2012-03-20 16:29:28

പരിസ്ഥിതി സംരക്ഷണ ദൗത്യം


20 മാര്‍ച്ച് 2012, കൊച്ചി
പരിസ്ഥിതി സംരക്ഷണത്തിനായി കത്തോലിക്കാസഭാംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. കെ.സി.ബി.സിയും മറ്റു വിദഗ്ദ സമിതികളും സംയുക്തമായി ആവിഷ്ക്കരിച്ച പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തന പദ്ധതിയുടേയും നയരേഖയുടേയും പ്രസിദ്ധീകരണത്തോടനുബന്ധിച്ചു മാര്‍ച്ച് ഇരുപതാം തിയതി പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിലാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ ആഹ്വാനം. പരിസ്ഥിതി സംരക്ഷണം പ്രാദേശികമായി മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും അതിനായി സന്നദ്ധസംഘടനകള്‍ മുന്നോട്ടു വരണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. യേശുക്രിസ്തുവും വിശുദ്ധരും നല്‍കിയ മാതൃക അനുകരിച്ചുകൊണ്ട്, പ്രപഞ്ചത്തെ ആദരവോടെ വീക്ഷിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതി ധ്യാനത്തിലൂടെ സ്രഷ്ടാവിലേക്കു തിരിയുന്ന പുതിയ ഒരു ആത്മീയത ഉടലെടുക്കണം.
പരിസ്ഥിതി സംരക്ഷണം സാമൂഹ്യ നീതിയുടെ ഭാഗമാണെന്നു പ്രസ്താവിച്ച മെത്രാന്‍ സമിതി ഭാവിതലമുറകളെക്കുറിച്ച് ചിന്തയില്ലാത്ത ഉപഭോഗസംസ്ക്കാരം അനീതിയും അധര്‍മ്മവുമാണെന്ന് മാര്‍പാപ്പമാര്‍ പ്രബോധിപ്പിക്കുന്നുണ്ടെന്നും വീശദീകരിച്ചു. സഭാ പിതാക്കന്‍മാരുടെ പ്രബോധനങ്ങള്‍ പ്രത്യേകിച്ച്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടേയും പ്രബോധനങ്ങള്‍ സവിശേഷ ശ്രദ്ധയോടെ പഠിക്കണമെന്നും മെത്രാന്‍സമിതി വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.