2012-04-28 14:08:21

മനുഷ്യ കേന്ദ്രീകൃതമായ സാമ്പത്തീക നയങ്ങളും പരിഷ്ക്കാരങ്ങളും


27 ഏപ്രില്‍ 2012, വത്തിക്കാന്‍
സാമ്പത്തീക നയങ്ങളും പരിഷ്ക്കാരങ്ങളും മനുഷ്യ കേന്ദ്രീകൃതമായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. ദോഹയില്‍ നടന്ന 13ാമത് യു.എന്‍ വ്യാപാര, വികസന സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭയില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് തോമാസി. മനുഷ്യനായിരിക്കണം സാമ്പത്തീക ക്രയ വിക്രയങ്ങളുടേയും നയങ്ങളുടേയും കേന്ദ്രസ്ഥാനത്ത് എന്നു പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസ മാതൃകകള്‍ രൂപീകരിക്കാന്‍ ആഗോള സമൂഹത്തെ ക്ഷണിച്ചു. 2008ല്‍ ആരംഭിച്ച സാമ്പത്തീക മാന്ദ്യം മൂലം ഏകദേശം 30 ദശ ലക്ഷം പേരാണ് തൊഴില്‍ രഹിതരായത്. സ്വയം നിയന്ത്രിത കമ്പോളങ്ങള്‍ ദേശീയ താല്‍പര്യങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സുസ്ഥിതിയും ഉറപ്പുനല്‍കുന്നില്ലെന്നു ആഗോള സാമ്പത്തീക മാന്ദ്യം തെളിയിച്ചുവ‍െന്ന് ആര്‍ച്ചുബിഷപ്പ് തോമാസി പ്രസ്താവിച്ചു. സുതാര്യത, സത്യസന്ധത, ഐക്യദാര്‍ഢ്യം, ഉത്തരവാദിത്വം തുടങ്ങിയ ധാര്‍മ്മീക മൂല്യങ്ങള്‍ ആഗോള സാമ്പത്തീക വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ഉത്തരവാദിത്വബോധമുള്ള പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികള്‍ വികസന സംരംഭങ്ങളില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.
21 ാം തിയതി ശനിയാഴ്ച ആരംഭിച്ച 13 -ാമത് ഐക്യരാഷ്ട്രസഭ വാണിജ്യ വികസന സമ്മേളനം 26ാം തിയതി വ്യാഴാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.