവുന്ന പൊതുവായ മാര്‍ഗദര്‍ശനങ്ങളാണ് സഭ നല്‍കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളെയോ ധാര്‍മ്മീകതയെ സംബന്ധിച്ച കത്തോലിക്കാ സിദ്ധാന്തമല്ല സ്വന്തം ജീവിത ചുറ്റുപാടില്‍ സമാധാനം തേടാനുള്ള ആഹ്വാനമാണ് ചാക്രികലേഖനം നല്‍കുന്നതെന്ന് ആന്‍ ഗ്ലെന്‍ഡന്‍ വ്യക്തമാക്കി.

സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ 2010 ല്‍ നടന്ന പതിനാറാം സമ്പൂര്‍ണ്ണ സമ്മേളനം മതസ്വാതന്ത്ര്യത്തെക്കുറിച്ച് ‘ഭൂമിയില്‍ സമാധാനം’ ചാക്രികലേഖനം നല്‍കുന്ന പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ നടത്തിയ പഠനങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും ആന്‍ ഗ്ലെന്‍ഡന്‍ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ലോക ജനസംഖ്യയുടെ 70 ശതമാനവും കഠിനമോ മിതമോ ആയ വിധത്തില്‍ മതസ്വാതന്ത്ര്യ പരിമിതികള്‍ നേരിടുന്നുണ്ടെന്ന് അക്കാഡമി നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തി. ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ വിശ്വാസികള്‍ രൂക്ഷമായ മതപീഡനങ്ങള്‍ നേരിടുമ്പോള്‍ പല യൂറോപ്യന്‍ രാജ്യങ്ങളും പൊതു ജീവിതത്തില്‍ മതങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് വിവേചനത്തിന്‍റെ ആരംഭമാണെന്നും ആന്‍ ഗ്ലെന്‍ഡന്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.