2012-03-20 16:30:08

യഹൂദ സ്ക്കൂളിനു സമീപം വെടിവെയ്പ്പ് : വത്തിക്കാന്‍ നടുക്കം രേഖപ്പെടുത്തി


20 മാര്‍ച്ച് 2012, വത്തിക്കാന്‍
ഫ്രാന്‍സിലെ ടുളൂസ് നഗരത്തിലെ ഒരു സ്വകാര്യ യഹൂദ സ്കൂളിനു സമീപം ഒരു അജ്ഞാതന്‍റെ വെടിയേറ്റ് മൂന്നു കുട്ടികളും ഒരു യഹൂദ റബ്ബിയും കൊല്ലപ്പെട്ട സംഭവത്തില്‍ വത്തിക്കാന്‍ നടുക്കം രേഖപ്പെടുത്തി. പത്തൊന്‍പതാം തിയതി തിങ്കളാഴ്ച ടുളൂസിലെ ഒസാര്‍ ഹഠാരോ സ്‌കൂളിനു സമീപം നടന്ന ആക്രമണം നിന്ദ്യവും ലജ്ജാകരവുമാണെന്ന് വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി പ്രസ്താവിച്ചു. സാമാധാനപരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന യഹൂദ വിദ്യാലയ പരിസരത്ത് ആക്രമണം നടത്തിയതും വെടിവെയ്പ്പില്‍ നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതും ആക്രമണത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും യഹൂദ സമൂഹത്തോടും
ഫാ.ലൊംബാര്‍ദി അനുശോചനം രേഖപ്പെടുത്തി.

സംഭവ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസി, ദേശീയ ദുരന്തമെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്. ഘാതകനെ എത്രയും വേഗം കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ആക്രമണത്തെ രൂക്ഷമായി അപലപിച്ച ടുളൂസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് ലീ. ഗാള്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കു തന്‍റെ പ്രാര്‍ത്ഥന ഉറപ്പു നല്‍കുകയും ചെയ്തു. ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്കുവേണ്ടി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നിരവധിപേര്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.