2012-04-05 10:08:01

പാപ്പായുടെ
വിശുദ്ധവാര പരിപാടികള്‍


4 ഏപ്രില്‍ 2012, വത്തിക്കാന്‍
വത്തിക്കാനിലെ വിശുദ്ധവാര പരിപാടികള്‍ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും
ഏപ്രില്‍ 5-ാം തിയതി പെസഹാ വ്യാഴാഴ്ച
ഇറ്റലിയിലെ സമയം രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ച് തൈലാശിര്‍വ്വാദ കര്‍മ്മവും, തുടര്‍ന്ന് പൗരോഹിത്യത്തിന്‍റെ കൂട്ടയ്മ പ്രഘോഷിക്കുന്ന ദിവ്യബലിയും മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും. പാപ്പ അദ്ധ്യക്ഷനായിരിക്കുന്ന റോമാ രൂപതയിലെ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും വിശ്വാസികളും ഈ തിരുക്കര്‍മ്മങ്ങളില്‍ പ്രത്യേകമായി പങ്കെടുക്കും.

പെസാഹാ വ്യാഴാഴ്ചയിലെ പ്രധാന ഇനമായ പാദക്ഷാളന കര്‍മ്മവും തിരുവത്താഴ പൂജയും അരങ്ങേറുന്നത് റോമാ രൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ്.
പ്രാദേശിക സമയം വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക്
നേതൃത്വംനല്കാന്‍ വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയുള്ള
ലാറ്ററന്‍ കുന്നിലേയ്ക്ക് പാപ്പ കാറില്‍ സഞ്ചരിക്കും.
ഏപ്രില്‍ 6-ാം തിയതി ദുഃഖവെള്ളി
വൈകുന്നേരം 5 മണിക്കായിരിക്കും പീഡാനുഭവ വചനശുശ്രൂഷ, വചനപ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണം എന്നീ ശുശ്രൂഷകള്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെടുന്നത്.

പ്രാദേശിക സമയം രാത്രി 9 മണിക്ക് കൊളോസിയത്തില്‍ മാര്‍പാപ്പ നയിക്കുന്ന കുരിശിന്‍റെവഴി ആരംഭിക്കം.
വിശുദ്ധവാരത്തില്‍ ഏറ്റവുമധികം ജനപങ്കാളിത്തമുള്ള പീഡാനുഭവയാത്രയുടെ ഈ വര്‍ഷത്തെ പ്രാര്‍ത്ഥകള്‍ കുടുംബജീവിതത്തെ ആധാരമാക്കി ഇറ്റലിക്കാരായ സാന്‍സൂക്കി ദമ്പതികള്‍ രചിച്ചതാണ് എന്ന പ്രത്യേകതയുമുണ്ട്.
ഏപ്രില്‍ 7-ാം തിയതി വലിയ ശനിയാഴ്ച രാത്രി 9 മണിക്ക് തുടങ്ങുന്ന
പെസഹാ ജാഗര ശുശ്രൂഷകള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പ നയിക്കും.
പുത്തന്‍ തീയുടെയും ജലത്തിന്‍റേയും ആശിര്‍വ്വാദം, പെസഹാ പ്രഘോഷണം, ജ്ഞാനസ്നാന വ്രതവാഗ്ദാനം എന്നിവ ഉള്‍പ്പെടുന്ന സാഘോഷമായ ദിവ്യബലിയാണ് ക്രിസ്തുവിന്‍റെ തിരുവുത്ഥാനം പ്രഘോഷിക്കുന്ന പെസഹാ ജാഗര ശുശ്രൂഷയിലെ മുഖ്യഇനങ്ങള്‍. ദിവ്യബലിമദ്ധ്യേ പാപ്പ വചനപ്രഘോഷണവും നടത്തും
ഏപ്രില്‍ 8-ാം തിയതി ഈസ്റ്റര്‍ ഞായറാഴ്ച
പ്രാദേശിക സമയം രാവിലെ 10-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്ക്കാലിക ബലിവേദിയില്‍ പാപ്പ ഈസ്റ്റര്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്യും.
തുടര്‍ന്ന് ‘ലോകത്തിനും റോമാ നഗരത്തിനുമായി,’ urbi et orbi എന്ന സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും നല്കപ്പെടും.
ലോകമാധ്യമ ശ്രദ്ധ ആകര്‍ക്കുന്നതും വിശുദ്ധ വാരാഘോഷങ്ങളുടെ ഉച്ചസ്ഥായിയുമായ പരിപാടിയാണ് പാപ്പായുടെ ഊര്‍ബി ഏത് ഓര്‍ബി സന്ദേശം. അതോടെ വിശുദ്ധവാര പരിപാടികള്‍ സമാപിക്കും.








All the contents on this site are copyrighted ©.