2012-03-22 19:04:30

ബനഡിക്ട് പതിനാറാമന്‍ പാപ്പ
ലാറ്റിനമേരിക്കന്‍ നാടുകളിലേയ്ക്ക്


22 മാര്‍ച്ച് 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 23-ാമത് അന്തര്‍ദേശിയ അപ്പസ്തോലിക
യാത്ര മാര്‍ച്ച് 23-ാംതിയതി വെള്ളിയാഴ്ച ആരംഭിക്കുന്നു. മെക്സിക്കോ, ക്യൂബാ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കാണ് 6 ദിവസം നീണ്ടുനില്ക്കുന്ന പര്യടനം 84 വയസ്സുള്ള പാപ്പാ നടത്തുന്നത്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് വത്തിക്കാനില്‍നിന്നും
ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തില്‍ എത്തുന്ന പാപ്പ,
9.30-ന് അല്‍ ഇത്താലിയ ബോയിങ്ങ് 777 വിമാനത്തില്‍ യാത്രപുറപ്പെടും.
7 മണിക്കുറോളം പറക്കുന്ന പാപ്പ വൈകുന്നരം 4.30-ന് തന്‍റെ സന്ദര്‍ശനത്തിന്‍റെ ആദ്യവേദിയായ മെക്സിക്കോയിലെ ഗ്വാനഹാത്തോ കന്യകാനാഥയുടെ നാമത്തിലുള്ള വിമാനത്താവളത്തില്‍ ഇറങ്ങും. മെക്സിക്കോയുടെയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെ
200-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് പാപ്പ മാര്‍ച്ച് 24-ന് സമാധാന ചത്വരത്തിലുള്ള കൊട്ടാരത്തില്‍വച്ച് പ്രസിഡന്‍റ് ഫിലിപ്പേ കാല്‍ദെരോണ്‍ ഹിനോഹൊസ്സേയുമായി കൂടിക്കാഴ്ച നടത്തും. മെക്സിക്കോയിലെയും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും മെത്രാന്‍ സംഘത്തോടൊപ്പം അന്നു വൈകുന്നേരം പാപ്പാ സായാഹ്ന പ്രാര്‍ത്ഥനയിലും പങ്കെടുക്കും.
25-ാം തിയതി ഞായറാഴ്ച രാവിലെ സലാവോ മലയിലെ ക്രിസ്തുരാജ ശില്പത്തിന്‍റെ താഴ്വാരത്തുള്ള സ്വാതന്ത്യത്തിന്‍റെ ചത്വരത്തില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയാണ് ലാറ്റിനമേരിക്കന്‍ ജനതയുടെ പങ്കാളിത്തംകൊണട് ശ്രദ്ധേയമാകുവാന്‍ പോകുന്ന മെക്സിക്കോ സന്ദര്‍ശനത്തിലെ മുഖ്യ ഇനം.

മാര്‍ച്ച് 26-ാം തിയതി തിങ്കളാഴ്ച രാവിലെ 8 മണിക്ക് മെക്സിക്കോയില്‍നിന്ന് പുറപ്പെട്ട്,
9-മണിയോടെ ക്യൂബയിലെ സാന്തിയാഗോ വിമാനത്താവളത്തില്‍ ഇറങ്ങുന്നതോടെ
ബനഡിക്ട് 16-ാമന്‍ പാപ്പ തന്‍റെ അപ്പോസ്തലിക പര്യടനത്തിന്‍റെ രണ്ടാം ഘട്ടത്തിലേയ്ക്കു കടക്കും. അന്നുതന്നെ വൈകുന്നരം 5 മണിക്ക് സാന്തിയാഗോയിലെ വിപ്ളവത്തിന്‍റെ ചത്വരത്തില്‍ ക്യൂബയുടെ മദ്ധ്യസ്ഥയായ കോബ്രായിലെ കന്യകാനാഥയുടെ 4-ാം ശതാബ്ദി ആഘോഷിച്ചുകൊണ്ട് അര്‍പ്പിക്കുന്ന ദിവ്യബലിയാണ് ജനപങ്കാളിത്തംകൊണ്ട്
ശ്രദ്ധേയമാകുവാന്‍ പോകുന്ന ക്യൂബയിലെ അപ്പസ്തോലിക പര്യടനത്തിന്‍റെ മുഖ്യപരിപാടി.
ക്യൂബന്‍ പ്രസിഡന്‍റ് റാവുല്‍ കാസ്ട്രായുമായുള്ള കൂടിക്കാഴ്ച, കോബ്രയിലെ കന്യകാ നാഥയുടെ ബസിലിക്കാ സന്ദര്‍ശനം, ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച എന്നിവയും പാപ്പായുടെ ക്യൂബ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുന്നു.

28-ാം തിയതി ബുധനാഴ്ച ലാറ്റിനമേരിക്കന്‍ സമയം വൈകുന്നേരം 5 മണിക്ക് യാത്രതിരിക്കുന്ന മാര്‍പാപ്പ മാര്‍ച്ച് 29-ന് വ്യാഴാഴ്ച ഇറ്റലിയിലെ സമയം രാവിലെ 11-മണിക്ക് വത്തിക്കാനില്‍ തിരിച്ചെത്തും.








All the contents on this site are copyrighted ©.