2012-04-21 20:23:17

സുവിശേഷപരിചിന്തനം
22 ഏപ്രില്‍ 2012
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍ 14, 7-14.
RealAudioMP3
എന്നില്‍ വിശ്വസിക്കുന്നവര്‍ എന്‍റെ പ്രവൃത്തികള്‍ ചെയ്യും
എന്നെ അറിയുന്നവന്‍ എന്‍റെ പിതാവിനെയും അറിയും.

ഹൃദയം തുറന്ന് ദൈവത്തെ സ്തുതിക്കാനും ഏകാന്തതയില്‍ ജീവിക്കാനും, ദേവാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും, തീര്‍ത്ഥാടകന്‍റെ സത്രമാകുവാനും, വചനത്തിന് വേദിയാകാനും എനിക്കു കഴിയണം.
ഞാന്‍ വിശ്വസിക്കുന്നതും ജീവിക്കുന്നതും സ്നേഹത്തിന്‍റെ കൂട്ടായ്മയിലാണ്, സമൂഹത്തിലാണ്. ജീവിതത്തിന്‍റെ ഏതു ദിശയിലേയ്ക്കു തിരിഞ്ഞാലും എന്‍റെ വഴിയും ജീവനും സ്നേഹമാണ്. കാരണം ഞാന്‍ അനുഗമിക്കുന്നത് ക്രിസ്തുവിനെയാണ്. ദൈവം സ്നേഹമാണെന്ന് ക്രിസ്തു പഠിപ്പിച്ചു, അവിടുന്നു കാണിച്ചു തന്നു. സ്നേഹമായ ദൈവമാണ് ക്രിസ്തു, അവിടുന്നാണ് പിതാവിലേയ്ക്കുള്ള വഴി. “ഞാനാകുന്നു വഴിയും സത്യവും ജീവനും. യോഹന്നാന്‍ 14, 6. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ പക്കല്‍ എത്തുകയില്ല.
എന്നെ അറിയുന്നവന്‍ പിതാവിനെയും അറിയുന്നു. ” എന്ന് ക്രിസ്തുതന്നെ പറഞ്ഞു വച്ചിരിക്കുന്നു.

എനിക്കു പുറത്തുള്ള വ്യക്തിയല്ല ക്രിസ്തു. അവിടുന്ന് എനിക്ക് ഒരാന്തരിക സാദ്ധ്യതയാണ്. ഒരുവന്‍റെ മുഴുവന്‍ വളര്‍ച്ചയുടെയും സാദ്ധ്യതയാണ് ക്രിസ്തു.
ക്രിസ്ത്വാംശം ഓരോരുത്തന്‍റേയും മനസ്സിന്‍റെ അണിയത്ത് ഉറങ്ങുന്നുണ്ട്. കാറ്റും കോളുമുള്ള രാവുകളിലൊന്നില്‍ അപ്പോസ്തലന്മാരുടെ വഞ്ചിയുടെ അണിയത്ത് അവിടുന്ന് ഉറങ്ങിയതുപോലെ എന്‍റെ മനസ്സിന്‍റെ അമരത്ത് ഉറങ്ങുന്ന ഉത്തമപുരുഷനെ, ക്രിസ്തുവിനെ തട്ടിയുണര്‍ത്തുക.
എന്നിട്ടു പറയുക, “ഉത്തമപുരഷാ ഉണരണമേ, എന്നെ സൗഖ്യപ്പെടുത്തണമേ,
എന്നെ രക്ഷിക്കണേ,” എന്ന് ഉറക്കെ വിളിച്ചു പ്രാര്‍ത്ഥിക്കുക.

ഭൂമിയില്‍ ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് അവിടുത്തെ സാന്നിദ്ധ്യം ജനം അംഗീകരിച്ചില്ല. അവര്‍ ദൈവരാജ്യം ഇനിയും കാത്തിരിക്കുകയായിരുന്നു. അത് അന്വേഷിക്കുകയായിരുന്നു. ക്രിസ്തുവില്‍ ദൈവരാജ്യത്തെയും ദൈവത്തെയും അറിഞ്ഞവര്‍ വളരെ കുറച്ചു പേരാണ്. ഹൃദയത്തിലെ ദൈവരാജ്യം കണ്ടെത്താനാണ് ക്രിസ്തു തനിക്കു ചുറ്റുമുണ്ടായിരുന്നവരോട് പറഞ്ഞത്. ദൈവരാജ്യം അവിടെയല്ല, ഇവിടെയല്ല – ദൈവരാജ്യം നിങ്ങളുടെ ഉള്ളിലാണ്, ഹൃദയത്തിലാണ്. അതു ലളിതമാണ്, അത് കടുകു മണിപോലെയാണ്.
എന്നാല്‍ അതു വളര്‍ന്നു പന്തലിച്ചു കഴിയുമ്പോള്‍ അതിന്‍റെ ശാഖകളില്‍ പറവകള്‍ കൂടുകൂട്ടും. അതിന്‍റെ തണലില്‍ മനുഷ്യര്‍ അഭയം തേടുംമെന്നും ക്രിസ്തു പഠിപ്പിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് എത്തിപ്പെടാവുന്ന കല്ലേറു ദൂരമാണ് ക്രിസതു എന്നു പറയാം. ഒരാള്‍ക്കെത്താവുന്ന ഏറ്റവും ചെറിയ ദൂരത്താണല്ലോ കല്ലേറുദൂരമെന്നു പറയുന്നത്. അത് ഒരു കൃത്യമായ അളവല്ലെങ്കിലും, ഒരാളുടെ ബലത്തിന് ആനുപാതീകമായ ദൂരവും അളവുമാണ്. കുഞ്ഞിന്‍റെ കല്ലേറു ദൂരമല്ല,
മുതിര്‍ന്ന ആളുടേതെന്ന് നമുക്കറിയാം. ആ ദൂരം സഞ്ചരിക്കാനായവരെയെല്ലാം ക്രിസ്തു അവസാനം തന്നിലേയ്ക്ക്
ചേര്‍ത്തുപിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ഇനി മുതല്‍ ഞാന്‍ നിങ്ങളെ ശിഷ്യരെന്നല്ല വിളിക്കുന്നത്, സ്നേഹിതരെന്നാണ്.” അതിനര്‍ത്ഥം നാമിപ്പോള്‍ ഒരേ അപ്പം ഭക്ഷിക്കുന്നു. ഓരേ പാനപാത്രത്തില്‍നിന്ന് കുടുക്കുന്നു, എന്നാണ്. ഓരേ അവബോധത്തിന്‍റെ മേശയില്‍ വിളമ്പിയ അപ്പം പങ്കിടുന്നവര്‍, അതേ അവബോധത്തിന്‍റെ പാനപാത്രം പാനംചെയ്യുന്നവര്‍. അങ്ങനെയാണ് ക്രിസ്തു തിരുവത്താഴം ആഘോഷിച്ചത്. മുമ്പൊരിക്കലും അവിടുന്ന് ഇതുപോലൊരു അത്താഴം വിളമ്പിയിട്ടില്ല. അത് ലോകത്ത് ഇന്നും ആവര്‍ത്തിക്കപ്പെടുന്ന ക്രിസ്തുവിന്‍റെ വിരുന്നു മേശയായി മാറി. അങ്ങനെ ദൈവരാജ്യം സ്നേഹത്തിന്‍റെ കൂട്ടായ്മയായി മാറി. ക്രിസ്തു രൂപീകരിച്ച ഭൂമിയിലെ ചെറിയ അജഗണമാണ് ദൈവരാജ്യം.

ദൈവസ്നേഹമെന്താണെന്ന് അങ്ങനെ ക്രിസ്തു നമുക്ക് കാണിച്ചു തന്നു, നമ്മെ പഠിപ്പിച്ചു. ഇന്നത്തെ സുവിശേഷത്തിലൂടെ അതാണ് ക്രിസ്തു നമ്മെ വീണ്ടും നമ്മെ അനുസ്മരിപ്പിക്കുന്നത്. “എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. എന്നെ അറിയുന്നവന്‍ പിതാവിനെയും അറിയുന്നു.” ഇതിനര്‍ത്ഥം, മനുഷ്യനെ കാണുന്നവന്‍ ദൈവത്തെ കാണുന്നു എന്നാണ്. ക്രിസ്തുവിനെ ഇപ്പോള്‍ ശാരീരകമായി നമുക്കു കാണുവാന്‍ കഴിയുന്നില്ല എന്നതു സത്യമാണ്. അവിടുന്ന് ഈ ലോകം വിട്ടു പോയല്ലോ. ഓരോ മനുഷ്യനിലും ദൈവത്തെ കാണുക, എന്നാണ് ഈ ക്രിസ്തു ദര്‍ശനംകൊണ്ടു ഇന്ന് നാം മനസ്സിലാക്കേണ്ടത്. മനുഷ്യനായി പിറന്ന ദൈവത്തിന്‍റെ പ്രതിച്ഛായയാണ് ഓരോ വ്യക്തിയും എന്ന ചിന്തയിലേയ്ക്കു നാം ഉയരേണ്ടിയിരിക്കുന്നു. ദൈവത്തെ, പിതാവിനെ ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നു, എന്നു ക്രിസ്തു പറയുന്നതിന്‍റെ അര്‍ത്ഥമിതാണ്.

ഞാന്‍ പിതാവിലും, പിതാവ് എന്നിലുമാണ്. പൗരസ്ത്യ ദേശക്കാരായവര്‍ക്ക് നമുക്ക് ഇതെളുപ്പം മനസ്സിലാകും. ആഹം ബ്രഹ്മാസ്മി. The atman is part of Brahman എന്നല്ലേ കാലടിയിലെ ശ്രീ ശങ്കര സ്വാമികള്‍ പഠിപ്പിച്ചിരിക്കുന്നത്.
ഈ ഉപനിഷാദിക് ചിന്ത ഭാരതീയ ദര്‍ശനമാണ്. മനുഷ്യന്‍, ആത്മന്‍ ദൈവത്തിന്‍റെ ഭാഗവും അംശവുമാണ്... അഥവാ അവിഭാജ്യ ഘടകമാണ്. ഈശ്വരന്‍റെ അംശം കുടികൊള്ളുന്നവനെയാണ് മനുഷ്യന്‍ എന്നു വിളിക്കുന്നത്. ഈശ്വാംശമില്ലാത്തവന്‍ തിന്മയായിരിക്കും, പൈശാചികമായിരിക്കും. ഇതുതന്നെയാണ് ക്രിസ്തു വിവക്ഷിക്കുന്നത്. മനുഷ്യന്‍ ദൈവത്തിലും, ദൈവം മനുഷ്യനിലും ഉണ്ട് എന്ന സത്യം. ഈ അവബോധം വളര്‍ന്ന് മനുഷ്യര്‍ ദൈവപുത്രരായിത്തീരുമ്പോള്‍, യോഹന്നാന്‍ 10, 34, 35, സങ്കീര്‍ത്തനം 8, 4-8
ഭാരതീയ മനസ്സിനു പറയാനാകും, “അഹം ബ്രഹ്മാസ്മി.” ദൈവം എന്നില്‍ വസിക്കുന്നു. ഞാനും പിതാവും ഒന്നാകുന്നു. യോഹന്നാന്‍ 10, 30.
ഞാന്‍ ദൈവമായി ജനിച്ചു. ദൈവമായി ജീവിച്ച്, ദൈവമായി മരിക്കുമ്പോള്‍ ദൈവത്തിലേയ്ക്കു തന്നെ മടങ്ങുന്നു. അപ്പോള്‍ ദൈവം സ്നേഹമാണെന്നും, ഞാന്‍‍ സ്നേഹത്തില്‍‍ ജീവിക്കുന്നെന്നും, നമുക്ക് കൂട്ടി വായിക്കാനാകും.

ഗലീലി മുതല്‍ യൂദയാവരെയുള്ള യേശുവിന്‍റെ യാത്ര ഏതാനും കിലോമീറ്ററുകള്‍ മാത്രമായിരുന്ന. മൂന്നു വര്‍ഷത്തെ പരസ്യജീവിതകാലത്ത് അവിടുന്ന് സഞ്ചരിച്ചത് ഏതാനും മൈലുകള്‍ മാത്രമാണ്. എന്നാല്‍, പൗലോസിന്‍റെ ആദ്യ മിഷണറിയാത്രതന്നെ, കടലിലെ യാത്ര കണക്കാക്കാതെ, ആയിരത്തിനുമേല്‍ മൈലുകളാണ്. അപ്പോസ്തലന്‍റെ രണ്ടും മൂന്നും മിഷണറി യാത്രകളും റോമിലേയ്ക്കുള്ള പീഡാനുഭവ യാത്രയും കണക്കാക്കിയാല്‍ യേശു ചെയ്തതിനേക്കാള്‍ വന്‍ യാത്രയും പ്രവൃത്തിയുമല്ലേ പൗലോസിന്‍റേത്. ക്രിസ്തു സഹിച്ചതിനേക്കാള്‍ കൂടുതല്‍ സഹിച്ചവരുണ്ടാകാം.
എന്നാല്‍ ദൈവത്തിന്‍റെ ‘വന്‍കാര്യങ്ങള്‍’ എന്നതിനു വലിയ അത്ഭുതങ്ങള്‍ എന്നല്ല അര്‍ത്ഥം, ദൈവിക ശക്തിയുടെ വന്‍കാര്യങ്ങളാണവ.
നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവിക പ്രാഭവത്തിന്‍റെ വന്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയെന്നു പറയുന്നത് നന്മയുടെ പ്രവൃത്തികളിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടാനും, അതിലൂടെ ഞാനും പിതാവും ഒന്നാണ് എന്ന യോഗാത്മക സംസര്‍ഗ്ഗത്തിലേയ്ക്ക് mystical union എത്തിച്ചേരുവാനുമാണ്. മനുഷ്യന്‍ ദൈവമായി തീരുന്നത് ഇങ്ങനെയാണ്. ദൈവത്തിന്‍റെ അന്തസ്സിനുചേര്‍ന്ന വിധം വ്യാപരിക്കണമെന്നാണ് ക്രിസ്തു ആവശ്യപ്പെട്ടത്. ഈ ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ പ്രവൃത്തികള്‍ യാഥാര്‍ത്ഥ്യമാക്കുന്നവര്‍ ദൈവത്തെ പ്രാപിക്കുന്നു, പിതാവിനെ അറിയുന്നു. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലന്‍ പറഞ്ഞത്, “എനിക്ക് യേശുവിനെപ്പോലെ ആകണം,” എന്ന്. (ഫിലിപ്പിയര്‍ 3, 10).

നമുക്കും ഇങ്ങനെ പറയാനാകുമോ. ദൈവത്തിന്‍റെ കുടുംബത്തിലാണ് നാം ജനിച്ചിരിക്കുന്നത്. അതിനൊരു പാരമ്പര്യവും അന്തസ്സുമുണ്ട്. അതിന്‍റെ അന്തസ്സിനേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ള പ്രവൃത്തികള്‍ എന്നില്‍നിന്നുണ്ടാകാന്‍ പാടില്ല. അങ്ങനെയുള്ള സ്നേഹാന്തരീക്ഷമാണ്, അവസ്ഥയാണ് ദൈവരാജ്യം എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്.

ദൈവമായ ക്രിസ്തുവിനെ ഇനിയും ഞാന്‍ അറിയുന്നുണ്ടോ, എന്ന് ആത്മശോധന ചെയ്യേണ്ടതാണ്.

ക്രിസ്തു പുതുവീഞ്ഞാണ്. അത് പുതിയ തോല്‍ക്കുടങ്ങളില്‍ പുതുദര്‍ശനങ്ങളില്‍ത്തന്നെ സ്വീകരിക്കപ്പെടണം. പഴയവയ്ക്ക് ക്രിസ്തുവാകുന്ന പുതുവീഞ്ഞ് ഉള്‍ക്കൊള്ളാനാവില്ല. ദൈവരാജ്യത്തിന്‍റെ പ്രതിസംസ്ക്കാരമാണ് ക്രിസ്തു. അവിടുന്ന് വഴിയും വാതിലുമാണ്. പക്ഷെ, അത് ഇടുങ്ങിയ വഴിയും വാതിലുമാണെന്നോര്‍ക്കണം. അത് ഇഷ്ടപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ട്. അവര്‍ക്കെല്ലാം പിതാവിനെ ക്രിസ്തു കാണിച്ചുകൊടുക്കും
അവരെ അവിടുന്ന് പിതൃസന്നിധിയിലേയ്ക്കു നയിക്കും.

മിശിഹായേ, ക്രിസ്തുവേ, അങ്ങ് എന്നില്‍‍ വരണമേ. ലോലവും ബലഹീനവുമായ എന്‍റെ ആത്മം അങ്ങില്‍ നവജീവിന്‍ പ്രാപിക്കട്ടെ.










All the contents on this site are copyrighted ©.