2012-03-24 19:52:51

പ്രതിസന്ധികള്‍ക്ക് പ്രതിവിധി പ്രത്യാശയെന്ന്
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


24 മാര്‍ച്ച് 2012, മെക്സിക്കോ
മെക്സിക്കോയിലെ ലിയോണ്‍ ഗുവനഹാത്തോ അന്തര്‍ദേശിയ വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നടത്തിയ പ്രഥമ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
എല്‍ ബോഹോയിലെയും ഗുവനഹാത്തോയിലെയും ജനങ്ങളുടെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയ്ക്കും പരിശുദ്ധ സിംഹാസനത്തോടുള്ള സ്നേഹത്തിനും നന്ദിപറയുന്നു.
ദൈവം നിങ്ങളുടെകൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ. തന്‍റെ ചുറ്റുമുള്ളവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് ക്യൂബിലേത്തെ കുന്നിന്‍ മുകളില്‍ കുടികൊള്ളുന്ന ക്രിസ്തുരാജ സന്നിധിയിലുള്ള ഈ പ്രഥമ കൂടിക്കഴ്ച മെക്സിക്കന്‍ ജനതയുടെ ആഴമായ വിശ്വസ മൂല്യങ്ങള്‍ക്ക് സാക്ഷൃമേകുന്നു.

മെക്സിക്കോയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ ദിനങ്ങളില്‍ അവരുടെ രാഷ്ട്രീയ സ്വതന്ത്ര്യത്തിന്‍റെ 2-ാം ശതാബ്ദി ആഘോഷിക്കുകയാണല്ലോ. സ്വാതന്ത്ര്യത്തിന്‍റെ ഓര്‍മ്മകളുമായി ഗ്വാദലൂപ്പേയിലെ കന്യകാനാഥയുടെ തിരുനാളില്‍ വത്തിക്കാനില്‍വന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നിങ്ങള്‍ കൃതഞ്ജതാബലി അര്‍പ്പിക്കുയുണ്ടായി. ക്രിസ്തു എപ്രകാരം തന്‍റെ ജനത്തെ സ്നേഹിച്ചുവെന്നും, നമുക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ചുവെന്നും കന്യകാനാഥ സൗമ്യമായി ഇന്നും പഠിപ്പിക്കുന്നു. രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യലബ്ധിയില്‍ തന്‍റെ മക്കളുടെ വിശ്വാസം ബലപ്പെടുത്തിക്കൊണ്ടും നവമായ വെല്ലുവിളികളെ നേരിടാന്‍ കരുത്തേകിക്കൊണ്ടും കന്യകാനാഥ നമ്മെ എന്നും കാത്തുപാലിക്കുന്നു.

വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും സ്നേഹത്തിന്‍റേയും തീര്‍ത്ഥാടകനായിട്ടാണ് നിങ്ങളുടെമദ്ധ്യേ വത്തിരിക്കുന്നത്. കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, വചനം ശ്രവിച്ചും കൂദാശകള്‍ കൈക്കൊണ്ടും ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നതിനും നവീകരിക്കുവാനുമാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഓരോ മനുഷ്യനും ദൈവത്തിന്‍റെ സൃഷ്ടിയാണെന്നത് ഒരിക്കലും മറക്കാനാവാത്തതും അലംഘനീയവുമായ മനുഷ്യാന്തസ്സിന്‍റെ അടിസ്ഥാനമാണ്. സമാധാനപരമായും കൂട്ടായ്മയിലും ജീവിച്ചുകൊണ്ട്, സഹോദരങ്ങള്‍ക്ക് വിശ്വാസം പങ്കുവയ്ക്കുന്ന മിഷണറിമാരും സമൂഹത്തില്‍ നന്മയുടെ പുളിമാവുമായി തീരുവാനും ഇവിടത്തെ ക്രൈസ്തവ സമൂഹത്തിന് സാധിക്കണം. ദൈവം നല്കിയിരിക്കുന്ന മനുഷ്യാന്തസ്സ് അതിന്‍റെ പൂര്‍ണ്ണ അര്‍ത്ഥത്തിലും സമഗ്രതയിലും മാനിക്കപ്പെടേണ്ടത് അടിസ്ഥാന മനുഷ്യാവകാശമായ മതസ്വാതന്ത്ര്യത്തിലാണ്.

പ്രത്യാശയുടെ തീര്‍ത്ഥാടകനെന്ന നിലയില്‍ വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ ഞാന്‍ അത് ഇങ്ങനെ വിവരിക്കട്ടെ. 1 തെസ്സലോണിയര്‍ 4, 13.
സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍ മരിച്ചവരെപ്പറ്റി നിങ്ങള്‍ അറിവുള്ളവരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തു മരിക്കുകയും അനന്തരം ഉയിര്‍ക്കുകയും ചെയ്തു, എന്നും നാം വിശ്വസിക്കുന്നുണ്ട്. അതുപോലെതന്നെ ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവരേയും ദൈവം അവിടുത്തോടുകൂടെ ഉയിര്‍പ്പിക്കും. ദൈവത്തിലുള്ള ഈ വിശ്വാസം അവിടുത്തെ കാണുവാനും കൃപാവരം ആര്‍ജ്ജിക്കുവാനുമുള്ള കരുത്തുനല്കുന്നു. ഇതു നമ്മുടെ വിശ്വാസത്തിന് ആധാരമാണ്. പ്രത്യാശ ഇതിലാണ് അടങ്ങിയിരിക്കുന്നത്. അസംതൃപ്തവും മാറ്റാനാവത്തതും കീഴ്പ്പെടുത്താനാവാത്തതുമെന്ന് ചിന്തിക്കുന്ന പലേ സാമൂഹ്യ പ്രശ്നങ്ങളും സംഭവങ്ങളും പരിവര്‍ത്തനം ചെയ്യാന്‍ നമുക്കു സാധിക്കണം. ജീവിതത്തിന്‍റെ അര്‍ത്ഥവും ഭാവിയും കണ്ടെത്താനാവാത്തവര്‍ക്ക് പ്രത്യാശ പകരാന്‍ സാധിക്കണമെങ്കില്‍ വിശ്വാസത്തിന്‍റേയും പ്രത്യാശയുടേയും അവബോധം കൈവെടിയരുത്.

മനുഷ്യാസ്തിത്വത്തിന്‍റെ പ്രായോഗികത യാഥാര്‍ത്ഥ്യമാക്കപ്പെടുന്നത് പ്രത്യാശയിലാണ് (രക്ഷയുടെ പ്രത്യാശ spe salve 2). ഇന്ന് അതിന്‍റെ പ്രതിഫലനങ്ങള്‍ ദൃശ്യമാക്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന പ്രത്യാശയാണ് നമുക്ക് പുതിയ ആകാശവും പുതിയ ഭൂമിയും തുറന്നു തരുന്നത്. (വെളിപാട് 21, 1). പ്രത്യാശ ജനങ്ങളില്‍ വേരൂന്നുകയും പങ്കുവയ്ക്കപ്പെടുകയും, അത് സാക്ഷൃമായി പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ലോകത്തെ അന്ധമാക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന തിന്മയുടെ ഇരുട്ട് മാഞ്ഞുമറയും.

മനുഷ്യഹൃദയങ്ങളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ മാറ്റം വരുത്തിക്കൊണ്ട്, വളരെ പ്രായോഗികമായ സമര്‍പ്പണത്തോടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച്, ഒരു നവലോകം പടുത്തുയര്‍ത്തുവാന്‍ മെക്സിക്കോയിലെ ജനങ്ങളും ലാറ്റിനമേരിക്കന്‍ ജനതമുഴുവനും ദൈവത്തിലുള്ള വിശ്വസംവഴി പ്രത്യാശയില്‍ വളരാന്‍ ഇടയാവട്ടെ.
നന്മയില്‍ അധിഷ്ഠിതമായ ഒരു നവസമൂഹം, അല്ലെങ്കില്‍ നവലോകം വാര്‍ത്തെടുക്കുവാനും, സ്നേഹവും നീതിയും സുസ്ഥിരമാക്കുവാനും, അവയെങ്ങും വളര്‍ത്തുവാനും നിങ്ങള്‍ നിരന്തരമായി പരിശ്രമിക്കുക (Homily 12 December 2012 Rome).

പഴയതും പുതിയതുമായ സാമൂഹ്യ സംഘര്‍ഷങ്ങളാല്‍ വലയുന്ന ഈ നാടിനുവേണ്ടി ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ആതിഥ്യമര്യാദയുടെ മണ്ണാണിത്. നിങ്ങള്‍ ഏവരെയും എപ്പോഴും സ്വാഗതംചെയ്യുന്നു. അതിനിക്കിവിടെ അനുഭവവേദ്യമാകുന്നുണ്ട്. നിങ്ങളുടെ ഈ സാംസ്കാരിക സൗഭഗം കൂട്ടായ്മയുടെയും സമഗ്ര പുരോഗതിയുടെയും സമൂഹം വളര്‍ത്തിയെടുക്കാന്‍ സഹായിക്കട്ടെ.








All the contents on this site are copyrighted ©.