2012-03-23 16:54:10

സുവിശേഷപരിചന്തനം
25 മാര്‍ച്ച് 2012
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 11-18 നല്ലിടയന്‍ ക്രിസ്തു
RealAudioMP3
കരങ്ങളില്‍ ആട്ടിന്‍കുട്ടിയെ ഓമനിച്ചു നില്ക്കുന്ന ക്രിസ്തുവിന്‍റെ ചിത്രം വിഖ്യാതവും ഹൃദ്യവുമാണ്. ആയിരമുള്ള ആട്ടിന്‍ പറ്റത്തില്‍നിന്ന് ഒരാട്ടിന്‍ കുട്ടിയെ ആശിര്‍വ്വദിച്ചുയര്‍ത്തി, നെഞ്ചോടു ചേര്‍ത്തണച്ചു നില്ക്കുന്ന ക്രിസ്തുവിന്‍റെ ചിത്രം കുട്ടികളെ കാണിച്ചിട്ടു സണ്‍ഡേ സ്ക്കൂള്‍ സാര്‍ പറഞ്ഞു.
“ഇതാണ്, മക്കളേ, സുകൃതം ചെയ്ത ആട്ടില്‍ കുഞ്ഞ്.
നല്ല കുട്ടികളെല്ലാം കര്‍ത്താവ് ഇതുപോലെ നെഞ്ചോടു ചേര്‍ത്തുപിടിക്കും.”

ക്രിസ്തുവിന്‍റെ നെഞ്ചില്‍നിന്നും പുറത്താണോ അകത്താണോ എന്ന ചിന്ത അന്നുമുതലേ എന്നെ വ്യഗ്രതപ്പെടുത്തിയിട്ടുണ്ട്. എല്ലാ പരീക്ഷയ്ക്കും കൈനിറയെ മാര്‍ക്കു വാങ്ങുന്നവരായിരിക്കാം ക്രിസ്തുവിന്‍റെ നെഞ്ചില്‍ ഇടം കണ്ടെത്തുന്നതെന്നും വിചാരിച്ചിട്ടുണ്ട്.

പിന്നെയും നാളുകള്‍ കഴിഞ്ഞാണ് മുടന്തനായ ആട്ടിന്‍ കുട്ടിയുടെ കഥ കേട്ടത്.
പണട് ജരൂസലേം ദേവാലയത്തില്‍ ബലിക്കു കൊണ്ടുവന്നിരുന്ന എല്ലാ വസ്തുക്കളെയും ആടുമാടുകളെയും പുരോഹിതന്മാര്‍ പരിശോധിച്ചിരുന്നു. ഒരു പരിശോധനാ വിഭാഗം തന്നെ ദേവാലയത്തില്‍ ഉണ്ടായിരുന്നത്രേ. കൊണ്ടുവന്നിരിക്കുന്ന ആട്ടിന്‍ കുട്ടിയുടെ രോമം കത്രിച്ചിട്ടുണ്ടെങ്കില്‍, അരിപ്രാവിന്‍റെ തൂവല്‍ പറിച്ചിട്ടുണ്ടെങ്കില്‍ അവയെ ബലിക്ക് അയോഗ്യമായി പ്രഖ്യാപിച്ചിരുന്നു. അതുപോലെതന്നെ ദളം കൊഴിഞ്ഞ പൂക്കളേയും പുഴുക്കുത്തേറ്റ ഫലങ്ങളേയും പുരോഹിതന്മാര്‍ ബലിവസ്തുക്കളില്‍നിന്നും ഒഴിവാക്കിയിരുന്നു. പൂര്‍ണ്ണതയുള്ളവ മാത്രമേ ദൈവത്തിന് സ്വീകാര്യമാകൂ എന്ന ശാഠ്യത്തില്‍ നിന്നായിരുന്നു ഇത്തരം അനുഷ്ഠാനങ്ങള്‍ കടന്നുകൂടിയത്. പിന്നെ ദേവാലയത്തില്‍ അവയുടെ കച്ചവടവും അവര്‍ ആരംഭിച്ചു.

ജന്മനാ മുടന്തനായ ഒരാട്ടിന്‍കുട്ടി ഉണ്ടായിരുന്നു. കൂട്ടുകാര്‍ അവനെ അവഗണിച്ചു. കൂട്ടത്തോടൊപ്പം ഒരിക്കലും ഓടിയെത്താത്ത അവനെ ഇടയന്‍ ശകാരിക്കുകയും നിന്ദിക്കുകയും, ചിലപ്പോള്‍ തൊഴിക്കുകയും ചെയ്തിരുന്നു. അധരങ്ങളില്‍ മൂളിപ്പാട്ടുമായെത്തുന്ന ഗ്രാമീണ പെണ്‍കിടാങ്ങളും അവനെ മാത്രം ഓമനിച്ചുയര്‍ത്തിയില്ല. അവന്‍റെ ഒടുവിലത്തെ ആശ്രയം ദൈവമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ള അകലെ അകലെയുള്ള ഹൃദയാകാശം.
അങ്ങനെയാണവന്‍ ബലിയാടുകളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടത് ഒപ്പം ചേര്‍ന്നത്. അവനെ ദേവാലയത്തില്‍ കൊണ്ടു ചെന്നെങ്കിലും പുരോഹിതന്മാര്‍ പരിശോധിച്ചിട്ട്,
“വൈകല്യമുള്ളവന്‍ ബലിക്കു യോഗ്യനല്ല,” എന്നു പറഞ്ഞു പുറംതള്ളി. അങ്ങനെ വൈകല്യമുള്ളവനെ ദൈവത്തിനും വേണ്ടായി!

അശരണനായി, “അമ്മേ, അമ്മേ” എന്നു നിലവിളിച്ച് അവന്‍ ദേവാലയ പടവുകള്‍ ഇറങ്ങുമ്പോള്‍ എതിരെ വന്നവന്‍ ക്രിസ്തുവായിരുന്നു. ക്രിസ്തു ആ മുടന്തന്‍ കുഞ്ഞാടിനെ എടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ച്, തോളിലേറ്റി, നടന്നകന്നു. സുകൃതങ്ങളുടെ ഇടനാഴികളില്‍ കാലിടറിയ മുടന്തനായ ആട്ടിന്‍കുട്ടിയെ തള്ളിക്കളയാതെ തോളിലേറ്റി നടന്ന ക്രിസ്തുവിന്‍റെ അധരങ്ങളില്‍ അപ്പോഴും സ്തോത്രഗീതമായിരുന്നു.

ഒരിക്കല്‍ ദേവാലയ ഭണ്ഡാരത്തിനരികെ ക്രിസ്തു ഇരിക്കുകയായിരുന്നു.
ഭക്തന്മാര്‍ ചൊരിഞ്ഞ രത്നങ്ങള്‍ക്കും വജ്രങ്ങള്‍ക്കുംശേഷം
തന്‍റെ കൈവശമുള്ള ചെമ്പുതുട്ട് “ആരും കാണരുതേ,”
എന്ന പ്രാര്‍ത്ഥനയോടെ നിക്ഷേപിക്കുന്ന പാവം വിധവയേയും ഏവര്‍ക്കും ചൂണ്ടിക്കാണിച്ചു കൊടുത്തത് ക്രിസ്തുവാണ്. എല്ലാ കാലങ്ങളിലും ഈ ചെമ്പുതുട്ട് ഓര്‍പ്പിക്കുന്നത് ക്രിസ്തുവിന്‍റെ കനിവിന്‍റെ ആര്‍ദ്രമായ മൊഴിയാണ്.

വലിയ മനുഷ്യര്‍ നന്മയുടേയും സ്നേഹത്തിന്‍റേയും വിശുദ്ധിയുടേയുമൊക്കെ രത്നങ്ങള്‍ വാരിക്കോരി അര്‍പ്പിക്കുന്ന ഭണ്ഡാരത്തിനരികെ നില്ക്കുമ്പോള്‍ “എന്‍റെ കൈവശമുള്ളത്, ദൈവമേ ജീവിതംപോലെതന്നെ ക്ലാവുപിടിച്ച ചെമ്പുതുട്ടാണ്, ചില്ലിക്കാശാണ്, ദൈവമേ,” എന്ന് എളിമയോടെ സ്വയം ഓര്‍ക്കണം. ക്രിസ്തു ഈ ചില്ലിക്കാശിനെ പരിഹസിക്കുന്നില്ല - എന്നതാണ് സദ്വാര്‍ത്ത.

നമ്മുടെ ബലഹീനതകളെ ദൈവം സ്വീകരിക്കുന്നുണ്ട്. പുരുഷാരങ്ങള്‍ക്കു വിശന്ന സന്ധ്യയില്‍ ക്രിസ്തു ചോദിക്കുന്ന ചോദ്യം ആത്മീയതയില്‍ ഒരുവനെ വല്ലാതെ വിറങ്ങലിപ്പിക്കുന്ന ഒന്നാണ്. “നിന്‍റെ കൈവശമെന്തുണ്ട്?”

“ഗുരോ, കുറെ അപ്പക്കഷണങ്ങള്‍ മാത്രം.
അഞ്ചപ്പവും രണ്ടു ചെറുമീനുകളും മാത്രം.”

നന്മയുടെയും സ്നേഹത്തിന്‍റേയും വിശുദ്ധിയുടേയും കുറെ അപ്പക്കഷണങ്ങളില്‍നിന്നുമാണ്, fragments-ല്‍നിന്നുമാണ് വലിയ വിരുന്നുകളുടെ ഉത്സവങ്ങള്‍ ക്രിസ്തു ഒരുക്കിയത് എന്നോര്‍ക്കണം.

തനിക്കുള്ളത് നല്കിക്കൊണ്ട് തുറന്ന കരങ്ങളുമായി നിന്ന, പഴയ അത്ഭുത കഥയിലെ ബാലനെ അനുഗ്രഹിച്ചതുപോലെ, ക്രിസ്തു നമ്മുടെ ബലഹീനതയെ സ്വീകരിച്ച് സമൃദ്ധമാക്കുകതന്നെ ചെയ്യും.
......................
നാടോടികളായ ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി എന്നും യാത്രയിലായിരിക്കും. രാത്രികാലങ്ങളില്‍ ഇടയന്‍ ആടുകളെ ഏതെങ്കിലും ഗുഹയിലാക്കുന്നു. പാതിരാവില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളില്‍നിന്നും കള്ളന്മാരില്‍നിന്നുമെല്ലാം സംരക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം ഗുഹയുടെ സുരക്ഷയാണ്. ആടുകളെ ഗുഹയില്‍ ആക്കിയിട്ട് ഇടയന്‍ വാതില്ക്കല്‍ കാവലിരിക്കും അല്ലെങ്കില്‍ അവിടെ കിടന്നുറങ്ങും. ഗുഹാമുഖം അടയ്ക്കുവാന്‍ സാദ്ധ്യമല്ലല്ലോ.

ഗുഹാമുഖത്ത് കുറുകെ കിടക്കുന്ന ഇടയന്‍റെ നെഞ്ചില്‍ ചവിട്ടിവേണം പിന്നെ ഒരാടിന് പുറത്തേയ്ക്കോ അകത്തേയ്ക്കോ കടക്കുവാന്‍. കള്ളനോ കുറുനരിക്കോ അകത്തു കടക്കണമെങ്കിലും ഇടയനറിയാതെ തരമില്ല. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്,
“ഞാന്‍ ആടുകളുടെ വാതിലാണ്.” ഈ വാക്കുകള്‍ കേട്ട കേള്‍വിക്കാരുടെ മിഴികള്‍ സജലമാകാതിരിക്കുമോ?
“ഞാനാകുന്നു ഇടയന്‍, ഞാനാകുന്നു വാതില്‍,”
എന്ന ചിന്ത ഒരസാധാരണ സംരക്ഷണത്തിന്‍റെയും സഹിക്കുന്ന സ്നേഹത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ്. അഹിതമായതെന്തെങ്കിലും നമ്മുടെ ജീവിതത്തില്‍‍ സംഭവിക്കുമ്പോള്‍, ഓര്‍ക്കുക - വാതില്‍, ഇടയന്‍ അറിയാതിരിക്കില്ല, ഉറപ്പാണ്. പരിഹാരമോ പ്രതിരോധമോ ഇല്ലാത്ത ദുരന്തങ്ങള്‍ എന്‍റെ ഉമ്മറത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ അയാള്‍ക്ക് പരുക്കേല്‍ക്കും എന്നത് ഉറപ്പാണ്. ഇതാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്,
“ക്രിസ്തു അവിടുത്തെ ശരീരത്തില്‍ സഹിക്കുന്നുണ്ടെന്ന്” (കൊളോസ്സിയര്‍ 1, 24).

വാതില്‍ എത്ര ഹൃദ്യമായ സൂചനയാണ്. തുറന്നിട്ട വാതില്‍ എത്ര ഹൃദ്യമായ ദൃശ്യങ്ങളാണ് നമുക്കു തരുന്നത്. എന്നാല്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ നമ്മെ ഭാരപ്പെടുത്തുന്നു. നമ്മുടെ ഭവനത്തിന്‍റേയും ഹൃദയത്തിന്‍റേയും വാതിലുകള്‍ കൊട്ടിയടയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ഒരപകടസൂചനയാണ്. ആധുനിക നാഗരികതയുടെ രോഗാതുരതയാണ്
ഈ അടഞ്ഞ വാതിലുകള്‍. അകത്തു നിറഞ്ഞുനില്ക്കുന്ന സ്വാര്‍ത്ഥതയാണ് മറ്റൊരാളെ ഭയന്ന് വാതില്‍ അടയ്ക്കുവാന്‍‍ നമ്മെ പ്രേരിപ്പിക്കുന്നത്.
“തുറന്നിട്ട ഭവനങ്ങളില്‍ ദൈവം വസിക്കുന്നു. അടച്ചിട്ട ഭവനങ്ങളില്‍ ദൈവം വസിക്കുന്നില്ല,” വിരിച്ച കരങ്ങള്‍ പോലെയാണ് തുറന്ന വാതിലുകള്‍. ഇടയനും ആലയുടെ വാതിലും ക്രിസ്തുവാണ്. പരുക്കേറ്റിട്ടിട്ടും പ്രണയിക്കുന്നവന്‍ ക്രിസ്തുവാണ്. ജരൂസലേം ദേവാലയത്തില്‍വച്ച് ക്രിസ്തുവിനെ കുഞ്ഞുന്നാളിലേ ‘വൈരുദ്ധ്യങ്ങളുടെ അടയാള’മെന്ന് ശിമയോന്‍ പറഞ്ഞുവച്ചത് ഓര്‍ക്കണം.

ഒരാള്‍ വാതിലാണെന്നു പറയുമ്പോള്‍ സ്വന്തം ഉള്ളിലേയ്ക്കും ജീവിതത്തിലേയ്ക്കും അപരനെ ഒരിഞ്ചെങ്കിലും സ്വീകരിക്കുന്ന അവസ്ഥ അവിടെയുണ്ട്. സ്നേഹത്തിന്‍റേയും സഹനത്തിന്‍റേയും ആശയുടെയും പ്രത്യാശയുടെയും സാദ്ധ്യതകള്‍ അതിലുണ്ട്. ‘വാതിലാകുക’ എന്നാല്‍ അപരന്‍റെ ജീവിതോര്‍ജ്ജത്തിന് ത്വരകമായി മാറുകയാണ്. ചെറുതും വലുതുമായ വിധത്തില്‍ അപരന്‍റെ ജീവിതോര്‍ജ്ജത്തെ ത്വരിതപ്പെടുത്തുന്ന സകലരും ദൈവത്തിന്‍റെ വാതിലുകളാണ്.
വാതില്‍ തുറന്നാല്‍ അത് അഭയമാണ്. ഇടം തരുന്നു എന്നാണര്‍ത്ഥം. അവിടെ ആമനുഷ്യന് ഭീതി ഇല്ലാതാകുന്നു. അവന്‍റെ കുരുന്നു പ്രാണന് കൂട്ടായി മാറുകയാണ് തുറന്ന വാതില്‍. അങ്ങനെ ചെയ്യുന്നത് കരുത്തുകൊണ്ടോ കാശുകൊണ്ടോ അല്ല, മറിച്ച് – നിര്‍മ്മല സ്നേഹത്തിന്‍റെ മൂലധനം കൊണ്ടാണ്.

ക്രിസ്തുവാകുന്ന വാതിലിലൂടെ പ്രവേശിക്കുന്നവര്‍ സ്വയം ഇല്ലാതാകുന്നു ക്രിസ്തുവില്‍ ലയിക്കുന്നു. പൗലോസ് അപ്പോസ്തലന്‍ പറഞ്ഞില്ലേ, “ഞാനല്ല, എന്നില്‍ ക്രിസ്തുവാണ് ജീവിക്കുന്നത്,” എന്ന്. ജീവിതത്തിന്‍റെ എല്ലാ വാതിലും അടയുമ്പോള്‍, എല്ലാം അന്യമായും വ്യര്‍ത്ഥമായും തീരുമ്പോള്‍ ക്രിസ്തുവേ, ഞാന്‍ അങ്ങില്‍ അര്‍ത്ഥം കാണുന്നു, അങ്ങേ വാതിലില്‍ മുട്ടുന്നു, അങ്ങേ ആലയില്‍ അഭയം തേടുന്നു. അങ്ങാണ് എന്‍റെ ഇടയനും വാതിലും.










All the contents on this site are copyrighted ©.