2012-04-18 17:47:27

ബവേറിയ തന്‍റെ ആത്മീയ വളര്‍ച്ചയുടെ മണ്ണാണെന്ന്
ബനഡിക്ട‍് 16-ാമന്‍ പാപ്പ


18 ഏപ്രില്‍ 2012, വത്തിക്കാന്‍
ബവേറിയ തന്‍റെ ആത്മീയതയുടെയും വളര്‍ച്ചയുടെയും മണ്ണാണെന്ന് ബനഡിക്ട‍് 16-ാമന്‍ പാപ്പ പങ്കുവച്ചു. ജന്മനാട്ടില്‍നിന്നുമെത്തിയ പ്രതിനിധി സംഘത്തെ തന്‍റെ 85-ാം പിറന്നാളില്‍ വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പ. ബവേറിയായുടെ പ്രസിഡന്‍റ് ഹോര്‍സ് സീഹോഫറിന്‍റെയും, സ്ഥലത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാക്സിന്‍റേയും നേതൃത്വത്തിലുള്ള സംഘമാണ് പാപ്പായ്ക്ക് ജന്മദിനാശംസകളുമായി ഏപ്രില്‍ 16-ാം തിയിതി രാവിലെ വത്തിക്കാനിലെത്തിയത്.

ബവേറിയായുടെ മതാത്മകവും സാംസ്ക്കാരികവുമായ അന്തരീക്ഷമാണ് തന്നെ വളര്‍ത്തിയതെന്ന് പാപ്പ സന്തോഷത്തോടെ അനുസ്മരിച്ചു.
ബവേറിയന്‍ സംഘം ആലപിച്ച ജര്‍മ്മന്‍ ഈണം
ഹാര്‍പ്പുവായിക്കുന്ന തന്‍റെ പിതാവ്, ജോസഫ് റാത്സിങ്കറുടെ
സ്നേഹ സ്മരണകളുയര്‍ത്തുന്നുവെന്നും പാപ്പാ പങ്കുവച്ചു.
1927-ല്‍ ജോസഫ്-മരിയ റാത്സിങ്കര്‍ ദമ്പതികളുടെ മൂന്നാമത്തെ പുത്രനായിട്ടാണ് ജോസഫ് റാത്സിങ്കര്‍ ജനിച്ചത്. വൈദികനായ മൂത്തസഹോദരന്‍ ജോര്‍ജ്ജ് ജര്‍മ്മനിയില്‍ പ്രവര്‍ത്തിക്കുന്നു. ഏകസഹോദരി മരീയ 1991-ല്‍ അന്തരിച്ചു.









All the contents on this site are copyrighted ©.