2012-04-13 18:19:36

മാലിയുടെ
അരക്ഷിതാവസ്ഥ


13 ഏപ്രില്‍ 2012, ബമാക്കോ
പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ രൂക്ഷമായി.
ഏപ്രില്‍ 9-ാം തിയതി മാലി റിപ്പബ്ളിക്കിന്‍റെ തലസ്ഥാനമായ ബമാക്കോയില്‍ അരങ്ങേറിയ മിലിട്ടറി അട്ടിമറിയും, അവര്‍ പ്രസിഡന്‍റിന്‍റെ മന്ദിരത്തിനുനേരെ നടത്തിയ ആക്രമണത്തോടെയുമാണ് രാഷ്ട്രീയ സ്ഥിതിഗതികള്‍ മോശമായതെന്ന്, വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.

മിലിട്ടറി അട്ടിമറിയെ തുടര്‍ന്ന് പ്രസിഡന്‍റ് അമാഡു തുമാനി തൂര്‍ സ്ഥാനമൊഴിയുകയുണ്ടായി. അതോടൊപ്പം മാലിയുടെ വടക്കന്‍ പ്രവിശ്യയെ വംശീയ വിമതസഖ്യം കയ്യടക്കിയതും അത് സ്വതന്ത്രമേഖലയായി അവര്‍ പ്രഖ്യാപിച്ചതും രാഷ്ട്രീയ അരക്ഷിതാവസ്ഥ മാലിയില്‍ വളര്‍ത്തിയിട്ടുണ്ട്.
ഭരണഘടനയനുസരിച്ച് പ്രസിഡന്‍റ് തുമാനി തൂറിന്‍റെ കാലപരിധി തീര്‍ന്നതിനാല്‍, പുതിയ പ്രസിഡന്‍റിനായുള്ള തിരഞ്ഞെടുപ്പു നടപിടികള്‍ നടക്കവേയാണ് മാലിയില്‍ അഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത്.
ഈസ്റ്റര്‍ദിന സന്ദേശത്തില്‍ മാലിയുടെ സുസ്ഥിതിക്കും സമാധാനത്തിനുമായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജനങ്ങളോടും രാഷ്ട്രീയ നേതാക്കളോടും അഭ്യര്‍ത്ഥിക്കുകയും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.








All the contents on this site are copyrighted ©.