2012-03-27 22:10:36

ദൈവനിഷേധം ലോകത്തെ
വാസയോഗ്യമല്ലാതാക്കുമെന്ന് മാര്‍പാപ്പ


27 മാര്‍ച്ച് 2012, ക്യൂബ
ക്യൂബയുടെ മദ്ധ്യസ്ഥയായ കോബ്രയിലെ കന്യകാനാഥയുടെ അത്ഭുതകരമായ മാതൃസാന്നിദ്ധ്യത്തിന്‍റെ നാലാം ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് അപ്പസ്തോലക യാത്ര ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ ജൂബിലിവര്‍ഷം ബാഹ്യമായും ആന്തരികമായും നന്നായി ആഘോഷിക്കുവാന്‍ നിങ്ങള്‍ എടുത്തിട്ടുള്ള ത്യാഗങ്ങള്‍ വളരെ വലുതാണ്. ഈ നാടിന്‍റെ ഓരോ മുക്കിലും മൂലയിലും തിരുസ്വരുപം എത്തിയപ്പോള്‍ കന്യകാനാഥയെ സ്വീകരിക്കാനും വണങ്ങാനും നിങ്ങള്‍ കാണിച്ച വാത്സല്യത്തേയും ആവേശത്തേയുംകുറിച്ച് അറിഞ്ഞിട്ടുള്ളതാണ്. മംഗലവാര്‍ത്ത തിരുനാളിനോട് ചേര്‍ന്ന് ക്യൂബയിലെ
സഭ ഈ പ്രധാന സംഭവങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നതില്‍ പ്രത്യേക തിളക്കമുണ്ട്. കാരണം ദൈവപുത്രന്‍റെ മനുഷ്യാവതര രഹസ്യത്തില്‍ വളരെ കേന്ദ്രസ്ഥാനമാണ് മറിയം വഹിക്കുന്നത്. എന്താണ് ഈ രഹസ്യത്തിന്‍റെ അര്‍ത്ഥം?
ഈ രഹസ്യത്തിന് നമ്മുടെ സാധാരണ ജീവിതങ്ങളിലുള്ള പ്രസക്തി എന്താണ്?
ആദ്യമായി മനുഷ്യാവതരാം എന്താണെന്ന് പരിശോധിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലാണ് മറിയത്തോട് ദൈവദൂതന്‍ നല്കിയ മംഗലവാര്‍ത്തയെക്കുറിച്ച് വായിക്കുന്നത്. ലൂക്കാ, 1, 35. “പരിശുദ്ധാത്മാവ് നിന്നിലയേക്ക് ഇറങ്ങിവരും. അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും. നിന്നില്‍നിന്നും പിറക്കുന്നവന്‍ ദൈവപുത്രനെന്ന് വിളിക്കപ്പെടും.” മറിയത്തിലൂടെ ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും.
ഏശയാ പ്രവാചകന്‍റെ പ്രവചനം അങ്ങനെ പൂര്‍ത്തീകരിക്കപ്പെടുകയാണ്. (ഏശയാ 7, 14). “കന്യക ഗര്‍ഭംധരിച്ച് പുത്രനെ പ്രസവിക്കും.

ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നവന്‍ വിളിക്കപ്പെടും.” നമ്മോടൊത്തു വസിക്കുവാനും നമ്മുടെ മനുഷികത പങ്കവയ്ക്കുവാനും എത്തിയ മാംസംധരിച്ച വചനമായ ക്രിസ്തു സത്യമായും “ദൈവം നമ്മോടുകൂടെ”യാണ്. വചനം മാംസംധരിച്ച് നമ്മോടൊത്തു വസിച്ചു, യോഹന്നാന്‍ 1, 14, എന്നാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത്. മാംസംധരിച്ചു, എന്ന പ്രയോഗം നമ്മുടെ ഓരോരുത്തരുടേയും യഥാര്‍ത്ഥവും പച്ചയുമായ മനുഷ്യത്വത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ഈ ലോകം മനുഷ്യകുലത്തിന് വാസയോഗ്യമായൊരു ഭവനമാകണമെന്ന ഓരോ വ്യക്തിയുടേയും ഉള്ളിന്‍റെ ഉള്ളിലെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ടാണ്, ക്രിസുവില്‍ ദൈവം ലോകത്തിലേയ്ക്ക് വന്നത്.

ദൈവത്തെ നാം തള്ളിക്കളഞ്ഞാല്‍ ഈ ലോകം മനുഷ്യന് വാസയോഗ്യമല്ലാതായി തീരും. അങ്ങനെയാണ് ക്രിയാത്മകമായി പ്രത്യുത്തരിച്ചുകൊണ്ട് ദൈവ-മനുഷ്യ ബന്ധത്തിലെ സ്നേഹത്തോടു
സമ്മതം മൂളിക്കൊണട് ദൈവിക ഉടമ്പടിക്ക് ഇടംകൊടുക്കേണ്ട മനുഷ്യന്‍റേയും സൃഷ്ടിയുടേയും അടിസ്ഥാന വിളി ശിഥിലമാക്കപ്പെടുന്നത്.
ദൈവഹിതത്തോടുള്ള തന്‍റെ കലവറയില്ലാത്ത സമ്മതംകൊണ്ട് മറിയം വിശ്വാസസമൂഹത്തിന്‍റെ പ്രഥമ ഫലമായിത്തീര്‍ന്നു.

മനുഷ്യാതാരം യാഥാര്‍ത്ഥ്യമാകുവാന്‍ ദൈവം എപ്രകാരം ഒരു മനുഷ്യവ്യക്തിയുടെ സ്വാതന്ത്രമായ സമ്മതത്തില്‍ ആശ്രയിച്ചു എന്ന് മനസ്സിലാക്കുമ്പോള്‍, നാം ആശ്ചര്യത്തോടും നന്ദിയോടും സ്നേഹത്തോടുംകൂടെ മറിയത്തലേയ്ക്കാണ് നോക്കേണ്ടത്. കാലത്തികവില്‍ പിതാവിന്‍റെ നിത്യവചനം മനുഷ്യരൂപമെടുക്കുന്നത്, “ഇതാ കര്‍ത്താവിന്‍റെ ദാസി, അവിടുത്തെ തിരുഹിതംപോലെ എന്നില്‍ സംഭവിക്കട്ടെ,” എന്ന് മറിയം ദൈവദൂതനോട് സമ്മതം മൂളുമ്പോള്‍ മാത്രമാണ്. ദൈവം എപ്രകാരം മനുഷ്യസ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്നും, അവിടുന്ന് അത് ആവശ്യപ്പെടുന്നു എന്നമാണ്, മംഗലവാര്‍ത്താ മഹോത്സവം പഠിപ്പിക്കുന്നത്.
അങ്ങനെ ദൈവപുത്രന്‍റെ ഈ ഭൂമിയിലെ ജീവതം ഇരട്ട സമ്മതത്തിലൂടെ – മറിയത്തിന്‍റേയും ക്രിസ്തുവിന്‍റേയും സമ്മതത്തിലൂടെ –
തെളിഞ്ഞു നില്ക്കുകയും യാഥാര്‍ത്ഥ്യമാക്കപ്പെടകുയം ചെയ്യുന്നു.
സത്യത്തിലേയ്ക്കും രക്ഷയിലേയ്ക്കുമുള്ള കവാടം ലോകത്തിന്
തുറന്നു കിട്ടുന്നത് ദൈവഹിതത്തോടുള്ള ഈ വിധേയത്വംവഴിയാണ്.
തന്‍റെ അനന്ത സ്നേഹത്തിന്‍റെ ഫലമായിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുകയാണ് അസ്തിത്വത്തിന്‍റെ സത്തയും സത്യവും കണ്ടെത്താനുള്ള ഏകമാര്‍ഗ്ഗം. ദൈവത്തില്‍നിന്നും അകന്നു ജീവിച്ചാല്‍ ജീവിതങ്ങള്‍ വ്യര്‍ത്ഥവും ശൂന്യവുമായിത്തീരും. വിശ്വാസത്തിലുള്ള വിധേയത്വം നമ്മെ യഥാര്‍ത്ഥ സ്വാതന്ത്യത്തിലേയ്ക്കും, രക്ഷയിലേയ്ക്കും നയിക്കും. ഈ വിധേയത്വമാണ് പിതാവിന്‍റെ ഹിതത്തോട് സാരൂപ്യപ്പെടുത്തുന്ന ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നമ്മെ പങ്കുകാരാക്കുന്നത്. മനുഷ്യമനസ്സുകളെ ദൈവഹിതത്തോട് പൂര്‍ണ്ണമായും ഐക്യപ്പെടുത്തുന്ന പ്രകൃയയ്ക്കാണ് രക്ഷയെന്നു പറയുന്നത് (lection divina with the parish priest of Rome, 18 February 2010).

പ്രിയ സഹോദരങ്ങളേ, ദൈവം അരുള്‍ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതിയാണ്, (ലൂക്കാ 1, 45) എന്ന് എലിസബത്തിനോടൊപ്പം ഏറ്റുപറഞ്ഞുകൊണ്ട് ഇന്നു നമുക്ക് മറിയത്തിന്‍റെ വിശ്വാസത്തെ പ്രകീര്‍ത്തിക്കാം. വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിക്കുന്നതുപോലെ, തന്‍റെ ഉദരത്തില്‍ ക്രിസ്തുവിനെ സംവഹിക്കുന്നതിനു മുന്നേതന്നെ, മറിയം അവിടുത്തെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെന്നും, അങ്ങനെ, വിശ്വസിച്ച കാര്യങ്ങള്‍
അവളില്‍ നിവര്‍ത്തിതമാവുകയും ചെയ്തു. (Sermo 215, 4PL 38, 1074).

നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തി, അതിനെ സ്നേഹത്തില്‍ സജീവവും ഫലവത്തും ആക്കണമേ, എന്നു നമുക്ക് ദൈവത്തോടു പ്രാര്‍ത്ഥിക്കാം. മറിയത്തെപ്പോലെ വചനം ഹൃദയത്തില്‍ വഹിച്ചുകൊണ്ട്, വിധേയത്വത്തോടും സ്ഥിരതയോടുംകൂടെ അത് ജീവിക്കാനുള്ള വരംതരണമേ, എന്നും നമുക്കിന്നു പ്രാര്‍ത്ഥിക്കാം. ക്രിസ്തു രഹസ്യത്തിലുള്ള തന്‍റെ അന്യൂനമായ പങ്കാളിത്തംവഴിയാണ്, മറിയം സഭയുടെ പരമോന്നത മാതൃകയാകുന്നത്. സഭ, പരിശുദ്ധ കന്യകാ മറിയത്തെപ്പോലെ ക്രിസ്തുരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ജീവിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു.
ദൈവം മനുഷ്യകുലത്തെ ആശ്ലേഷിക്കുന്നതും അഭിമുഖീകരിക്കുന്നതുമായ വേദിയാണ്
സഭ. ഇത് സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതിന് ഇവിടത്തെ ക്രൈസ്തവ സമൂഹം ബോധ്യത്തോടും ത്യാഗബുദ്ധിയോടുംകൂടെ അത്യദ്ധ്വാനംചെയ്യേണ്ടതാണ്.

സ്ഥലകാല സീമകള്‍ക്കതീതവും അഭൗമവുമായൊരു ലോകത്തേയ്ക്ക് മനുഷ്യകുലത്തെ നയിച്ചുകൊണ്ട്, ക്രിസ്തുവിന്‍റെ രക്ഷാകരസാന്നിദ്ധ്യം ഈ ഭൂമിയില്‍ തുടര്‍ന്നും യാഥാര്‍ത്ഥ്യമാക്കേണ്ട ഉത്തരവാദിത്തം സഭാമക്കളില്‍ നിക്ഷിപ്തമാണ്. നിങ്ങളുടെ ജീവിതങ്ങള്‍ ക്രിസ്തുവിനായി സമര്‍പ്പിച്ചുകൊണ്ട്, അവിടുത്തെ സുഹൃദ്ബന്ധത്തില്‍ വളര്‍ന്ന്, അവിടുത്തെ ജീവിതത്തിന്‍റെ മനോഹാരിതയും നന്മയും മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുവാന്‍ സാധിക്കുന്നത് ഒരിക്കലും പാഴായി പോകയില്ലെന്ന്
ഞാന്‍ ഉറപ്പുതരുന്നു. ദൈവവചനം ഈ ഭൂമിയില്‍ വിതച്ചുകൊണ്ട് ഏവര്‍ക്കും ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ രുചിയും സംതൃപ്തിയും പങ്കുവയ്ക്കാന്‍
നിങ്ങള്‍ക്ക് ഇടയാവട്ടെയെന്ന് ആശംസിക്കുന്നു.
ഈസ്റ്റര്‍ അടുത്തു വരികയാണ്. ക്രിസ്തുവിന്‍റെ കുരിശിനെ അനുഗമിച്ചുകൊണ്ട്, അവിടുത്തെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേരുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. പാപത്തിന്‍റെയും തിന്മയുടെയും ശക്തികളെ കീഴടക്കി, ഒരു നവലോകത്തിനും, ദൈവരാജ്യത്തിനും അതിന്‍റെ സത്യത്തിനും സന്തോഷത്തിനും പ്രകാശത്തിനും, വാതില്‍തുറന്ന ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ വിശ്വസിച്ചുകൊണ്ട്,
നമ്മുടെ അനുദിന ജീവിത കുരിശുകളെയും ക്ലേശങ്ങളെയും ക്ഷമയോടെ വഹിക്കാം.
നിങ്ങളുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണത്തെ ദൈവം ഒരിക്കലും കൈവെടിയുകയില്ല.
അത് ഫലമണിയുകതന്നെ ചെയ്യും.

മനുഷ്യാവതാര രഹസ്യത്തിലൂടെ ദൈവം നമ്മുടെ സമീപത്തെത്തുകയും,
നമ്മെ അന്യൂനമായ മനുഷ്യാന്തസ്സിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
ദൈവം തന്‍റെ അനന്തമായ സ്നേഹത്തില്‍ ആനാദി മുതലേ സംവിധാനംചെയ്ത വിവാഹത്തിന്‍റെ കെട്ടുറപ്പുള്ള കുടുംബങ്ങളെയാണ്, സമൂഹത്തിന്‍റെ അടിസ്ഥാന
ഘടകവും ഗാര്‍ഹിക സഭയും ആകുവാന്‍ വിളിച്ചിരിക്കുന്നത്.

പ്രിയ ഭാര്യ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ മക്കളോടൊപ്പം
ക്രിസ്തു-സ്നേഹത്തിന്‍റെ യഥാര്‍ത്ഥവും ദൃശ്യവുമായ സാക്ഷികളായി ജീവിക്കുവാന്‍ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. വിശ്വസ്തതയും ഐക്യവും, ജീവനോട് ആദരവുമുള്ള ജീവിതസാക്ഷൃമാണ് ഇന്ന് ക്യൂബയ്ക്ക് ആവശ്യമായിരിക്കുന്നത്.

കോബ്രയിലെ കന്യകാംബിക നിങ്ങളുടെ വിശ്വാസത്തന് നവോര്‍ജ്ജം പകരട്ടെ. നിങ്ങള്‍ അങ്ങനെ ദൈവിക നന്മ പ്രതിഫലിപ്പിക്കുന്ന നല്ല സമൂഹവും സംസ്കാരവുമായി വളര്‍ന്ന്, ക്രിസ്തുവില്‍, ക്രിസ്തുവിനുവേണ്ടി സമാധാനവും ക്ഷമയും പരസ്പരധാരണയും പങ്കുവയ്ക്കുന്നവരായി ജീവിക്കുവാനും വളരുവാനും ഇടയാവട്ടെ.








All the contents on this site are copyrighted ©.