2012-04-28 14:08:06

യുവജന രൂപീകരണത്തില്‍ പ്രഥമസ്ഥാനം കുടുംബങ്ങള്‍ക്ക്


27 ഏപ്രില്‍ 2012, ന്യൂയോര്‍ക്ക്
യുവജനങ്ങളുടെ രൂപീകരണത്തില്‍ പ്രഥമപങ്ക് നിര്‍വ്വഹിക്കേണ്ടത് കുടുംബങ്ങളാണെന്ന് പരിശുദ്ധ സിംഹാസനം. ജനസംഖ്യയേയും വികസനത്തെയും സംബന്ധിച്ച യു.എന്‍ സമിതിയുടെ നാല്‍പത്തിയഞ്ചാമതു യോഗത്തില്‍ യുവജനങ്ങളുടേയും കൗമാരക്കാരുടേയും രൂപീകരണത്തില്‍ രാഷ്ട്രങ്ങള്‍ക്കാണ് കുടൂതല്‍ ഉത്തരവാദിത്വം എന്ന വാദഗതികള്‍ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കുടുംബങ്ങള്‍ക്കുള്ള മുഖ്യ പങ്കിനെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകസംഘം ഊന്നി പറഞ്ഞത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള വ്യക്തിബന്ധം അമൂല്യമാണെന്ന് 24ാം തിയതി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്‍റെ അഭാവം തുടങ്ങി പല പ്രശ്നങ്ങളും ലോകയുവജനം അഭിമുഖീകരിക്കുന്നുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, യുവജനങ്ങളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുന്ന വിദ്യാഭ്യാസ പദ്ധതികളും തൊഴില്‍ പരിശീലനവും നടപ്പിലാക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ യുവജന രൂപീകരണത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. മക്കള്‍ക്ക് ഉത്തമ വിദ്യാഭ്യാസം നല്‍കാനും അതിന് അനുയോജ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാനും മാതാപിതാക്കള്‍ക്കു കടമയും അവകാശവുമുണ്ട്. മാതാപിതാക്കളുടെ ഈ കര്‍ത്തവ്യനിര്‍വഹണത്തിന് ലോകമെമ്പാടുമുള്ള 250,000 കത്തോലിക്കാ വിദ്യാലയങ്ങള്‍ സഹായിക്കുന്നുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.








All the contents on this site are copyrighted ©.