2012-03-24 18:57:06

ആകുലതയില്‍ സമാശ്വാസവുമായി
പാപ്പായുടെ മെക്സിക്കോ ക്യൂബ സന്ദര്‍ശനം


24 മാര്‍ച്ച് 2012, റോം
മാര്‍ച്ചു 23-ാം തിയതി തന്‍റെ അപ്പസ്തോലിക യാത്രയുടെ ആരംഭത്തില്‍
വിമാനത്തില്‍വച്ച് മാധ്യമപ്രവര്‍ത്തുകര്‍ക്കു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:
ഈ അപ്പസ്തോലിക യാത്രയില്‍ കൂടെആയിരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള
70 മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍, നന്ദി. മെക്സക്കോയിലേയ്ക്കും ക്യൂബയിലേയ്ക്കും എന്‍റെ മുന്നേ പോയിട്ടുള്ള വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചുവടുപിടിച്ചാണ് ഈ അപ്പസ്തോലിക യാത്ര. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സ്മരണയില്‍ gaudium et spes, et luctus angina…സന്തോഷത്തോടും പ്രത്യാശയോടുകൂടെ, എന്നാല്‍ ലാറ്റിനമേരിക്കന്‍ ജനതയുടെ ആകുലതകളിലും ആശങ്കകളിലും പങ്കുചേരുവാനും, ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് നിലവിലുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടുവാനുമാണ് ഈ തീര്‍ത്ഥാടനം നടത്തുന്നത്.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിയുടെ 200-ാം വാര്‍ഷികമാണ്. മെക്സിക്കോയില്‍ മാത്രം എണ്‍പതു ശതമാനം കത്തോലിക്കരുണ്ട്. അവിടെ ഇന്നു നടമാടുന്ന മയക്കുമരുന്ന വിപണനത്തെക്കുറിച്ചും, അതുമായി ബന്ധപ്പെട്ട തിന്മകളെയുംകുറിച്ച് സഭ നന്നായി മാനസ്സിലാക്കുന്നുണ്ട്. നിത്യന്യായാധിപനായ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഈ സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാന്‍ യുവാക്കളെ കരുപ്പിടിപ്പിക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കുണ്ട്. ദൈവത്തിലേയ്ക്കും ധാര്‍മ്മിക മൂല്യങ്ങളിലേയ്ക്കും സമൂഹത്തെ തിരികെക്കൊണ്ടുവരാനും, മനുഷ്യമനസ്സാക്ഷിയെ നന്മയില്‍ രൂപപ്പെടുത്തുവാനും സഭ തുടര്‍ന്നും അടിപതറാതെ പരിശ്രമിക്കും. സാമൂഹ്യ സംഘര്‍ഷങ്ങളുടെ നാടാണ് ഇന്നു ലാറ്റിന്‍ അമേരിക്കയെന്നതു സത്യമാണ്. വിമോചന ദൈവശാസ്ത്രത്തിന്‍റെ ഈറ്റില്ലമാണത്. എന്നാല്‍, സാമൂഹ്യചിന്താധാരയും പ്രവര്‍ത്തിയും തമ്മില്‍ നിലനില്ക്കുന്ന പ്രകടമായ വൈരുധ്യം schiznophrenia ആ നാടിന്‍റെ വിരോധാഭാസം തന്നെയാണ്. കത്തോലിക്കാ വിശ്വാസികളും സുവിശേഷമൂല്യങ്ങള്‍ അറിയുന്നവരും സമൂഹജീവിതത്തിന്‍റെ തട്ടില്‍ മറ്റൊരു മാനദണ്ഡം സ്വീകരിക്കുന്ന ഇരട്ടത്താപ്പു നയം സമൂഹത്തിന് ശാപംതന്നെയാണ്. വിശ്വസത്തിന്‍റെ വെളിച്ചത്തില്‍ യുക്തിയെയും അതിന്‍റെ ചെയ്തികളെയും സുവ്യക്തമായി കാണേണ്ടതാണ്. ഒന്ന് മറ്റൊന്നിനെയോ, പരസ്പരമോ അന്ധമാക്കുകയല്ല, മറിച്ച് പൊതുധാര്‍മമികതയും വിശ്വാസമൂല്യങ്ങളും ഒരുമിച്ച് നന്മയ്ക്കുവേണ്ടി നിലനില്ക്കേണ്ടതാണ്.

ലോകത്തോട് ക്യൂബ തുറവുകാണിക്കണമെന്നും, ലോകം ക്യൂബയെ ആശ്ലേഷിക്കണമെന്നതും എന്‍റെ മുന്‍ഗാമി, വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ദര്‍ശനമാണ്. അതിന്‍റെ ചുവടുപിടിച്ചാണ് ക്യൂബയുടെ മദ്ധ്യസ്ഥയായ കേബ്രയിലെ കന്യാകാനാഥയുടെ സന്നിധിയിലേയ്ക്ക് ഈ തീര്‍ത്ഥാടനം നടത്തുന്നത്. ഇത്രയും നാള്‍ മാര്‍ക്സിസ്റ്റ് ചിന്താധാരയില്‍ കെട്ടുപിണഞ്ഞു കിടന്ന ക്യൂബന്‍ ജനത, ഇനിയും മനസ്സാക്ഷിയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും ശുദ്ധവായു ശ്വസിക്കേണ്ടതുണ്ട്.

നവസുവിശേഷവത്ക്കരണം രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ നാമ്പെടുത്ത സഭയുടെ നവീകരണ പദ്ധതിയാണ്. സുവിശേഷം നവമായി പ്രഘോഷിക്കപ്പെടണം എന്നതാണ് അതിന്‍റെ മുഖ്യലക്ഷൃം. ഭൗതികവാദവും നിരീശ്വരത്ത്വവും ലാറ്റിനമേരിക്കന്‍ നാടുകളുടെ മാത്രം പ്രശ്നമല്ല. ലോകം മുഴുവനും അതു വ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു പൊതുസാമൂഹ്യയുക്തിയില്‍ ഈ പ്രതിസന്ധികളെ കാണേണ്ടതാണ്. കാരണം ദൈവം മാനുഷികയുക്തിക്ക് വിരുദ്ധമല്ല, മറിച്ച് അവിടുന്ന് മാനുഷികയുക്തിയോട് പ്രതികരിക്കുന്നുണ്ട്, എന്നാണ് സത്യം. വിശ്വാസവും യുക്തിയും വിരുദ്ധമല്ല. ഹൃദയത്തിലുയരുന്ന വിശ്വാസവും ഭക്തിയും മനുഷ്യ മനസ്സിനേയും ദ്യോതിപ്പിക്കേണ്ടതാണ്. ലാറ്റിനമേരിക്കന്‍ നാടുകളുടെ മദ്ധ്യസ്ഥയായ ഗ്വാദലൂപ്പിലെ അമ്മയുടെ മാദ്ധ്യസ്ഥ്യം യാചിക്കാം. മാനുഷിക യുക്തിക്കതീതമായ ദൈവവിശ്വാസത്തിന്‍റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കന്യകാനാഥ സഹായിക്കട്ടെ. ഹൃദയവും മനസ്സും കോര്‍ത്തിണക്കി സമഗ്രമാനവികതയില്‍ നവസുവിശേഷവത്ക്കരണത്തിന്‍റെ പാതയില്‍ വളരാന്‍ സുവിശേഷത്തിന്‍റെ അമ്മ ഏവരെയും തുണയ്ക്കട്ടെ.








All the contents on this site are copyrighted ©.