2012-04-25 14:20:16

ഫാദര്‍ പിയര്‍ അഡ്രിയാന്‍റെ വിശ്വാസസ്ഥൈര്യം സമകാലിക കത്തോലിക്കര്‍ക്കു മാതൃക


25 ഏപ്രില്‍ 2012, റോം
ഫ്രഞ്ചു വിപ്ലവകാലത്ത് രക്തസാക്ഷിത്വം വരിച്ച ഫാദര്‍ പിയര്‍ അഡ്രിയാന്‍ തുളുഷിന്‍റെ വിശ്വാസസ്ഥൈര്യം സമകാലിക കത്തോലിക്കര്‍ക്കു മാതൃകയാണെന്നു വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ. ഏപ്രില്‍ ഇരുപത്തിയൊന്‍പതാം തിയതി ഞായറാഴ്ച ഫാദര്‍ പിയര്‍ അഡ്രിയാന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കര്‍ദിനാള്‍ അമാത്തോ ഇപ്രകാരം പ്രസ്താവിച്ചത്. പ്രിമൊനെസ്ട്രെന്‍സിയന്‍സ്‍ (Order of Canons Regular of Prémontré) സന്ന്യസ്ത സഭാംഗമായിരുന്ന അദ്ദേഹം വിപ്ലവത്തിനു പിന്‍തുണ പ്രഖ്യാപിച്ച് വിശ്വാസത്യാഗം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. 1793 ഒക്ടോബര്‍ പതിമൂന്നാം തിയതി അദ്ദേഹത്തെ ശിരച്ഛേദം ചെയ്തു. തന്‍റെ തലമുടി നെറുകയിലേക്കു കെട്ടിവച്ചാല്‍ ശിരസ്സ് ച്ഛേദിക്കാന്‍ എളുപ്പമായിരിക്കും എന്നു ഘാതകരോടു സരസമായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം കൊലക്കളത്തിലേക്കു നീങ്ങിയത്.
ഫാദര്‍ പിയര്‍ അഡ്രിയാന്‍ തുളുഷിന്‍റെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് കര്‍ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ഏപ്രില്‍ ഇരുപത്തിയൊന്‍പതാം തിയതി ഞായറാഴ്ച കുത്താന്‍സിലെ നോട്ടര്‍ ഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.








All the contents on this site are copyrighted ©.