2012-04-21 11:05:27

ഫാദര്‍ സ്രാമ്പിക്കലിന്
റോമില്‍ അന്ത്യയാത്ര


20 ഏപ്രില്‍ 2012, റോം
സഭയുടെ ആശയവിനിമയ ലോകത്ത് തെളിഞ്ഞുനിന്ന വിളക്കായിരുന്ന
ഫാദര്‍ ജേക്കബ് സ്രാമ്പിക്കലെന്ന്, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയച്ചേല്ലി പ്രസ്താവിച്ചു. റോമിലുള്ള വിശുദ്ധ ഈഗ്നേഷ്യസിന്‍റെ ദേവാലയത്തില്‍ ഏപ്രില്‍ 20-ാം തിയതി നടന്ന അന്തിമോപചാര ശുശ്രൂയിലാണ് ആര്‍ച്ചുബിഷപ്പ് ചേല്ലി ഇപ്രാകാരം അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ആശയവിനിമയത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെ അംഗമെന്ന നിലയില്‍ സഭയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും രൂപീകരിക്കുന്നതില്‍ എന്നും നവമായ ആശയങ്ങളുമായി സഹായത്തിനെത്തിയ ഫാദര്‍ സ്രാമ്പിക്കല്‍ പ്രകാശത്തോടൊപ്പം, ആശയവിനിമയ ലോകത്ത് ഊഷ്മളതയും ഓജസ്സും വര്‍ണ്ണപ്പൊലിമയും പകര്‍ന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി പ്രസ്താവിച്ചു.
തന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായും സഭാ സേവനത്തില്‍ വിനിമയലോകത്ത് നിസ്വാര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് കത്തിയൊടുങ്ങിയ ക്രിസ്തുവെളിച്ചമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ചേല്ലി ആദരാഞ്ജലി സംഗ്രഹിച്ചത്.

ഫാദര്‍ സ്രാമ്പിക്കിലിന്‍റെ നിര്യാണം ഭാരത സഭയ്ക്ക് തീരാനഷ്ടമാണെന്ന്, സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി സന്ദേശത്തിലൂടെ അറിയിച്ചു. ഏപ്രില്‍ 20-ന് രാവിലെ റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ നടത്തപ്പെട്ട ഫാദര്‍ ജേക്കബ് സ്രാമ്പിക്കലിന്‍റെ അന്തിമോപചാര ശുശ്രൂഷാമദ്ധ്യേ വായിച്ച അനുശോചന സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇപ്രകാരം പ്രസ്താവിച്ചത്.
ശബയുടെ ആശയവിനിമയ രംഗത്ത്, ഭാരതത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം നിറഞ്ഞുനിന്ന പ്രതിഭയാണ് ഫാദര്‍ സ്രാമ്പിക്കലെന്ന് ഏറണാകുളും അങ്കമാലി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി വിശേഷിപ്പിച്ചു. റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ആശയവിനിമയ ശാസ്ത്രവിഭാഗം പ്രഫസറായി ജോലിചെയ്യുകായിരുന്ന ഈശോ സഭാ വൈദികനായ ഫാദര്‍ സ്രാമ്പിക്കല്‍. വിശുദ്ധവാര ശുശ്രൂഷയ്ക്കായി ഓസ്ട്രിയായിലെത്തിയ ഫാദര്‍ സ്രാമ്പിക്കല്‍ മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 14-ാന് വിയെന്നായിലെ ആശുപത്രിയില്‍വച്ചാണ് മരണമടഞ്ഞത്. റോമിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേയുള്ള അന്തിമോപചാര ശുശ്രൂഷയില്‍ ഭാരതസഭയുടെ ആശയവിനിമയ ശാസ്ത്രഗുരുവിന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു.








All the contents on this site are copyrighted ©.