2012-04-28 14:09:13

ചൈനയ്ക്ക് ആവശ്യം ഉത്തമരായ മെത്രാന്‍മാരേയും മികച്ച പരിശീലനം ലഭിച്ച അല്‍മായരേയും


27 ഏപ്രില്‍ 2012, വത്തിക്കാന്‍
ചൈനയ്ക്കാവശ്യം ഉത്തമരായ മെത്രാന്‍മാരേയും മികച്ച പരിശീലനം ലഭിച്ച അല്‍മായരേയുമാണെന്ന് ചൈനയിലെ കത്തോലിക്ക സഭയ്ക്കുവേണ്ടിയുള്ള പ്രത്യേക സമിതി. ഏപ്രില്‍ 23 മുതല്‍ 25 വരെ വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ രേഖയിലാണ് ചൈനയിലെ കത്തോലിക്ക സഭാ ജീവിതത്തെ സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ പഠിക്കുന്നതിനായുള്ള സമിതി ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നത്. മികച്ച വിശ്വാസ പരിശീലനം ലഭിച്ച അല്‍മായര്‍ ചൈനയുടെ സുവിശേഷവല്‍ക്കരണത്തിന് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയ സമിതി അല്‍മായരുടെ വിശ്വാസ പരിശീലനത്തിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കൊല്ലം ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വിശ്വാസ വത്സരത്തില്‍ അല്‍മായ വിശ്വാസികളുടെ രൂപീകരണത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു. സഭാ ജീവിതത്തില്‍ സജീവമായി പങ്കെടുക്കുന്നതോടൊപ്പം സാമൂഹ്യജീവിതത്തില്‍ തനതായ സംഭാവനകള്‍ നല്‍കാന്‍ അല്‍മായ വിശ്വാസികള്‍ക്കു സാധിക്കും. ആത്മീയ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിച്ച് തങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ വിശ്വാസസാക്ഷൃം നല്‍കാന്‍ സമിതി അല്‍മായരെ ക്ഷണിച്ചു. പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരമില്ലാതെ മെത്രാന്‍മാരെ വാഴിക്കുന്നതും മെത്രാന്‍മാരെ തടവിലാക്കുന്നതും പൗരോഹിത്യത്തിലേക്കുള്ള ദൈവവിളികള്‍ കുറയുന്നതും ചൈനയില്‍ കത്തോലിക്കാസഭ നേരിടുന്ന കടുത്ത പ്രതിസന്ധികളാണെന്ന് സമിതി വിലയിരുത്തി.








All the contents on this site are copyrighted ©.